ജനാർദ്ദനൻ.ഫോട്ടോ:മാതൃഭൂമി
കോഴിക്കോട്: ബീഡി തെറുത്ത് സ്വരുക്കൂട്ടി വെച്ച രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ വാക്സിൻ ചാലഞ്ചിലേക്ക് നൽകിയാണ് കണ്ണൂരിലെ ബീഡി തൊഴിലാളി ജനാർദ്ദനേട്ടൻ ഹിറ്റായത്. പാർട്ടിയെ ജീവനുള്ള കാലം വരെ ചേർത്ത് നിർത്തുമെന്ന് പറഞ്ഞ് കമ്യൂണിസത്തെ നെഞ്ചേറ്റിയ എഴുപതുകാരൻ. പാർട്ടിക്ക് വേണ്ടി ജീവൻ പോലും സമർപ്പിക്കാൻ ഒരുങ്ങി നിൽക്കുന്ന ജനാർദ്ദനേട്ടൻ ഇപ്പോൾ പുതിയൊരു തീരുമാനമെടുത്തിരിക്കുന്നു. കണ്ണൂർ താഴെ ചൊവ്വയിലുള്ള പതിനാറ് സെന്റ് സ്ഥലത്തെ വീടും സ്ഥലവും പാർട്ടിക്ക് സംഭാവന നൽകാൻ ഒരുങ്ങുകയാണ് ജനാർദ്ദനേട്ടൻ.
സെന്റിന് നാല് ലക്ഷത്തോളം വിലയുള്ള സ്ഥലമാണ് ഞാൻ ഇപ്പോൾ താമസിക്കുന്നയിടം. ഇതിൽ നിന്ന് വിറ്റ് കിട്ടുന്ന തുകയിൽ നിന്ന് പത്ത് ലക്ഷം വീതം രണ്ട് പെൺമക്കൾക്കും രണ്ട് ലക്ഷം ഭാര്യയുടെ അമ്മയ്ക്കും കൊടുക്കണം. ബാക്കി പാർട്ടിക്ക് നൽകാനാണ് ഒരുങ്ങുന്നതെന്ന് ഇദ്ദേഹം മാതൃഭൂമി ഡോട്കോമിനോട് പറഞ്ഞു. ഭാര്യയും ഞാനും ജോലി ചെയ്ത് ഉണ്ടാക്കിയതാണ് ഈ വീട്. രണ്ട് പേരും അന്നേ തീരുമാനമെടുത്തിരുന്നു ഈ പതിനാറ് സെന്റിലെ വീടും സ്ഥലവും പാർട്ടിക്ക് നൽകാൻ. ഞാനാണ് ആദ്യം മരിച്ചതെങ്കിൽ വീട് ഭാര്യയ്ക്കും സ്ഥലം പാർട്ടിക്കും നൽകാനായിരുന്നു തീരുമാനം. പക്ഷെ കഴിഞ്ഞവർഷം ഭാര്യ മരിച്ചതോടെയാണ് ഞാൻ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്ന് അദ്ദേഹം പറയുന്നു.
പാർട്ടിക്ക് വേണ്ടി ജീവൻ ത്യജിക്കണമെന്നായിരുന്നു തന്റെ സ്വപ്നം. പക്ഷെ അതിന് സാധിച്ചില്ല. അതിന് പകരമെന്നോണമാണ് വീടും സ്ഥലവും നൽകാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് പെൺമക്കളുണ്ട് ജനാർദ്ദനേട്ടന്‍. രണ്ട് പേരെയും വിവാഹം കഴിച്ചയച്ചതുമാണ്. അവർക്ക് കൊടുക്കേണ്ടത് കൊടുത്താൽ പിന്നെ തനിക്ക് എന്തിനാണ് വീടും പറമ്പുമെന്നും അദ്ദേഹം ചോദിക്കുന്നു.
ഓരോ മനുഷ്യരും ഓക്സിജൻ കിട്ടാതെ മരിക്കുന്ന വാർത്ത കേട്ടപ്പോൾ മരുന്നിന് വിലയിട്ടതറിഞ്ഞായിരുന്നു രണ്ട് ലക്ഷം രൂപ ജനാർദ്ദനൻ വാക്സിൻ ചാലഞ്ചിലേക്ക് കൈമാറിയത്. തുടർന്ന് പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കും ജനാർദ്ദനന് ക്ഷണമുണ്ടായിരുന്നു. ലോക്ക് ഡൗൺ ആയത് കൊണ്ടാണ് സ്വത്ത് കൈമാറാനുള്ള നിയമപരമായ കാര്യങ്ങൾ നടക്കാത്തത്. ഇപ്പോൾ വേണമെങ്കിൽ ഇപ്പോൾ നൽകുമെന്നും ജനാർദ്ദനൻ ചൂണ്ടിക്കാട്ടി. ഞാനൊരു വികലാംഗനാണ്. എന്റെ ഇടത്തെ ചെവിക്ക് കേൾവിശക്തിയില്ല. വലത്തെ ചെവി ഓപ്പറേഷൻ ചെയ്തിരിക്കുകയാണ്. സർക്കാരിന്റെ ചെലവിലായിരുന്നു ഓപ്പറേഷൻ.തനിക്കെന്തെങ്കിലും ഇനിയും പറ്റിയാൽ പാർട്ടിയും സർക്കാരും നോക്കുമെന്നും ്അദ്ദേഹം പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..