Photo | www.facebook.com/sadikalithangal
കോഴിക്കോട്: മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളോടുള്ള വിയോജിപ്പിനെത്തുടര്‍ന്ന് സി.ഐ.സി.യില്‍നിന്ന് (കോഓര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളേജസ്) സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി തങ്ങളും ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാരും രാജിവെച്ചു. സാദിഖലി തങ്ങള്‍ സമസ്തയുമായി ആലോചിക്കാതെ തീരുമാനമെടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജി. ജിഫ്രി തങ്ങള്‍ സി.ഐ.സി. ഉപദേശക സമിതി അംഗത്വത്തില്‍നിന്നും ആലിക്കുട്ടി മുസ്‌ലിയാര്‍ സി.ഐ.സി. പരീക്ഷാ ബോര്‍ഡ് അംഗത്വത്തില്‍നിന്നുമാണ് രാജിവെച്ചത്.
സമസ്തയും സി.ഐ.സി.യും തമ്മില്‍ സ്ത്രീ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടും മറ്റും നേരത്തേതന്നെ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഹകീം ഫൈസി ആദൃശ്ശേരി സി.ഐ.സി.യില്‍നിന്ന് രാജിവെച്ചിരുന്നു. പാണക്കാട് സാദിഖലി തങ്ങള്‍ ആവശ്യപ്പെട്ടതുപ്രകാരമായിരുന്നു രാജി. പിന്നാലെ സി.ഐ.സി. സ്ഥാപനങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമസ്ത സാദിഖലി തങ്ങളെ ചുമതലപ്പെടുത്തി. സി.ഐ.സി.യുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സമസ്തയുമായി ബന്ധപ്പെട്ടാണ് തുടര്‍തീരുമാനങ്ങള്‍ എടുക്കേണ്ടതെന്ന് സാദിഖലി തങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ സമസ്ത വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ സമസ്തയെ അറിയിക്കുകയോ ചര്‍ച്ചയോ ഇല്ലാതെ സി.ഐ.സി. പിന്നീട് പല തീരുമാനങ്ങളും കൈക്കൊണ്ടു.
ഹകീം ഫൈസിക്ക് പകരമായി സി.ഐ.സി. ജനറല്‍ സെക്രട്ടറിയായി കഴിഞ്ഞ ദിവസം ഹബീബ് ഫൈസിയെ ചുമതലപ്പെടുത്തിയിരുന്നു. സമസ്തയുമായി കൂടിയാലോചിച്ച ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. എന്നാല്‍ സമസ്ത ഇത് നിഷേധിക്കുകയും ഹബീബ് ഫൈസിയെ സി.ഐ.സി. ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തതില്‍ പ്രതിഷേധമറിയിക്കുകയും ചെയ്തു.
ഹകീം ഫൈസിയുടെ വലംകൈയായി പ്രവര്‍ത്തിക്കുന്നയാളാണ് ഹബീബ് ഫൈസി. സമസ്ത നേതാക്കള്‍ക്കെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച വ്യക്തി കൂടിയാണദ്ദേഹം. അത്തരമൊരാളെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തതില്‍ സമസ്തയ്ക്ക് വലിയ എതിര്‍പ്പുണ്ട്. ഇതെല്ലാം രാജിയിലേക്ക് നയിച്ചു.
മത-ഭൗതിക വിദ്യാഭ്യാസരീതി പിന്തുടരുന്ന സി.ഐ.സി.യുടെ കീഴില്‍ തൊണ്ണൂറിലധികം കോളേജുകളുണ്ട്. സമസ്തയുടെ നിര്‍ദേശങ്ങള്‍ ഈ സ്ഥാപനങ്ങളില്‍ പാലിക്കപ്പെടുന്നില്ലെന്നതായിരുന്നു ഉയര്‍ന്ന പരാതി. അതിനു കാരണം അന്നത്തെ ജനറല്‍ സെക്രട്ടറിയായിരുന്ന ഹകീം ഫൈസിയാണെന്ന് ഒരു വിഭാഗം ആരോപിച്ചു. ഇതേത്തുടര്‍ന്ന് ഫൈസിയെ സമസ്തയില്‍നിന്ന് പുറത്താക്കി. പിന്നാലെ സി.ഐ.സി.യില്‍നിന്ന് രാജിവെപ്പിക്കുകയും ചെയ്തു. ഫൈസിയുടെ രാജിക്കു പിന്നാലെ 118 ഭാരവാഹികള്‍ കൂടി സി.ഐ.സി.യില്‍നിന്ന് രാജിവെച്ചിരുന്നു.
Content Highlights: jiffri thangal, alikkutty musliyar resigned from cic


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..