അനൂപ് ടോമി
സുൽത്താൻബത്തേരി: യൂറോപ്യൻ രാജ്യങ്ങളിൽ ജോലി വാഗ്ദാനംചെയ്ത് ട്രാവൽ ഏജൻസി നടത്തിയ തട്ടിപ്പിനിരയായ വയനാട് സ്വദേശി ജീവനൊടുക്കി. ബത്തേരി തൊടുവട്ടി സ്വദേശി മൂത്തേടത്ത് അനൂപ് ടോമിയാണ് ഡിസംബർ 27-ന് എറണാകുളത്തുവെച്ച് ആത്മഹത്യചെയ്തത്. തളിപ്പറമ്പ് ചിറവക്കിലെ സ്റ്റാർ ഹൈറ്റ്സ് കൺസൾട്ടൻസി എന്ന ട്രാവൽ ഏജൻസിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം. തട്ടിപ്പിനിരയായ കണ്ണൂർ സ്വദേശിയായ മറ്റൊരു യുവാവ് ഒന്നരമാസംമുമ്പ് ട്രാവൽ ഏജൻസിക്കെതിരേ നൽകിയ പരാതി പോലീസ് അവഗണിച്ചെന്നും ആരോപണമുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നൂറോളംപേർ ഏജൻസിയുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് വിവരം. ഉദ്യോഗാർഥികളിൽനിന്ന് നാലുമുതൽ ആറര ലക്ഷംവരെയാണ് ഏജൻസി ഉടമ കൈപ്പറ്റിയത്. ഏജൻസിക്കെതിരേ കഴിഞ്ഞ നവംബർ 18-നാണ് കണ്ണൂർ ആലക്കോട് സ്വദേശിയായ യുവാവ് തളിപ്പറമ്പ് ഡിവൈ.എസ്.പി. ഓഫീസിൽ പരാതി നൽകിയത്. ഡിവൈ.എസ്.പി. ഓഫീസിൽ പരാതി തരേണ്ട ആവശ്യമില്ലെന്നും താമസിക്കുന്ന പരിധിയിലെ പോലീസ് സ്റ്റേഷനിലാണ് നൽകേണ്ടതെന്നുമാണ് ഡിവൈ.എസ്.പി. ഓഫീസിലെ ഉദ്യോഗസ്ഥൻ പറഞ്ഞതെന്ന് യുവാവിന്റെ ബന്ധു പറഞ്ഞു.
ഏജൻസി പ്രവർത്തിക്കുന്നതിന്റെ പരിധിയിലാണ് തളിപ്പറമ്പ് ഡിവൈ.എസ്.പി. ഓഫീസ്.
സിവിൽ എൻജിനിയറിങ് പൂർത്തിയാക്കിയ ശേഷം എറണാകുളത്തെ ഒരു ലോഡ്ജിൽ മാനേജരായി ജോലിചെയ്യുകയായിരുന്നു അനൂപ്. 10 മാസം മുമ്പാണ് വിദേശത്ത് ജോലി ലഭിക്കാൻ തളിപ്പറമ്പിലെ ട്രാവൽ ഏജൻസിയുമായി ബന്ധപ്പെട്ടത്.
ബെൽജിയത്തിലേക്കായിരുന്നു ജോലി നോക്കിയിരുന്നത്. നാലുലക്ഷം രൂപയാണ് ഏജൻസി ഫീസായി പറഞ്ഞിരുന്നത്. ആദ്യഗഡുവായി 25,000 രൂപ നൽകി. വിസ നടപടികൾ വൈകിയതിനെത്തുടർന്ന് ട്രാവൽ ഏജൻസിയുമായി ബന്ധപ്പെട്ടപ്പോൾ കാലതാമസമെടുക്കുമെന്നും അധികം പണം നൽകിയാൽ യു.കെ.യിൽ ജോലി ശരിയാക്കാമെന്നും പറഞ്ഞു. ഓഫർലെറ്റർ വന്നപ്പോൾ രണ്ട് ലക്ഷവും പിന്നീട് പലതവണകളായി ആറുലക്ഷത്തോളം രൂപയും നൽകി.
കഴിഞ്ഞ ജൂലായ് ഒന്നിന് വിസ ലഭിച്ചു. വിസ സ്റ്റാമ്പ് ചെയ്യാൻ ഡൽഹിയിൽ പോകണമെന്നാണ് അറിയിച്ചത്. പിന്നീട് ഓഗസ്റ്റ് ഒമ്പത്, പത്ത് തീയതികളിൽ യു.കെ.യിൽനിന്നുള്ള പ്രതിനിധി കൊച്ചിയിൽ വരുമെന്നും അവിടെവെച്ച് വിസ സ്റ്റാമ്പിങ് നടപടിപൂർത്തിയാക്കാമെന്നും അറിയിച്ചു. ഇതിനായി കൊച്ചിയിലെത്തിയപ്പോഴാണ് അനൂപ് കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കുന്നത്. നിരവധിപേർ വിസ സ്റ്റാമ്പിങ്ങിന് കൊച്ചിയിലെത്തിയിരുന്നു.
താൻ ചതിക്കപ്പെട്ടതാണെന്നും 10 ദിവസത്തിനുള്ളിൽ എല്ലാ ശരിയാക്കാമെന്നുമാണ് ട്രാവൽ ഏജൻസി ഉടമ ആദ്യം പറഞ്ഞത്. പണം തിരിച്ചുനൽകാമെന്നും സാവകാശം നൽകണമെന്നും പറഞ്ഞ് ഇയാൾ ഒഴിഞ്ഞുമാറി. രണ്ടുമാസംമുമ്പ് ഇയാൾ ഓഫീസ് അടച്ചുമുങ്ങി. ട്രാവൽ ഏജൻസിക്കെതിരേ നിയമ നടപടിക്കൊരുങ്ങുകയാണ് അനൂപിന്റെ കുടുംബം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: job scam man ends life over fake job promise in europe
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..