തിരുവനന്തപുരം: സോളാര്‍ നടപടിയില്‍ ആര്‍ക്കും വെപ്രാളം വേണ്ടെന്ന് മുഖ്യമന്ത്രി. നടപടിയെടുക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. അതാണ് നിര്‍വ്വഹിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് ഇടതുമുന്നണിയുടെ ജനജാഗ്രതാ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ നിയമപരമായി എന്തെല്ലാം നടപടി സ്വീകരിക്കേണ്ടതുണ്ടോ അതെല്ലാം സര്‍ക്കാര്‍ ചെയ്യും. അതില്‍ ആരും വെപ്രാളപ്പെട്ടിട്ട് കാര്യമില്ല. മുന്‍ യുഡിഎഫ് സര്‍ക്കാരാണ് അന്വേഷണത്തിനായി കമ്മീഷനെ നിയോഗിച്ചത്. കമ്മീഷന്‍ ഏറെ സമയമെടുത്തു തന്നെ അതെല്ലാം പൂര്‍ത്തിയാക്കി. ഇനി നിയമനടപടികള്‍ പൂര്‍ത്തിയാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും പിണറായി വ്യക്തമാക്കി. 

ജനരക്ഷാ യാത്രയുടെ മറവില്‍ ബിജെപി സിപിഎമ്മിനെതിരെ ആക്രമണം അഴിച്ചുവിട്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. കേരളത്തെ കീഴ്‌പ്പെടുത്തുമെന്ന വാശിയോടെയാണ് ബിജെപി യാത്ര നടത്തിയതെങ്കിലും യാത്ര നാടിനെതിരെയാണെന്ന് ജനം തിരിച്ചറിഞ്ഞു. 

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ അവസാനിപ്പിക്കുക, വര്‍ഗീയതയെ ചെറുക്കുക എന്നീ മുദ്രാവാക്യങ്ങളുമായാണ് ഇടതുമുന്നണി ജനജാഗ്രതാ യാത്രകള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്നും സിപിഐ സംസ്ഥാന സെക്രട്ടറി നയിക്കുന്ന തെക്കന്‍ മേഖലാ ജാഥ മുഖ്യമന്ത്രി പിണറായി വിജയനും മഞ്ചേശ്വത്ത് നിന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന വടക്കന്‍ മേഖലാ ജാഥ സിഐ ദേശീയ സെക്രട്ടറി ഡി രാജയും ഉദ്ഘാടനം ചെയ്തു. നവംബര്‍ ഒന്നിനാണ് യാത്ര സമാപിക്കുക.