കൊല്ലം: ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ വൈശാഖിന്റെ മൃതദേഹം സംസ്‌കരിച്ചു. കൊട്ടാരക്കരയിലെ വീട്ടുവളപ്പില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്‌.

ബുധനാഴ്ച രാത്രിയാണ് വൈശാഖിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. തുടര്‍ന്ന് പാങ്ങോട് സൈനിക ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെ ജന്മനാടായ കുടവട്ടൂര്‍ എല്‍പി സ്‌കൂളില്‍ എത്തിച്ചു. മൃതദേഹം ഏറ്റുവാങ്ങാന്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്നു. 

നൂറുകണക്കിന് ആളുകളാണ് സ്‌കൂളിലെത്തി വൈശാഖിന് അന്തിമോപചാരം അര്‍പ്പിച്ചത്. അവസാനമായി ഒരുനോക്ക് കാണാനെത്തിയവരെല്ലാം ജയ്ഹിന്ദ് വിളികളോടെയാണ് ധീരസൈനികന് വിടചൊല്ലിയത്. പിന്നീട് വിലാപയാത്രയായി മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. വഴിയിലെല്ലാം അമ്മമാരും സഹോദരിമാരും അടക്കം വൈശാഖിന്റെ മൃതദേഹത്തില്‍ പുഷ്പാര്‍ച്ചന നടത്തി. വീട്ടിലെത്തിച്ച മൃതദേഹം മതാചാര പ്രകാരമുള്ള ചടങ്ങുകള്‍ പൂര്‍ത്തിയാക്കി വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സംസ്ഥാന സര്‍ക്കാരിന്റേയും സൈനിക റെജിമെന്റിന്റേയും ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്. 

ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയില്‍ തിങ്കളാഴ്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലം വെളിയം കുടവട്ടൂര്‍ ആശാന്‍മുക്ക് ശില്‍പാലയത്തില്‍ വൈശാഖ്(24) ഉള്‍പ്പെടെ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചത്. ആയുധശേഖരവുമായി ഭീകരരുടെ സംഘം വനത്തില്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. ഗുരുതരമായി പരിക്കേറ്റ സൈനികരെ ചികിത്സാകേന്ദ്രത്തിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ഹരികുമാര്‍-ബീനകുമാരി ദമ്പതിമാരുടെ മകനായ വൈശാഖ് നാലുവര്‍ഷം മുമ്പാണ് കരസേനയില്‍ ചേര്‍ന്നത്. മറാഠ റെജിമെന്റില്‍ ആയിരുന്നു സേവനമനുഷ്ഠിച്ചിരുന്നത്. ഏഴുമാസം മുമ്പാണ് പഞ്ചാബില്‍നിന്ന് കശ്മീരില്‍ എത്തിയത്. രണ്ടുമാസംമുമ്പ് അവധിക്ക് വീട്ടില്‍ വന്നിരുന്നു. ശില്‍പ സഹോദരിയാണ്.