-
തിരുവനന്തപുരം: മന്ത്രി ജി.സുധാകരന്റെ മകനടക്കമുള്ള സിപിഎമ്മുകാര്‍ക്കും ജനം ടിവിയില്‍ ഓഹരിയുണ്ടെന്ന ചാനല്‍ ചീഫ് എഡിറ്റര്‍ ജി.കെ.സുരേഷ് ബാബുവിന്റെ വെളിപ്പെടുത്തല്‍ പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിടുന്നു. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജനം ടിവിയിലെ മാധ്യമ പ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് സിപിഎം ബിജെപിക്കെതിരെ ആയുധമാക്കിയിരുന്നു.
സ്വപ്‌ന സുരേഷിന് ജനത്തില്‍ ഓഹരിയുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു. ഇതിനിടയിലാണ് മന്ത്രിയുടെ മകന് ജനം ടിവിയില്‍ ഓഹരിയുണ്ടെന്ന ജി.കെ.സുരേഷ് ബാബുവിന്റെ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. സംഭവത്തില്‍ ബിജെപി-സിപിഎം ബന്ധം പുറത്തായെന്ന് ആരോപിച്ച് യുഡിഎഫ് രംഗത്തെത്തിയിട്ടുണ്ട്.
'സ്വപ്‌നയ്ക്ക് ഓഹരിയുണ്ടെന്നാണ് സിപിഎമ്മുകാര്‍ പ്രചരിപ്പിക്കുന്നത്. ഇത് പച്ചക്കള്ളമാണ്. ഒരു സാമൂഹ്യദ്രോഹിക്കും ജനത്തില്‍ ഓഹരിയില്ലെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കും. കാരണം ഓരരോത്തരുടേയും പശ്ചാത്തലം പരിശോധിച്ചാണ് ഓഹരി നല്‍കിയിട്ടുള്ളത്. ദേശീയ താത്പര്യമുള്ളവരെ മാത്രമാണ് ഇതില്‍ പങ്കാളിയാക്കിയതും. 5300 ഷെയര്‍ ഹോള്‍ഡേഴ്‌സുണ്ട്. ഇതില്‍ കൂലിപ്പണിയെടുക്കുന്നവര്‍ മുതല്‍ ഐടി പ്രഫഷണലുകള്‍ വരെയുണ്ട്. സിപിഎമ്മുകാരുമുണ്ട്. പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ മകനും ഷെയര്‍ഹോള്‍ഡറാണ്' ജനം ചീഫ് എഡിറ്റര്‍ ജി.കെ.സുരേഷ് ബാബു പറഞ്ഞു.
ജനം ഏതെങ്കിലും പാര്‍ട്ടിയുടെ ചാനലോ അവരുടെ നിയന്ത്രണത്തിലോ അല്ലെന്നും സുരേഷ് ബാബു കൂട്ടിച്ചേര്‍ത്തു. ജനം ബിജെപി ചാനലല്ലെന്ന കെ.സുരേന്ദ്രന്റെ പ്രസ്താവനയോടും അദ്ദേഹം യോജിച്ചു.
സ്വര്‍ണക്കടത്ത് കേസില്‍ കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യംചെയ്തതിനു പിന്നാലെ ജനം ടി.വി.യെ ബി.ജെ.പി. തള്ളിപ്പറഞ്ഞത് കടന്നകൈയായിപ്പോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറയുകയുണ്ടായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..