ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ | Photo - Sabu Scaria, Mathrubhumi
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ വിസ്സമതിച്ച കേരള ഗവര്‍ണറെ വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗം. ഫെഡറലിസം സംരക്ഷിക്കാന്‍ ഗവര്‍ണര്‍മാരെ നിലയ്ക്ക് നിര്‍ത്തണം എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് ഗവര്‍ണര്‍ക്കും കേന്ദ്രസര്‍ക്കാരിനുമെതിരേ സിപിഐ രൂക്ഷവിമര്‍ശനം ഉന്നയിക്കുന്നത്.
നയപ്രഖ്യാപനത്തില്‍ ഒപ്പുവെക്കാന്‍ വിസമ്മതിച്ച ഗവര്‍ണറുടെ നടപടി ഭരണഘടനാവിരുദ്ധമാണ്. തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുടെ ഭരണനിര്‍വഹണ പ്രക്രിയയിലും പ്രതിപക്ഷ പാര്‍ട്ടികള്‍ നേതൃത്വം നല്കുന്ന ഭരണകൂടങ്ങളുടെ നയപരിപാടികളിലും കൈകടത്താനും മോദി ഭരണകൂടം നടത്തുന്ന ശ്രമങ്ങള്‍ ഫെഡറല്‍ സംവിധാനത്തിന് ഭീഷണിയായി മാറി. സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശത്തിന് നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്കുള്ള ആയുധമായി മാറുകയാണ് ഗവര്‍ണര്‍ പദവി.
നയപ്രഖ്യാപന പ്രസംഗത്തിനോടുള്ള ഗവര്‍ണറുടെ എതിര്‍പ്പ് അതിന്റെ ഉള്ളടക്കത്തോട് ഉള്ളതല്ലെന്നാണ് മനസിലാകുന്നത്. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ ഭരണ നയങ്ങളോടുള്ള പരിഹാസ്യമായ എതിര്‍പ്പാണ് ഗവര്‍ണര്‍, പിന്നീട് പിന്‍വലിച്ചെങ്കിലും, പ്രകടിപ്പിച്ചത്. കേരളാ ഗവര്‍ണറുടെ നടപടികള്‍ ഒറ്റപ്പെട്ടതല്ലെന്നും അത് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഗവര്‍ണര്‍മാര്‍ അവലംബിക്കുന്ന പൊതു സമീപനം ആണെന്നും ഇതിനോടകം വ്യക്തമാണ്.
ഗവര്‍ണര്‍ പദവി കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ അല്പത്തം നടപ്പാക്കാനുള്ള സ്ഥാപനങ്ങളല്ല. മോദി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ ഹീനശ്രമങ്ങള്‍ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ സര്‍ക്കാരുകള്‍ ഒറ്റക്കെട്ടായി എതിര്‍ത്തു പരാജയപ്പെടുത്തേണ്ടതുണ്ട്. അതല്ലാത്തപക്ഷം ഭരണഘടനയുടെ തകര്‍ച്ചയായിരിക്കും ഫലമെന്ന് ജനയുംഗം മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.
Content Highlights : CPIM 'Janayugam' criticism on Governor Arif Mohammad Khan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..