പണമില്ലാത്തതുകൊണ്ടാണോ എന്റെ മകള്‍ക്ക് നീതികിട്ടാത്തത്? ഉള്ളുപൊള്ളി ഒരമ്മയുടെ ചോദ്യം


വിഷ്ണു കോട്ടാങ്ങല്‍

വിസ്മയയ്ക്ക് നീതി നേടി കൊടുക്കാനും അവള്‍ക്കുവേണ്ടി ഇറങ്ങിത്തിരിക്കാനും ഒരുപാടുപേരുണ്ടായിരുന്നു. എന്നാല്‍ അര്‍ഹതപ്പെട്ട നീതിക്ക് വേണ്ടി പ്രിയങ്കയുടെ അമ്മ ജയ മുട്ടാത്ത വാതിലുകളില്ല.

അമ്മ ജയ, മരിച്ച പ്രിയങ്ക

തിരുവനന്തപുരം: ഭർത്തൃപീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ കേസില്‍ കുറ്റക്കാരനായ ഭര്‍ത്താവ് കിരണ്‍കുമാറിന് 10 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത് കേരളം ഏറെ ഗൗരവത്തോടെ കേട്ടപ്പോള്‍ നമ്മള്‍ മറന്നുപോയെ മറ്റൊരു പെണ്‍കുട്ടിയിട്ടുണ്ട്, തിരുവനന്തപുരത്ത്. നടന്‍ രാജന്‍ പി. ദേവിന്റെ മകന്‍ ഉണ്ണി പി. രാജന്‍ പി. ദേവിന്റെ ഭാര്യ പ്രിയങ്ക. തങ്ങളുടെ മകളുടെ ആത്മഹത്യയും ഭര്‍ത്തൃപീഡനം മൂലമാണെന്ന് കുടുംബം ആരോപിക്കമ്പോഴും നീതി അകലെയാണ് ഇവർക്ക്.

വിസ്മയയ്ക്ക് നീതി നേടി കൊടുക്കാനും അവള്‍ക്കുവേണ്ടി ഇറങ്ങിത്തിരിക്കാനും ഒരുപാടുപേരുണ്ടായിരുന്നു. എന്നാല്‍ അര്‍ഹതപ്പെട്ട നീതിക്കുവേണ്ടി പ്രിയങ്കയുടെ അമ്മ ജയ മുട്ടാത്ത വാതിലുകളില്ല. മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവിനെയും കണ്ടു. പോലീസ് സ്റ്റേഷനുകളില്‍ കയറിയിറങ്ങി. തെളിവുകളുണ്ടായിട്ടും പ്രിയങ്കയുടെ മരണത്തിന് കാരണക്കാരായവര്‍ ഇന്നും പുറത്തുതന്നെയാണ്. വിചാരണ ആരംഭിക്കാനോ, കേസുമായി ബന്ധപ്പെട്ട് തൃപ്തികരമായ അന്വേഷണം നടത്താനോ ആര്‍ക്കും താല്‍പര്യമില്ല. ഇതിനെല്ലാം ഇറങ്ങിത്തിരിക്കേണ്ട പ്രിയങ്കയുടെ കുടുംബം ഇന്ന് സാമ്പത്തിക പരാധീനതയിലുമാണ്.

മരിക്കുന്നതിന് മുമ്പ് പ്രിയങ്ക തന്നെ സൂക്ഷിച്ചിരുന്ന മര്‍ദനമേറ്റ ശരീരത്തിന്റെ ചിത്രങ്ങളടക്കം പോലീസിന് കൈമാറിയിട്ടുണ്ട്. ഇനി വേറെ തെളിവെന്തെങ്കിലും കൊണ്ടുവരാനാണ് ഇപ്പോള്‍ അവര്‍ പറയുന്നത്. ഇല്ലാത്ത തെളിവ് ഞാനെവിടെനിന്ന് കൊണ്ടുപോയി കൊടുക്കാനാണ്. അന്ന് ആശുപത്രിയില്‍ വെച്ച് മകളുടെ ദേഹത്തെ ഒരു വശത്തെ ചിത്രങ്ങള്‍ മാത്രമാണ് എടുത്തിരുന്നത്. എന്നാല്‍ മര്‍ദനത്തിന്റെ പാടും ചതവുമില്ലാത്ത ഒരു ഭാഗം പോലും അവളുടെ ദേഹത്തുണ്ടായിരുന്നില്ല- പ്രിയങ്കയുടെ അമ്മ ജയ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

ഇത്രയും തെളിവ് കൊടുത്തിട്ടും എന്തുകൊണ്ടാണ് എന്റെ കൊച്ചിന് നീതി കിട്ടാത്തതെന്ന് അറിയില്ല. മകളെ കൂടുതല്‍ ദ്രോഹിച്ചത് രാജന്‍ പി ദേവിന്റെ ഭാര്യ ശാന്തമ്മയാണ്. എന്നാല്‍ അവരെ ഇതുവരെ നിയമത്തിന്റെ മുന്നിലെത്തിച്ചിട്ടില്ല. ഭര്‍ത്താവും ഭര്‍ത്തൃമാതാവും നിരന്തരം പീഡിപ്പിക്കുന്നുവെന്ന് വട്ടപ്പാറ പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കിയതിന് ശേഷമാണ് പ്രിയങ്ക ആത്മഹത്യ ചെയ്യുന്നത്. 2021 മെയ് 12 നായിരുന്നു സംഭവം. ഇതിന് പിന്നാലെ ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഇവര്‍ക്കെതിരേ പോലീസ് കേസെടുത്തു. കോവിഡ് കാലമായതിനാല്‍ അന്വേഷണം ഇഴഞ്ഞു നീങ്ങി. ഇപ്പോള്‍ ഉണ്ണി പി രാജന്‍ ദേവും ശാന്തമ്മയും ജാമ്യത്തിലാണ്. അവരെ അറസ്റ്റ് ചെയ്യാന്‍ പോലും വൈകി.

അവര്‍ക്ക് ആളും പണവും സ്വാധീനവുമുണ്ട്. എനിക്കതില്ല. എന്റെ വിളക്കും ഉയിരും എല്ലാം എന്റെ കൊച്ചായിരുന്നു. നിയമത്തിന്റെ മുന്നില്‍ എന്റെ ഉയിരും കൂടി ഞാന്‍ കൊടുക്കാന്‍ തയാറാണ്. എന്നാലും എന്റെ കൊച്ചിന് നീതി കിട്ടണം. വേറെ ആരും ഇല്ല ഞങ്ങള്‍ക്ക്. മകന്‍ കൂലിപ്പണി ചെയ്തുണ്ടാക്കുന്ന തുകയിലാണ് ഇപ്പോള്‍ കഴിഞ്ഞുപോകുന്നത്. കല്യാണത്തിനും വീടുപണിക്കും ഒക്കെയെടുത്ത കടം തിരിച്ചടവ് മുടങ്ങി. എപ്പോള്‍ വേണമെങ്കിലും അതിന്‍മേല്‍ നടപടിയുണ്ടാകും.

എന്റെ മകള്‍ക്ക് വേണ്ടി രണ്ട് പ്രാവശ്യം ഞാന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പിന്നെ പ്രതിപക്ഷ നേതാവിന് പരാതി കൊടുത്തു. എനിക്ക് അറിയാവുന്ന രീതിയിലൊക്കെ ഞാന്‍ പരാതി കൊടുത്തു. ഇങ്ങനെ ചെയ്യണമെന്ന് പറയാന്‍ പോലും ഞങ്ങള്‍ക്കാരുമില്ല. എന്നിട്ടും പോലീസില്‍ നിന്നോ കോടതിയില്‍ നിന്നോ നീതി കിട്ടുന്നില്ല, ജയ പറയുന്നു.

മകളും ഉണ്ണിയും തമ്മില്‍ പരിചയമുണ്ടായിരുന്നു. ജോലി ചെയ്യുന്നതിനിടെ കണ്ട് ഇഷ്ടപ്പെട്ട് വിവാഹം കഴിക്കാമെന്നൊക്കെ പറഞ്ഞ് വന്നതാണ്. മകള്‍ക്കും താല്‍പര്യമുണ്ടായിരുന്നു. പ്രിയങ്കയ്ക്ക് വേറെ ആലോചനകള്‍ വന്ന സമയത്തായിരുന്നു ഉണ്ണി വിളിച്ചത്. പ്രിയങ്കയെ അന്റി നോക്കുന്നതിനേക്കാള്‍ നന്നായി നോക്കിക്കൊള്ളുമെന്നൊക്കെ പറഞ്ഞു. എന്നാല്‍ ഞാനുള്‍പ്പെടെയുള്ളവര്‍ക്ക് വിവാഹം നടത്തുന്നതിനോട് എതിരായിരുന്നു. കാരണം അവരൊക്കെ വലിയ ആളുകളാണ്. നമ്മെളെ കൊണ്ട് കൂട്ടിയാല്‍ കൂടില്ല മക്കളെ എന്നൊക്കെ ഞാന്‍ പറഞ്ഞിരുന്നു. എങ്കിലും അവളുടെ ഇഷ്ടത്തിന് എതിര് നില്‍ക്കാന്‍ തോന്നിയില്ല. അന്ന് കല്യാണത്തിന് ചെന്ന ഞങ്ങള്‍ക്ക് ഒരുതുള്ളി വെള്ളംപോലും തരാതിരുന്നവരാണ് അവരെന്നും അമ്മ ജയ പറയുന്നു.

കല്ല്യാണം കഴിഞ്ഞ് ഇവിടെ എന്റെ കണ്‍മുന്നില്‍ വെച്ച് ഉണ്ണി എന്റെ മകളെ തല്ലി. ഇനി കുറച്ച് ദിവസം കഴിഞ്ഞിട്ടെ മോളെ വിടുന്നുള്ളുവെന്ന് പറഞ്ഞെങ്കിലും നിര്‍ബന്ധം പിടിച്ച് അവന്‍ മകളെയും കൊണ്ട് വീട്ടിലേക്ക് പോയി. ഏപ്രില്‍ 26ന് എന്റെ മകളെ വീണ്ടും മര്‍ദിച്ചു. ഇതിന് ശേഷം മെയ് 10-ന് വീണ്ടും മര്‍ദിച്ചു. അന്ന് എന്നെ വിളിച്ചുകൊണ്ട് അവള്‍ വീടിന് പുറത്തേക്കിറങ്ങിയ സമയത്ത് ശാന്തമ്മ ചെന്ന് മുന്‍വാതില്‍ അടച്ച് കുറ്റിയിട്ടു. അകത്ത് കയറാനായി നിരവധി തവണ വിളിച്ചിട്ടും തിരിഞ്ഞു നോക്കിയില്ല. അവര് മോള്‍ടെ തല കതകില്‍ ഇടിപ്പിച്ചാണ് ദേഷ്യം തീര്‍ത്തത്. അവളെ അവിടെയിട്ട് ചവിട്ടി.

ഈ സമയത്ത് ഒരാഴ്ചയോളം മര്യാദയ്ക്ക് ഭക്ഷണം പോലും കൊടുത്തിരുന്നില്ല. എന്നെ വിളിച്ച സമയത്ത് ഭക്ഷണം കഴിച്ചോയെന്ന് ഞാന്‍ ചോദിച്ചിരുന്നു. ഇല്ലമ്മ, ഒരു ചക്ക പുറത്ത് കിടന്നിരുന്നു അത് മുറിച്ചു കഴിച്ചുവെന്നാണ് മോള് പറഞ്ഞത്. ഇതിന് ശേഷമാണ് അവളിങ്ങോട്ട് വന്നത്. ആകെ ക്ഷീണിച്ച് കോലം കെട്ടാണ് വന്നത്. ഇത്ര മഹാപാപം ചെയ്തിട്ടും എന്റെ മകള്‍ക്ക് ഒരു നീതിപീഠവും നീതി കൊടുക്കുന്നില്ലല്ലോയെന്ന വിഷമം മാത്രമേയുള്ളൂവെന്നും ജയ പറയുന്നു.

എന്റെ കൊച്ച് ഇവിടെയാണ് മരിച്ചത്. അതിന്റെ നീതി ഇവിടെ തന്നെ കിട്ടണം. അവര് ഹൈക്കോടതിയിലൊക്കെ പോയി ജാമ്യമെടുത്തു. എനിക്ക് അതിനൊന്നും സാധിക്കില്ല. ഇവിടെ തന്നെ നീതി ലഭ്യമാക്കിയേ തീരൂ, അല്ലെങ്കില്‍ എന്റെ ജീവന്‍ കൂടി ഞാന്‍ നീതിപീഠത്തിന് കൊടുക്കും. അത് ഉറപ്പായ കാര്യമാണ്. ഞങ്ങള്‍ പാവങ്ങള്‍ക്കും ഇവിടെ നീതി വേണം. പണം തന്നോ വഴി കാട്ടിയോ സഹായിക്കാന്‍ എനിക്ക് ആളില്ല. മരിക്കുന്നതിന് തൊട്ടുമുമ്പ് എനിക്ക് മരുന്നൊക്കെ എടുത്തുതന്ന് ഉമ്മയൊക്കെ തന്നിട്ടാണ് മുറിയിലേക്ക് പോയത്. മരിക്കാനാണ് പോണതെന്ന് എനിക്ക് അറിയാമ്പാടില്ലാരുന്നു, കണ്ണീരൊപ്പിക്കൊണ്ട് ജയ പറഞ്ഞുനിര്‍ത്തി.

Content Highlights: Jaya Seeking Justice for Her Daughter Priyanka's Suicide Case

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022


pc george

1 min

മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവം; ഖേദം പ്രകടിപ്പിച്ച് പി.സി ജോര്‍ജ് 

Jul 2, 2022


India vs England 5th Test Birmingham day 2 updates

2 min

റൂട്ടിനെ പുറത്താക്കി സിറാജ്, ഇംഗ്ലണ്ടിന് 5 വിക്കറ്റ് നഷ്ടം; രണ്ടാം ദിനവും സ്വന്തമാക്കി ഇന്ത്യ

Jul 2, 2022

Most Commented