തിരുവനന്തപുരം: അഭ്യസ്തവിദ്യരായ എല്ലാ പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്കും സര്‍ക്കാര്‍ നിയമനം നല്‍കുമെന്ന മന്ത്രി എ.കെ ബാലന്റെ പ്രഖ്യാപനം മുഖ്യമന്ത്രി ഇടപെട്ട് തിരുത്തി. സഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കിടെ മറുപടിയായാണ്  അഭ്യസ്തവിദ്യരായവര്‍ക്ക് പി.എസ്.സി മുഖേന നിയമനം നല്‍കുമെന്ന് എ.കെ ബാലന്‍ പറഞ്ഞത്‌. തുടര്‍ന്ന് സംസാരിച്ച മുഖ്യമന്ത്രി ഇത് തള്ളിക്കളയുകയായിരുന്നു.

സഭയില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കിടെയാണ് പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പ്രഖ്യാപനം നടത്തിയത്. ബിരുദധാരികളും പ്രൊഫഷണല്‍ യോഗ്യതയുള്ളവരുമായ പട്ടികജാതി-പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ട എല്ലാവര്‍ക്കും ജോലി നല്‍കുന്നതിനുള്ള ഒരു പദ്ധതി സര്‍ക്കാര്‍ പരിഗണിക്കുകയാണ്. ഇതിന്റെ ആദ്യപടിയായി വയനാട് ജില്ലയിലെ 241 സ്‌കൂളുകളില്‍ ഗോത്രബന്ധു പദ്ധതി പ്രകാരം നിയമനം നടത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. പിന്നീട് ഇവരുടെ നിയമനം റഗുലേറ്റ് ചെയ്യണമെന്ന് പി.എസ്.സിയോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.

ഈ പ്രഖ്യാപനമുണ്ടായതിന് തൊട്ടു പിന്നാലെ മുഖ്യമന്ത്രി എണീറ്റ് സംസാരിക്കുകയായിരുന്നു. കേരളത്തില്‍ ഒരു നിയമന വ്യവസ്ഥയുണ്ട്. അത് മറികടന്ന് ഒരു വകുപ്പിനും മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതോടുകൂടി ആദ്യ പ്രസ്താവനയില്‍നിന്ന് മന്ത്രി എ.കെ ബാലന്‍ പിന്‍വാങ്ങി. കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്ന കാര്യമാണ് താന്‍ ഉദ്ദേശിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു.