തിരുവനന്തപുരം: എംജി സർവകലാശാലയിൽ ഉണ്ടായ എസ്എഫ്ഐ എഐഎസ്എഫ് സംഘര്‍ഷത്തില്‍ എസ്എഫ്ഐ നേതാക്കൾക്കെതിരെ രൂക്ഷപ്രതികരണവുമായി സിപിഐ മുഖപത്രമായ ജനയുഗം. അവസാനിച്ചു എന്ന് കരുതുന്ന മനുവാദകാലം എസ്എഫ്ഐയിലൂടെ പുനരവതരിക്കുകയാണ് എന്നാണ് ജനയുഗത്തിലെ ലേഖനത്തിൽ പറയുന്നത്. നായ്‌ക്കള്‍ കലണ്ടര്‍ നോക്കാറില്ല എന്ന തലെക്കട്ടിലാണ്‌ ലേഖനം.

എസ്എഫ്ഐയെ ഇങ്ങനെ കയറൂരി വിട്ടാൽ ഈ ഫാസിസ്റ്റ് കഴുകൻ കൂട്ടങ്ങൾ സ്വാഭാവിക പരിണതിയെന്ന നിലയിൽ ബിജെപി അടക്കമുള്ള ഫാസിസത്തിന്റെ ചില്ലകളിലേക്കായിരിക്കും ചേക്കേറുക എന്ന് എഡിറ്റ് പേജിൽ ദേവിക എഴുതിയ വാതിൽപ്പഴുതിലൂടെ എന്ന പംക്തിയിൽ പറയുന്നു. 

ലേഖനത്തിൽ നിന്ന്: എസ്എഫ്ഐയെ ഇങ്ങനെ കയറൂരിവിട്ടാല്‍ ഈ വിദ്യാര്‍ത്ഥി നേതാക്കള്‍ എങ്ങോട്ടാണ് കൂടണയുക എന്ന് വര്‍ത്തമാനകാല രാഷ്ട്രീയം പരിശോധിച്ചാല്‍ മതി. എസ്എഫ്ഐയുടെ മുന്‍ സംസ്ഥാന പ്രസിഡന്റും മുന്‍ ലോക്‌സഭാംഗവുമായ എ പി അബ്ദുള്ളക്കുട്ടിയാണ് ഇന്ന് ബിജെപിയുടെ ദേശീയ ഉപാധ്യക്ഷന്‍. ഋതബ്രത ബാനര്‍ജിയെന്ന എസ്എഫ്ഐ മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഇന്ന് ബിജെപിയിലാണ്. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റുമാരും എസ്എഫ്ഐ അഖിലേന്ത്യാ നേതാക്കളുമായിരുന്ന ഷക്കില്‍ അഹമ്മദ് ഖാനും ബിട്ടലാല്‍ ബറുവയും സയ്യിദ് നാസര്‍ഹുസൈനും ഇപ്പോള്‍ ബിജെപിയിലും കോണ്‍ഗ്രസിലും തൃണമൂല്‍ കോണ്‍ഗ്രസിലുമാണ്. എന്തേ ഇങ്ങനെയെല്ലാം എന്ന് മനസിരുത്തി ചിന്തിച്ചില്ലെങ്കില്‍ വളര്‍ന്നുവരുന്ന ഈ ഫാസിസ്റ്റ് കഴുകന്‍ കൂട്ടങ്ങള്‍ സ്വാഭാവിക പരിണതിയെന്ന നിലയില്‍ ഫാസിസത്തിന്റെ ചില്ലകളിലേക്കായിരിക്കും ചേക്കേറുക.

രണ്ടു വര്‍ഷം മുമ്പ് യൂണിവേഴ്‌സിറ്റി കോളേജില്‍ മാനസികരോഗമുള്ള ചില എസ്എഫ്ഐ നേതാക്കള്‍ തങ്ങളുടെ ഒരു സഖാവിന്റെ ഇടനെഞ്ചിലാണ് കഠാര കയറ്റിയത്. ഈ കുത്തുകേസിലെ പ്രതികള്‍ തന്നെയായിരുന്നു പരീക്ഷാ തട്ടിപ്പിലേയും പിഎസ്‌സി തട്ടിപ്പിലേയും പ്രതികള്‍. ക്രിമിനല്‍ കേസുകളുടെ എണ്ണം തികച്ച് യുവജനസംഘടനാ നേതൃത്വത്തിലേക്ക് പ്രൊമോഷന്‍ നേടാനുള്ള തത്രപ്പാടായിരുന്നു ഇത്. യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവങ്ങള്‍ ബഹുജന മധ്യത്തില്‍ രോഷാഗ്നിയായി പടര്‍ന്നതോടെ കാമ്പസുകളിലെ എസ്എഫ്ഐ അതിക്രമങ്ങള്‍ക്ക് തെല്ലൊരു അറുതിയുണ്ടായിരുന്നു. എന്നാല്‍ രണ്ടാം ഘട്ടം എംജി യൂണിവേഴ്‌സിറ്റിയില്‍ അരങ്ങേറിയിരിക്കുന്നു. കൂടെ നിന്നു പൊരുതേണ്ട എഐഎസ്എഫിന്റെ സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷാ രാജ് നേതാവിനെ കഴുത്തോളം പൊങ്ങി ചവിട്ടുന്ന എസ്എഫ്ഐക്കാരന്‍. എഐഎസ്എഫ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നതിന് നേതൃത്വം നൽകിയത് വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അരുണും എസ്എഫ്ഐ നേതാവായ ആര്‍ഷോയും.

നിമിഷയെ എസ്എഫ്ഐക്കാര്‍ പെടുത്തിയത് പഴയ ഭാഷയിലെ ജാതിപ്പേരില്‍, ബലാത്സംഗം ചെയ്യുമെന്ന മാടമ്പി ഭാഷയിലുള്ള താക്കീതും. നവോത്ഥാനത്തിന്റെ വനിതാമതില്‍ തീര്‍ത്ത കേരളത്തില്‍ ഇനിയുമുണ്ടാകേണ്ടേ മനുവിരുദ്ധ വനിതാ മതിലുകള്‍ എന്ന ചോദ്യമുന്നയിച്ചു കൊണ്ടാണ് ലേഖനം അവസാനിപ്പിക്കുന്നത്.

Content Highlights: janayugam editorial against sfi