കൊച്ചി: കോട്ടയം മുക്കൂട്ടുതറ കൊല്ലമുള സ്വദേശി ജസ്‌ന മരിയ ജയിംസിന്റെ തിരോധാനം സംബന്ധിച്ച് ചില പ്രധാന വിവരങ്ങള്‍ ലഭിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മാര്‍ച്ച് 22-നാണ് ബിരുദ വിദ്യാര്‍ഥിനിയായ ജെസ്‌നയെ കാണാതാവുന്നത്. 

അന്വേഷണ സംഘം നടത്തിയ പരിശോധനയില്‍ സുപ്രധാന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍, അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ഇത് പുറത്തുവിടാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 

കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ അന്വേഷണ സംഘത്തിന് കുറച്ച് സമയം കൂടി അനുവദിക്കണമെന്നും സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ഓഗസ്റ്റ് രണ്ടിലേക്ക് മാറ്റിവെച്ചു.

ജെസ്‌നയെ കാണാതായി മൂന്നുമാസം പിന്നിട്ടിട്ടും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് പോലീസിനെതിരേ കടുത്ത വിമര്‍ശനങ്ങളാണ് പല കോണില്‍ നിന്നും ഉയര്‍ന്നിരുന്നത്. അതേസമയം, കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജെസ്‌നയുടെ സഹോദരന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.