ജയകുമാർ, സഫിയ
കോട്ടയം: ദുബായില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ജയകുമാറിന്റെ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നീങ്ങുന്നു. ദുബായില്‍നിന്ന് നാട്ടിലെത്തിച്ച മൃതദേഹം ജയകുമാറിന്റെ ബന്ധുക്കള്‍ സഫിയയ്ക്ക് വിട്ടുനല്‍കി. മൃതദേഹം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് അറിയിച്ചതിന് പിന്നാലെയാണ് സഫിയ്ക്കു തന്നെ മൃതദേഹം വിട്ടുനല്‍കാന്‍ ബന്ധുക്കള്‍ തയ്യാറായത്. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ജയകുമാറിന്റെ ബന്ധുക്കള്‍ ഒപ്പിട്ടു.
ഏഴ് ദിവസം മുമ്പാണ് ജയകുമാറിനെ ഗള്‍ഫില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹിതനായ ജയകുമാര്‍ ലക്ഷദ്വീപ് സ്വദേശിയായ സഫിയയുമായി നാല് വര്‍ഷമായി സൗഹൃദത്തിലായിരുന്നു. ജയകുമാറിന്റെ ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് അദ്ദേഹത്തിന്റെ മരണം. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചത്.
സഫിയയും സുഹൃത്തുക്കളും മൃതദേഹം സ്വീകരിച്ചെങ്കിലും പോലീസിന്റെ എന്‍ഒസി ലഭിക്കാത്തതിനാല്‍ മൃതദേഹം സംസ്‌ക്കരിക്കാനായിരുന്നില്ല. വീടുമായി വര്‍ഷങ്ങളായി ബന്ധമില്ലാതിരുന്ന ജയകുമാറിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്നും മരണ സര്‍ട്ടിഫിക്കറ്റ് മാത്രം മതിയെന്നുമായിരുന്നു കുടുംബത്തിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് പോലീസിന്റെ എന്‍ഒസി ലഭിക്കാതെ സുഹൃത്തുക്കള്‍ക്ക് മൃതദേഹം സംസ്‌ക്കരിക്കാനും സാധിക്കാതിരുന്നത്. തുടര്‍ന്നാണ് പോലീസ് ഇടപെട്ട് ബന്ധുക്കളുമായി ചര്‍ച്ചചെയ്താണ് മൃതദേഹം സംസ്‌കരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്.
കഴിഞ്ഞ നാലര വര്‍ഷമായി ജയകുമാറിന് വീടുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്ന് അമ്മ പ്രസന്നകുമാരി പറഞ്ഞു. വിവാഹമോചനം നടക്കാത്തതിനാല്‍ ജയകുമാര്‍ മനോവിഷമത്തിലായിരുന്നെന്ന് സഫിയയും പറയുന്നു. വെള്ളിയാഴ്ച ഉച്ചയോടെ ഏറ്റുമാനൂര്‍ പോലീസ് സ്‌റ്റേഷനില്‍നിന്ന് സഫിയ ഏറ്റെടുത്ത ജയകുമാറിന്റെ മൃതദേഹം എറണാകുളത്തെ പൊതുശ്മശാനത്തില്‍ സംസ്‌ക്കരിക്കുമെന്നാണ് വിവരം.
Content Highlights: jayakumars family handover her dead body to safiya
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..