കോഴിക്കോട്: ഈശോ സിനിമയുമായി ബന്ധപ്പെട്ട് ക്രിസംഘി പരാമര്‍ശം നടത്തിയതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു വിഭാഗത്തിന്റെ വിമര്‍ശനം ഏറ്റുവാങ്ങിയ ഫാദര്‍ ജെയിംസ് പനവേലിന്റെ മറ്റൊരു പ്രസംഗവും ശ്രദ്ധയാകര്‍ഷിക്കുന്നു. നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം നടത്തിയ പ്രസംഗമാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ബൈബിള്‍ വചനങ്ങളേയും ദൈവത്തെയും ഉദാഹരിച്ച് കൊണ്ട്  ജെയിംസ് പനവേലില്‍ നടത്തിയ പ്രസംഗം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ഫാദര്‍ ജെയിംസ് പനവേലിന്റെ വാക്കുകള്‍ 

'കര്‍ഷകനല്ലേ മാഡം ഒന്ന് കളപറിക്കാന്‍ ഇറങ്ങിയതാണ്... ഇത് ലൂസിഫര്‍ എന്ന സിനിമയില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയായ മോഹന്‍ലാലിന്റെ വാക്കാണ്. ഈ ഡയലോഗ്‌ പറയുമ്പോള്‍ അദ്ദേഹത്തിന്റെ ഷര്‍ട്ടില്‍മൊത്തം ചോര പുരണ്ടിട്ടുണ്ട്. ഈ കളപറിക്കല്‍ ലോക ചരിത്രത്തില്‍ പലപ്പോഴും ഉണ്ടായിട്ടുള്ളതാണ്. രക്തരൂക്ഷിതമായ കളപറിക്കല്‍. എനിക്ക് അപകടമുണ്ടാക്കുന്നവനെ, എനിക്ക് ഇഷ്ടമില്ലാത്തവനെ, എന്റെ ചിന്തയോട് ചേര്‍ന്നുപോകാത്തവനെ ഒരു കള പറിച്ച് കളയുന്നത് പോലെ തള്ളിക്കളയുന്ന കളപറിക്കലിന്റെ ഒരു രീതിയുണ്ട്. 

ദൈവം എല്ലാവരേയും ഒരുപോലെ വളരാന്‍ അനുവദിക്കുന്നു. യജമാനന്‍ മിടുക്കനാണെങ്കില്‍ അവിടെ വിള മാത്രം വളരുന്ന തീരിയില്‍ അദ്ദേഹത്തിന് പ്ലാന്‍ ചെയ്യാമായിരുന്നു. ഒരു വിഭാഗം മാത്രം മതി ലോകത്തില്‍ എന്ന് ചിന്തിക്കാമായിരുന്നു. പക്ഷേ അങ്ങനെ ചിന്തിക്കുന്നില്ല എന്നതാണ് ഈ ദൈവത്തെ വ്യത്യസ്തനാക്കുന്നത്. ഇവിടെ ഒരു മതം മാത്രമാണ് ലോകത്തിലുള്ളതെങ്കില്‍, ഒരേ ചിന്തിഗതിയുള്ളവര്‍ മാത്രമാണ് ലോകത്തില്‍ പുലരുന്നതെങ്കില്‍, ഒരേ ഉടുപ്പിട്ടവര്‍ മാത്രമാണ് നടക്കുന്നതെങ്കില്‍ ഈ ലോകം എന്ത് സൂപ്പറായിരുന്നേനെ എന്നൊരു പക്ഷേ നമ്മുടെ ലോജിക് ചിന്തിച്ചേക്കാം. 

അവിടെയാണ് ദൈവത്തിന്റെ ലോജിക് വ്യത്യസ്തമാകുന്നത്. എല്ലാവരും വളരട്ടെ, വ്യത്യസ്തതയുള്ളവര്‍ വളരട്ടെ, വ്യത്യസ്ത മതങ്ങള്‍ വളരട്ടെ, വ്യത്യസ്ത ചിന്തകള്‍ വളരട്ടെ... ഈ തുറതയാണ് ദൈവമെന്ന വലിയ മനസ്. എല്ലാവരെയും എല്ലാ വ്യത്യസ്ഥതകളെയും ഉള്‍ക്കൊള്ളാന്‍ വലിയ മനസുള്ള ദൈവം ഉണ്ടാകുമ്പോള്‍ ദൈവത്തിന്റെ ശിഷ്യരെന്ന് അവകാശപ്പെടുന്ന നമുക്ക് എന്തുകൊണ്ടാണ് ചെറിയ ഒരുവിഭാഗത്തെ, ചെറിയ ഒരു മനുഷ്യരെ, കുറച്ച് ചിന്തകളെ എന്തുകൊണ്ടാണ് ഉള്‍കൊള്ളാന്‍ പറ്റാത്തത്. ഇവിടെ വിളയോടുള്ള സ്‌നേഹത്തെക്കാള്‍ കളയോടുള്ള അസഹിഷ്ണുതയാണ് മുഴങ്ങി കേള്‍ക്കുന്നത്. '

Content Highlights: James Panavelil New Speech