ന്യൂഡല്‍ഹി: ഹോസ്റ്റല്‍ ഫീസ് വര്‍ധനയടക്കമുള്ള വിഷയങ്ങളില്‍ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം ഇന്നും തുടരും. ഇതിനിടെ വിദ്യാര്‍ത്ഥികളെ പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് അധ്യാപകരും രംഗത്തെത്തി. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് അധ്യാപക സംഘടനകള്‍ ഇന്ന് ക്യാമ്പസില്‍ പ്രതിഷേധ യോഗം ചേരും. 

വിദ്യാര്‍ഥികള്‍ ഇന്നലെ പാര്‍ലമെന്റിലേക്ക് നടത്തിയ ലോങ് മാര്‍ച്ചിലായിരുന്നു പോലീസിന്റെ മര്‍ദനം. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളെ പോലും പോലീസ് തല്ലിച്ചതച്ചെന്ന് അധ്യാപകര്‍ ആരോപിച്ചു. വിദ്യാര്‍ഥികളെ ക്രൂരമായി തല്ലിച്ചതയ്ക്കുന്നതിന്റേയും ചോരയൊലിച്ചുനില്‍ക്കുന്ന സമരക്കാരുടേയുമൊക്കെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും ടെലിവിഷന്‍ വാര്‍ത്തകളിലും നിറഞ്ഞിരുന്നു. അതേ സമയം വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദ്ദിച്ചെന്ന ആരോപണങ്ങള്‍ ഡല്‍ഹി പോലീസ് നിഷേധിച്ചു.

ഇതിനിടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി മാനവവിഭശേഷി മന്ത്രാലയം നിയോഗിച്ച മൂന്നംഗ സമിതി ഇന്ന് വിദ്യാര്‍ഥി യൂണിയനുമായും ജെഎന്‍യു അധികൃതരുമായും ഹോസ്റ്റല്‍ പ്രസിഡന്റുമാരുമായും ചര്‍ച്ച നടത്തും. വിദ്യാര്‍ത്ഥികൾ തിങ്കളാഴ്ച മാനവവിഭവ ശേഷി മന്ത്രാലയത്തിന് മെമ്മോറാണ്ടം സമര്‍പ്പിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ നടത്തി വരുന്ന സമരം ഇന്ന് 23-ാം ദിവസത്തിലേക്ക് കടന്നു. 

Content Highlights: JNU protest-students to continue demonstration today-support teachers