കൊച്ചി: ജിഷ വധക്കേസ് തെളിയിക്കുമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. കേസന്വേഷണം ജാലവിദ്യയല്ലെന്നും ശാസ്ത്രീയമായ അന്വേഷണവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. പെരുമ്പാവൂരില്‍ ജിഷയുടെ വീട്ടില്‍ പരിശോധന നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസ് എപ്പോള്‍ തെളിയിക്കാനാവുമെന്ന് പറയാനാവില്ല. ചിലപ്പോള്‍ 24 മണിക്കൂറിനുള്ളില്‍ തെളിയിക്കാന്‍ കഴിയും. മറ്റുചിലപ്പോള്‍ ഒരു വര്‍ഷം വരെ വേണ്ടിവന്നേക്കാം. ജിഷ വധക്കേസ് എത്രയും പെട്ടെന്ന് തെളിയിക്കാനാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. 

ഡിജിപി ജിഷയുടെ വീടും പരിസരവും ഒരു മണിക്കൂറോളം പരിശോധന നടത്തി. അന്വേഷണ ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. തുടര്‍ന്ന് ആസ്പത്രിയിലെത്തി ജിഷയുടെ അമ്മയേയും അദ്ദേഹം സന്ദര്‍ശിച്ചു. ജിഷയുടെ വീട് സന്ദര്‍ശിക്കുന്നതിന് മുന്നോടിയായി എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവുമായി ഡിജിപി അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു.