ഇ.പി.ജയരാജൻ, മന്ത്രി പി.രാജീവ്, വി.ഡി.സതീശൻ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാര്‍ അതിജീവിതയക്ക് ഒപ്പമാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്. നടിക്ക് കോടതിയെ സമീപിക്കാം. പരാതിയുണ്ടെങ്കില്‍ ആര്‍ക്കും കോടതിയില്‍ പോവാം. അതിന് സര്‍ക്കാരിന് പ്രശ്നമില്ല. കോടതിയാണ് കാര്യങ്ങള്‍ തീരുമാനിക്കേണ്ടതെന്നും ഇ.പി.ജയരാജന് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
അതിനിടെ, പ്രതിപക്ഷം ഉന്നയിക്കുന്ന കാര്യങ്ങളില്‍ കഴമ്പില്ലെന്നും കുറ്റാരോപിതന്റെ ബന്ധങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കറിയാമെന്നും മന്ത്രി പി. രാജീവ് പ്രതികരിച്ചു. സര്‍ക്കാര്‍ എന്നും അതിജീവിതയ്ക്കൊപ്പം തന്നെയാണ്. വിസ്മയ കേസിന്റെ വിധി വളരെ വേഗത്തിലാണ് വന്നത്. അതേ സമീപനം തന്നെയാണ് ഇക്കാര്യത്തിലും സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിജീവിത ഉന്നയിച്ച പ്രശ്നം കോടതിയുടെ പരിഗണനയിലാണ് ഉള്ളതെന്നും അതില്‍ കോടതി തീര്‍പ്പുകല്‍പ്പിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍, ഇ.പി.ജയരാജന് അതിജീവിതയെ അപമാനിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആരോപിച്ചു. 'സമീപ കാലത്താണ് പെട്ടന്ന് അന്വേഷണം ദുര്‍ബലപ്പെടുത്താനുള്ള ശ്രമമുണ്ടായത്. അന്വേഷണത്തില്‍ ഇടപെടേണ്ട ആവശ്യം പ്രതിപക്ഷത്തിനില്ല എന്നതിനാല്‍ ഇക്കാര്യത്തില്‍ ഞങ്ങള്‍ പ്രതികരിച്ചിട്ടില്ല. പക്ഷെ, അന്വേഷണം വഴിതിരിച്ചുവിട്ട്, ദുര്‍ബലപ്പെടുത്തി, ഫ്യൂസ് ഊരിയത് സര്‍ക്കാരാണ്. അരിയാഹാരം കഴിക്കുന്ന ആര്‍ക്കും ഇത് മനസ്സിലാവും' - വി.ഡി.സതീശന് പറഞ്ഞു.
കേസന്വേഷണം ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചതിന് തെളിവുണ്ടെന്നും സതീശന് ആരോപിച്ചു. ആ വിഷയങ്ങള്‍ പറഞ്ഞുകൊണ്ട് അതിജീവിത കോടതിയില്‍ പോയതിനെ പ്രതിപക്ഷവുമായി ബന്ധപ്പെടുത്തേണ്ട കാര്യമില്ല. അവരുടെ പോരാട്ടങ്ങള്‍ക്ക് പിന്തുണകൊടുക്കുകയാണ് സര്‍ക്കാരും പൊതുസമൂഹവും ചെയ്യേണ്ടത്. ഞങ്ങളും കേരളത്തിന്റെ മനസാക്ഷിയും അവര്‍ക്കൊപ്പമാണ്. എന്നിട്ടും സര്‍ക്കാരും സി.പി.എമ്മിന്റെ നേതാക്കളും അവരെ അപമാനിക്കുന്നത് ശരിയല്ല എന്നാണ് ആവര്‍ത്തിച്ച് പറയാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാരിനും വിചാരണക്കോടതി ജഡ്ജിക്കുമെതിരേ ഗുരുതര ആരോപണവുമായി നടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിന് പിന്നാലെയാണ് ആരോപണവുമായി വി.ഡി സതീശന് രംഗത്തെത്തിയത്. കേസില്‍ തുടരന്വേഷണം പാതിവഴിയില്‍ അവസാനിപ്പിക്കാനും പാതിവെന്ത അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും രാഷ്ട്രീയ ഉന്നതര്‍ അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തുന്നതായി ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..