അഹമ്മദാബാദ്: ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്നേഷ് മേവാനിയ്ക്കു നേരെ ആക്രമണം. സ്വതന്ത്ര സ്ഥാനാര്‍ഥിയായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മേവാനിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് സംഭവം. അക്രമത്തിനു പിന്നില്‍ ബിജെപിയാണെന്ന് മേവാനി ആരോപിച്ചു.

ചൊവ്വാഴ്ച പാലന്‍പുരിലാണ് ഒരു സംഘം ജിഗ്നേഷ് മേവാനിയുടെ കാറിനു നേരെ അക്രമം നടത്തിയത്. കാറിന്റെ ചില്ലു തകരുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. എന്നാല്‍ മേവാനിക്ക് പരിക്കേറ്റില്ല. 

തക്കര്‍വാഡ ഗ്രാമത്തില്‍വെച്ച് ബിജെപി പ്രവര്‍ത്തകര്‍ തന്റെ കാറിനു നേരെ അക്രമം നടത്തിയതായും ബിജെപിയുടെ ഭയമാണ് ഇത്തരം ആക്രമണത്തിനു പിന്നിലെന്നും മേവാനി പറഞ്ഞു. എന്നാല്‍ താന്‍ ബിജെപിയ്ക്ക് എതിരെ ശക്തമായി പോരാടും. ബിജെപി മുന്നോട്ടുവയ്ക്കുന്ന തെറ്റായ വികസന മാതൃകയുടെ പൊള്ളത്തരം തുറുന്നു കാട്ടും. വഡ്ഗാമിലെ ജനങ്ങളുടെ പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് പരാതിയൊന്നും നല്‍കിയിട്ടില്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലാത്തതിനാല്‍ പരാതി നല്‍കുന്നില്ലെന്ന് മേവാനിയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം, മേവാനിക്കെതിരായ അക്രമത്തില്‍ ബിജെപിക്ക് ബന്ധമൊന്നുമില്ലെന്ന് ബിജെപി വക്താവ് ജഗദീഷ് ഭവ്‌സര്‍ പറഞ്ഞു. വ്യാജ ആരോപണങ്ങളാണ് ഉന്നയിക്കപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

തിങ്കളാഴ്ചയാണ് മേവാനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം വഡ്ഗാമില്‍ ആരംഭിച്ചത്. കോണ്‍ഗ്രസിന്റെയും എഎപിയുടെയും പിന്തുണ ഇവിടെ ജിഗ്നേഷ് മേവാനിക്കുണ്ട്.