പ്രതീകാത്മക ചിത്രം
കൊച്ചി: യാത്രക്കാരെല്ലാം കയറുംമുന്നേ കണ്ണൂരേക്കുള്ള ജനശതാബ്ദി മുന്നോട്ടെടുത്തത് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ വലിയ പരിഭ്രാന്തിയുണ്ടാക്കി. യാത്രക്കാരില്‍ ചിലര്‍ ചങ്ങല വലിച്ച് വണ്ടി നിര്‍ത്തിയതിനാല്‍ വന്‍ദുരന്തമൊഴിവായി.
തീവണ്ടി മുന്നോട്ടെടുക്കുമ്പോള്‍ ഓരോ ബോഗിക്കു മുന്നിലും പത്തുംഇരുപതും യാത്രക്കാര്‍ കയറാനായി നില്‍പ്പുണ്ടായിരുന്നു. തീവണ്ടി മുന്നോട്ടെടുത്തതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. റെയില്‍വേ സ്റ്റേഷനില്‍ സംഘര്‍ഷാവസ്ഥയുണ്ടാവുകയും ചെയ്തു. തിക്കിലും തിരക്കിലും പ്ലാറ്റ്ഫോമില്‍ വീണ് ചില യാത്രക്കാര്‍ക്ക് ചെറുതായി പരിക്കേറ്റു. ഇവര്‍ക്ക് പരിചരണങ്ങള്‍ നല്കി. പിന്നീട് എട്ടു മിനിറ്റ് വൈകിയാണ് ജനശതാബ്ദി പുറപ്പെട്ടത്.
തിരുവനന്തപുരത്തു നിന്ന് കോട്ടയം വഴി കണ്ണൂര്‍ക്കുള്ള ജനശതാബ്ദി എക്സ് പ്രസിന് എറണാകുളം നോര്‍ത്ത് (ടൗണ്‍) സ്റ്റേഷനില്‍ സ്റ്റോപ്പ് നാലുമിനിറ്റാണ്. നേരത്തെ ഇത് അഞ്ചു മിനിറ്റ് ആയിരുന്നു. ഞായര്‍, വെള്ളി ദിവസങ്ങളില്‍ യാത്രക്കാര്‍ കൂടുതലുള്ളതിനാല്‍ കയറാനും ഇറങ്ങാനും നാലുമിനിറ്റ് മതിയാവാറില്ല. എന്നിട്ടും നാലുമിനിറ്റാക്കി സമയം കുറച്ചിരിക്കുകയാണ്. യാത്രക്കാര്‍ ഏറെയുള്ള ഞായര്‍, വെള്ളി ദിവസങ്ങളില്‍ വണ്ടികയറാനായി ഉന്തും തള്ളും ഉണ്ടാകാറുണ്ട്.
ഞായറാഴ്ച 6.55-ന് എത്തുന്ന തീവണ്ടി ഏഴുമണിക്കാണ് പുറപ്പെടുന്നത് എന്ന ധാരണയിലായിരുന്നു യാത്രക്കാര്‍. എന്നാല്‍ ഇത് 6.59 ആക്കിയത് അറിഞ്ഞിരുന്നില്ല. നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ സിഗ്നല്‍ മാറുന്നത് അറിയാന്‍ സാധിക്കാത്ത പ്രശ്നവുമുണ്ട്. തീവണ്ടിപ്പാത വളയുന്നിടത്താണ് സിഗ്നല്‍ എന്നതിനാല്‍ റെയില്‍വേ സ്റ്റേഷന്റെ കവാടഭാഗത്തുനിന്ന് നോക്കിയാല്‍ കാണാനും സാധിക്കില്ല.
തീവണ്ടി മുന്നോട്ടെടുത്തപ്പോഴേക്കും ചിലര്‍ കവാടത്തില്‍ തൂങ്ങാന്‍ ശ്രമിച്ചതുകണ്ട് സ്ത്രീകളടക്കം നിലവിളിയായി. ഇതോടെയാണ് 'ഡി അഞ്ച്' ബോഗിയിലുണ്ടായിരുന്ന യാത്രക്കാര്‍ ചങ്ങല വലിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..