കാക്കനാട്: ജിഷ വധക്കേസില്‍ പോലീസിന്റെ പിടിയിലായ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന്റെ സാക്ഷി തിരിച്ചറിഞ്ഞു. ജിഷയുടെ അയല്‍വാസിയായ സ്ത്രീയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. 

കൊല നടന്ന ദിവസം ജിഷയുടെ വീട്ടില്‍ നിന്ന് ഒരാള്‍ ഇറങ്ങിയോടുന്നത് കണ്ടു എന്ന് അന്വേഷണസംഘത്തിന് ഇവര്‍ മൊഴി നല്‍കിയിരുന്നു. തിരിച്ചറിയല്‍ പരേഡിന് സാക്ഷിയായി ഇവരെ മാത്രമാണ് എത്തിച്ചിരുന്നത്.

അമീര്‍ കസ്റ്റഡിയിലിരിക്കുന്ന കാക്കനാട് ജില്ലാ ജയിലിലാണ് പരേഡ് നടന്നത്. പ്രതിയെ സാക്ഷി തിരിച്ചറിഞ്ഞതോടെ കേസില്‍ പോലീസിന് നിര്‍ണായകമായ തെളിവാണ് ലഭിച്ചിരിക്കുന്നത്.

തിരിച്ചറിയല്‍ പരേഡ് ഒന്നേകാല്‍ മണിക്കൂര്‍ നീണ്ടു. ജില്ലാ കോടതിയുടെ സമീപത്തുള്ള കുന്നുംപുറം മജിസ്‌ട്രേട്ട് ഷിബു ഡാനിയേലാണ് തിരിച്ചറിയല്‍ പരേഡിന് നേതൃത്വം നല്‍കിയത്.

 എറണാകുളം ചീഫ് ജുഡീജ്യല്‍ മജിസ്‌ട്രേട്ടാണ് കുന്നുംപുറം മജിസ്‌ട്രേട്ടിന് ചുമതല നല്‍കിയത്. തിരിച്ചറിയല്‍ പരേഡ് എത്രയും പെട്ടെന്ന് നടത്തണമെന്നും മജിസ്‌ട്രേട്ട് നിര്‍ദേശിച്ചിരുന്നു.

പ്രതി അമീറിന്റെ സമാന ശരീരപ്രകൃതിയുള്ളവരെ സാക്ഷിക്ക് മുന്നില്‍ ഇടകലര്‍ത്തി നിര്‍ത്തിയാണ് തിരിച്ചറിയല്‍ പരേഡ് നടത്തിയത്. ജയിലിന് പുറത്ത് വന്‍ മാധ്യമപ്പട തടിച്ചുകൂടിയതിനെ തുടര്‍ന്ന് പ്രത്യേക വാഹനത്തിലാണ് സാക്ഷിയെ ജയിലിന് പുറത്തേക്ക് കൊണ്ടുപോയത്.