കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷയെ കൊലപ്പെടുത്തിയതില്‍ തനിക്ക് പങ്കില്ലെന്ന് കേസിലെ പ്രതി അമീര്‍ ഉള്‍ ഇസ്ലാം. കൊല നടത്തിയത് സുഹൃത്ത് അനാറുള്‍ ഇസ്ലാം ആണെന്ന് അമീര്‍ കോടതിയില്‍ പറഞ്ഞു.

കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ സഹോദരന്‍ ബദറുള്‍ ഇസ്ലാം പറഞ്ഞ കാര്യങ്ങള്‍ അമീര്‍ ഉള്‍ ഇസ്ലാം കോടതിയില്‍ ആവര്‍ത്തിച്ചു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് അമീര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

അതിനിടെ, അമീര്‍ ഉള്‍ ഇസ്ലാമിന്റെ ജാമ്യാപേക്ഷ ഫയലില്‍ സ്വീകരിച്ച കോടതി ഇക്കാര്യം പരിഗണിക്കുന്നത് 26-ലേക്ക് മാറ്റി.

അമീര്‍ ഉള്‍ ഇസ്ലാം പറഞ്ഞ കാര്യങ്ങള്‍ കേസിനെ ഒരുതരത്തിലും ബാധിക്കില്ലെന്നാണ് നിയമ വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. കേസിന്റെ വിചാരണ വേളയില്‍ മാത്രമാണ് പ്രതിക്ക് പറയാനുള്ളത് കോടതിയുടെ പരിഗണനയില്‍ വരുന്നതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. അമീറിന് ജാമ്യം നല്‍കരുതെന്ന വാദമാണ് സര്‍ക്കാര്‍ മുമ്പോട്ട് വച്ചിരിക്കുന്നത്.

വിചാരണ തുടങ്ങാനിരിക്കെ ഇയാള്‍ക്ക് ജാമ്യം കിട്ടാന്‍ അര്‍ഹതയില്ലന്നാണ് സര്‍ക്കാര്‍ വാദം. അഥവാ ജാമ്യം ലഭിച്ചാല്‍ അമീര്‍ ഒളിവില്‍ പോകാനോ ആരെങ്കിലും അമീറിനെ അപായപ്പെടുത്താനോ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

കോടതിയില്‍ നിന്ന് പുറത്തിറങ്ങിയ അമീര്‍ ഉള്‍ ഇസ്ലാം കോടതിയില്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങളോടും ആവര്‍ത്തിച്ചു. താനല്ല അനാറാണ് കൊലപാതകം നടത്തിയതെന്നും അനാര്‍ എവിടെയുണ്ടെന്ന് പോലീസിനറിയാമെന്നും അമീര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

അതിനിടെ, കേസില്‍ പോലീസ് സമര്‍പ്പിച്ച കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചു. അമീര്‍ ഉള്‍ ഇസ്ലാമിനെ ഏകപ്രതിയാക്കിയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ലൈംഗിക വൈകൃതത്തിനടിമയായ അമീര്‍ ബലാത്സംഗ ശ്രമത്തിനിടെ ജിഷയെ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം പറയുന്നത്.  കൊലപാതകം, മാനഭംഗം, ദളിത് പീഡനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 

രണ്ട് ദിവസം മുന്‍പ് അനാറാണ് കൊലപാതകം നടത്തിയതെന്ന് അമീറിന്റെ സഹോദരന്‍ ബദറുള്‍ ഇസ്ലാം വെളുപ്പെടുത്തിയിരുന്നു.