പേരാവൂര്‍(കണ്ണൂര്‍): കേരളത്തിലെ മികച്ച കായിക താരത്തിനുള്ള 33-ാമത് ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ പുരസ്‌കാരം അന്താരാഷ്ട്ര ബാഡ്മിന്റണ്‍ താരം അപര്‍ണ ബാലന്. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ജോസ് ജോര്‍ജ് ഐ.പി.എസ് ചെയര്‍മാനും അഞ്ജു ബോബി ജോര്‍ജ്, റോബര്‍ട്ട് ബോബി ജോര്‍ജ്, സെബാസ്റ്റ്യന്‍ ജോര്‍ജ്, ടി.ദേവപ്രസാദ് എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മിറ്റിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.

ഇന്ത്യയുടെ ഇതിഹാസ വോളിബോള്‍ താരം ജിമ്മി ജോര്‍ജിന്റെ സ്മരണയ്ക്കായി 1989-ല്‍ ആണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ 15 വര്‍ഷക്കാലം  ദേശീയ-അന്തര്‍ദേശീയ തലത്തില്‍ കൈവരിച്ച നേട്ടങ്ങളും ബാഡ്മിന്റണ്‍ ഗെയിമിന് നല്‍കിയ സംഭാവനകളും കണക്കിലെടുത്താണ് അപര്‍ണയെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. ഡിസംബര്‍ ആദ്യവാരം ജിമ്മി ജോര്‍ജ് സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യും.  

കോഴിക്കോട് സ്വദേശികളായ എന്‍.ബാലന്‍-എ.ലീല ദമ്പതിമാരുടെ മകളായ അപര്‍ണ ബാലന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ മാനേജരാണ്. ഭര്‍ത്താവ്: എം.എസ്.സന്ദീപ്. 

അന്താരാഷ്ട്ര മത്സരങ്ങളിലെ ടീം ഇവന്റ്/ഡബിള്‍സ്, മിക്സഡ് ഡബിള്‍സ് എന്നിവയില്‍  അപര്‍ണയുടെ പ്രധാന നേട്ടങ്ങള്‍:- 2010-ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി, 2014ലെ തോമസ് & യൂബര്‍ കപ്പില്‍ വെങ്കലം, ദക്ഷിണേഷ്യന്‍ ഗെയിംസില്‍ 4 സ്വര്‍ണം, 3 വെള്ളി,  കൂടാതെ 2007നും 2018-നും ഇടയില്‍ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ ചലഞ്ച്, സ്പാനിഷ് ഓപ്പണ്‍, ഓസ്ട്രേലിയന്‍ ഓപ്പണ്‍, ന്യൂസിലാന്‍ഡ് ഓപ്പണ്‍, റഷ്യന്‍ ഓപ്പണ്‍, ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ ചലഞ്ച്, ടാറ്റ ഓപ്പണ്‍ ഇന്റര്‍നാഷണല്‍ ചലഞ്ച്, ശ്രീലങ്കന്‍ ഇന്റര്‍നാഷണല്‍ ചലഞ്ച് തുടങ്ങിയവയില്‍ നിരവധി മെഡലുകള്‍ .

2010-ലെ ഗ്വാങ്ഷൂ ഏഷ്യന്‍ ഗെയിംസ്, 2009,2013, 2014 , 2015 വര്‍ഷങ്ങളിലെ ബി.ഡബ്ള്യൂ.എഫ്   ലോകചാമ്പ്യന്‍ഷിപ്പുകള്‍, 2007, 2010,2011,2013,2015,2018  വര്‍ഷങ്ങളിലെ ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പുകള്‍ എന്നിവയിലും അപര്‍ണ പങ്കെടുത്തു.

ദേശീയ ചാമ്പ്യന്‍ഷിപ്പിലെ  അപര്‍ണയുടെ  നേട്ടങ്ങള്‍: 2006 മുതല്‍ 2018 വരെ  - 9 സ്വര്‍ണവും 9 വെള്ളിയും ഒരു വെങ്കലവും. ദേശീയ ഗെയിംസുകളില്‍ 2 സ്വര്‍ണവും ഒരു വെള്ളിയും 2 വെങ്കലവും നേടി.

Content Highlights: jimmy george foundation award for badminton player aparna balan