ചണ്ഡീഗഢ്‌: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കന്യാസ്ത്രീയുടെ ലൈംഗികപീഡന പരാതിയില്‍ കേരള പോലീസ്  ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്ന് ജലന്ധര്‍ പോലീസ് കമ്മീഷണര്‍ പി.കെ സിന്‍ഹ. കേരളാ പോലീസ് ഇതുവരെ വിളിച്ചിട്ടു പോലുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കോട്ടയം എസ്.പിയെ അങ്ങോട്ട് വിളിച്ചിരുന്നു. പോലീസ് സംഘം ജലന്ധറിലേക്ക് പുറപ്പെട്ടിട്ടില്ലെന്ന് എസ്.പിയില്‍നിന്ന് മനസ്സിലാക്കി. ബിഷപ്പിനെ ചോദ്യം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് കേരള പോലീസിന് എല്ലാ സഹായവും നല്‍കുമെന്നും സിന്‍ഹ പറഞ്ഞു. 

കന്യാസ്ത്രീക്ക് എതിരായി ബിഷപ്പ് നല്‍കിയ പരാതി മാത്രമാണ് തങ്ങളുടെ കയ്യില്‍ ഉള്ളത്. കന്യാസ്ത്രീയുടെ സഹോദരന്‍ ഭീഷണിപ്പെടുത്തിയതായും  തന്റെ സുരക്ഷക്ക് ഭീഷണി ഉണ്ടെന്നും പരാതിയില്‍ പറയുന്നു. പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ ഗൗരവമുള്ളതായി പോലീസിന് തോന്നിയിട്ടില്ല. ഈ പരാതിയില്‍ കേസെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല. ബിഷപ്പിന് പ്രത്യേക സുരക്ഷ നല്‍കുന്നില്ല. കന്യാസ്ത്രീയോടും സഹോദരനോടും പോലീസ് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിന്‍ഹ വ്യക്തമാക്കി.  

കേസില്‍ കേരളത്തില്‍ നിന്ന് പരമാവധി തെളിവുകള്‍ ശേഖരിച്ച ശേഷം മതി ജലന്ധറിലേക്ക് പോകുക എന്ന നിലപാടായിരുന്നു കേരളാ പോലീസ് സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇത്രയും പ്രാധാന്യം ഉള്ളൊരു കേസില്‍ കേരള പോലീസിന്റെ ഭാഗത്ത് നിന്നും ഒരു ഫോണ്‍കോള്‍ പോലും ജലന്ധര്‍ പോലീസിലേക്ക് ഉണ്ടായിട്ടില്ലെന്ന വെളിപ്പെടുത്തല്‍ വരും ദിവസങ്ങളില്‍ വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയേക്കും. 

content highlights: jalandhar police commissioner pk sinha on bishop sexual assault case