ജനശതാബ്ദി എക്‌സ്പ്രസ് | ഫൊട്ടോ: മാതൃഭൂമി
കോഴിക്കോട്: യാത്രക്കാരുടെ കുറവ് ചൂണ്ടിക്കാട്ടി കേരളത്തിനകത്ത് സര്‍വീസ് നടത്തുന്ന ജനശതാബ്ദിയടക്കമുള്ള ട്രയിനുകൾ ഓട്ടം നിര്‍ത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ലെന്ന് റെയില്‍വേ അധികൃതര്‍. തിരുവനന്തപുരം-കോഴിക്കോട്, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ്സുകള്‍, എറണാകുളം-വേണാട് സ്‌പെഷ്യല്‍ ട്രെയിനുകള്‍ എന്നിവയായിരുന്നു ശനിയാഴ്ച മുതല്‍ നിര്‍ത്തുമെന്ന വാര്‍ത്ത വന്നത്. എന്നാല്‍ യാത്രക്കാരുടെ കുറവ് സംബന്ധിച്ച് ദക്ഷിണ റെയില്‍വേ കണക്കെടുത്തിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് കേരളത്തില്‍ നിന്നുള്ള റെയില്‍വേ അധികൃതര്‍ അറിയിച്ചു.
യാത്രക്കാര്‍ കുറയുന്ന തീവണ്ടികള്‍ സര്‍വീസ് നടത്തേണ്ടെന്ന് റെയില്‍വേ ബോര്‍ഡിനുള്ളില്‍ നിര്‍ദേശം ഉണ്ട്. എന്നാല്‍ ഔദ്യോഗികമായി ഉത്തരവ് എത്തിയിട്ടില്ല. 25 ശതമാനമെങ്കിലും യാത്രക്കാരില്ലാതെ ഓടുന്ന വണ്ടികള്‍ റദ്ദാക്കുമെന്നാണ് അറിയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടി.
നിലവില്‍ തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദിയില്‍ ആകെ ശേഷിയുടെ 24.25 ശതമാനവും തിരുവനന്തപുരം-കണ്ണൂര്‍ ശതാബ്ദിയില്‍ 20.86 ശതമാനവും വേണാടില്‍ 13.29 ശതമാനവും മാത്രമാണ് കോവിഡ് പശ്ചാത്തലത്തില്‍ യാത്രക്കാരുള്ളത്. ജനശതാബ്ദി സര്‍വീസ് നിര്‍ത്തുകയാണെങ്കില്‍ ജില്ലകളില്‍ ഒരു സ്റ്റോപ്പുവെച്ച് പകരം കെ.എസ്.ആര്‍.ടി.സി സ്‌പെഷ്യലായി ഇതേ സമയത്ത് സര്‍വീസ് നടത്താനുള്ള സാധ്യതയുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചയും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..