കോട്ടയം: 15 ദിവസം മുമ്പ് മരിച്ച അമ്മയുടെ ശവസംസ്കാരം എങ്ങനെ നടത്തുമെന്നറിയാതെ മാനസിക സംഘര്‍ഷം അനുഭവിച്ച് ഒരു കുടുംബം. മൃതദേഹത്തോട് അനാദരവു കാട്ടിയാല്‍ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം ക്രിമിനല്‍ കുറ്റമാണ്. ഒരുവര്‍ഷം വരെ തടവോ,പിഴയോ രണ്ടും കൂടെയോ ശിക്ഷ കിട്ടാവുന്ന കുറ്റമെന്നിരിക്കെ കടുത്ത മനുഷ്യാവകാശ ലംഘനം നേരിടുകയാണ് ഈ കുടുംബം.
രണ്ടാഴ്ച മുമ്പ് മരിച്ച അമ്മയുടെ ശവസംസ്കാരം എങ്ങനെ നടത്തുമെന്നറിയാതെ യാക്കോബായ വിശ്വാസികളായ കുടുംബാംഗങ്ങള്‍ വലയുന്നു. സഭാതര്‍ക്കത്തിന്റെ ബലിയാടുകളായി മാറുന്ന വിശ്വാസികളുടെ വേദനയുടെ മുഖം. ശവസംസ്കാരത്തിന് അനുവദിക്കാത്ത പ്രശ്നത്തില്‍ ദേശീയമനുഷ്യാവകാശ കമ്മീഷന്, സംസ്ഥാന മനുഷ്യാവകാശകമ്മീഷനോട് കേസ് പരിഗണിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നു. ഇതനുസരിച്ച് സംസ്ഥാന മനുഷ്യാവകാശകമ്മീഷന് സര്‍ക്കാറിനോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.ചീഫ് സെക്രട്ടറിയും സംസ്ഥാനപോലിസ് മേധാവിയും ദേവലോകം അരമന സഭാമേലധ്യകഷനും 15-നകം വിശദീകരണം നല്‍കണമെന്നാണ് കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ നിര്‍ദ്ദേശം.
അതിനിടെ യാക്കോബായ സഭ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിവരുന്ന സഹനസമരം ചൊവ്വാഴ്ച എട്ടാം ദിവസത്തിലേക്ക് കടന്നു.സഭയോടുള്ള മനുഷ്യാവകാശലംഘനത്തിലും നീതി നിഷേധത്തിലും പ്രതിഷേധിച്ച് മനുഷ്യമതില്‍ തീര്‍ക്കുകയാണ് വിശ്വാസികള്‍ ഇന്ന്. തുടക്കത്തില്‍ ഒരേ സഭയായിരുന്നു.പലകാരണങ്ങളാല്‍ പിണങ്ങിയും പിളര്‍ന്നും അകന്നും കേസ് കൊടുത്തും ഉടമ്പടി ചെയ്തും വീണ്ടും അകന്നും സുപ്രിം കോടതിവരെ ചെന്നെത്തിയ അവസ്ഥ.. സുപ്രിംകോടതിയുടെ വിധി അനുസരിച്ച് പള്ളികള്‍ മറുവിഭാഗം പിടിച്ചെടുത്തുകൊണ്ടിരിക്കുന്നു. പക്ഷേ സാധാരണവിശ്വാസികളെ വലയ്ക്കുന്നത് ഇതൊന്നുമല്ല.
തങ്ങളുടെ വീട്ടിലൊരാള് മരിച്ചാല്‍ എവിടെ സംസ്കരിക്കും.പള്ളികള്‍ പിടിച്ചെടുക്കുന്നതിനെക്കാള് യാക്കോബായ വിശ്വാസികളുടെ മുമ്പില്‍ വലിയ ചോദ്യചിഹ്നമായി ശവസംസ്കാരം മാറിയിരിക്കയാണ്. വീട്ടില്‍ വയോജനങ്ങളുള്ള കുടുംബാംഗങ്ങള്‍ക്ക് ആധിയേറുന്നു. മരണം ഏതു സമയത്തും ഏതു പ്രായത്തിലും സംഭവിക്കാം. സഭയുടെ വിശ്വാസപ്രമാണം അനുസരിച്ച് പൂര്‍വ്വികരുടെ കല്ലറയില്‍ സംസ്കരിക്കപ്പെടുക എന്നത് അവകാശമാണ്, അതിനാണ് കുടുംബക്കല്ലറ വാങ്ങിയിട്ടിരിക്കുന്നത്. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിര്‍ദ്ദിഷ്ട പള്ളികളില്‍ പ്രവേശിക്കുന്നതും ശവസംസ്കാരം നടത്തുന്നതും ഉള്‍പ്പടെയുള്ള എല്ലാ അവകാശങ്ങളും യാക്കോബായ വിശ്വാസികള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു.ഇനി തങ്ങളുടെ പൂര്വ്വപിതാക്കന്മാര് പണിത പള്ളികളില്‍ പ്രവേശിക്കണമെങ്കില്‍ എതിര് പക്ഷത്തിന്റെ സഭയില്‍ അംഗത്വം എടുക്കുന്നതായി രേഖാമൂലം എഴുതി നല്‍കണം.ശവസംസ്കാര ചടങ്ങുകള്‍ക്കും അവര്‍ കാര്‍മികത്വം വഹിക്കും. ഇന്നലെ വരെ കുടുംബവുമായി ഒരു ബന്ധവുമില്ലാതിരുന്ന, എതിര് പക്ഷസഭയിലുള്ള ഒരു പുരോഹിതന് തങ്ങളുടെ പ്രിയപ്പെട്ടവരുടെ അന്ത്യ ശുശ്രൂഷ നടത്തുന്നത് ഉള്‍ക്കൊള്ളാനാവുന്നില്ല. മാനസ്സികമായി അവരില്‍ ഭൂരി ഭാഗവും അതിന് തയ്യാറല്ല. മറ്റൊരു ശ്മശാനം ഉടന്‍ ഉണ്ടാക്കിയെടുക്കുകയെന്നത് അത്ര എളുപ്പമല്ല. അതിന് ഒരുപാട് നിയമപരമായ കടമ്പകളുമുണ്ട്.
രണ്ടാഴ്ചയായിട്ടും സംസ്കാരം നടത്താനാവാതെ...
ആലപ്പുഴ ജില്ലയിലെ കട്ടച്ചിറ നാളുകളായി ജനശ്രദ്ധ നേടുന്നത് മൃതദേഹം വച്ചുള്ള ഒരു കുടുംബത്തിന്റെ കണ്ണീരിലാണ്. മഞ്ഞാടിത്തറ കിഴക്കേവീട്ടില്‍ കൊച്ചുമറിയാമ്മ(91) ഒക്ടോബര്‍ 28 നു രാത്രിയായിരുന്നു മരിച്ചത്.ഇന്ന് 15-ം ദിവസം. രണ്ടാഴ്ചയായിട്ടും എവിടെയും എത്താത്ത ശവസംസ്കാരം. മരണത്തിനു ശേഷം അഞ്ചാം ദിവസം കളക്ടറുടെ അനുമതിയോടെ, വീട്ടിലെ അന്ത്യ ശുശ്രൂഷകള്‍ക്കു ശേഷം വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ സംസ്കരിക്കാന്‍ കൊണ്ടുപോയ മൃതദേഹം പള്ളിയുടെ 500 മീറ്റര്‍ അകലെവച്ച് ആര് ഡിഒയുടെ നേതൃത്വത്തില്‍ തടയുകയും വീട്ടിലേക്ക് മടക്കിക്കൊണ്ടുപോകയും ചെയ്തു. തുടര്‍ന്ന് പൂമുഖത്തിനു സമീപത്ത് ഭൂനിരപ്പില്‍ അമ്മയുടെ ശവപ്പെട്ടി വച്ച് അതിനു മീതെ കോണ്‍ക്രീറ്റ് ചെയ്ത് വായു കടക്കാത്ത വിധം സൂക്ഷിച്ചിരിക്കയാണിപ്പോള്‍.അധികൃതരുടെ കനിവുണ്ടായി അനുവാദം ലഭിച്ചാല്‍ പള്ളിയിലെ കല്ലറയില്‍ സംസ്കരിക്കാമെന്നാണ് വീട്ടുകാരുടെ പ്രതീക്ഷ.
രണ്ടാഴ്ചയായിട്ടും സംസ്കരിക്കാന്‍ കഴിയാത്ത മൃതശരീരം കട്ടച്ചിറക്കാര്ക്ക് പുതുമയല്ല. 2018 നവംബറിലും ഇതേ അവസ്ഥ കട്ടച്ചിറക്കാര് കണ്ടതാണ്.അന്ന് പള്ളിക്കലേത്ത് വര്‍ഗീസ് മാത്യുവാണ് മരിച്ചത്.ഏഴര മണിക്കൂര്‍ അന്ന് മൃതദേഹം കെ.പി.റോഡില്‍ വച്ച് പ്രതിഷേധിച്ചാണ് മടങ്ങിയത്.11-ം ദിവസം ദേശീയ മനുഷ്യാവകാശ കമ്മീഷന് ഇടപെട്ടാണ് നടപടികളുണ്ടായത്. കളക്ടറുടെ അന്ത്യശാസനയെതുടര്ന്ന് അന്ന് ശവസംസ്കാരം നടത്താനായി.
വര്‍ഗീസ് മാത്യുവിന്റെ പുരോഹിതനായ ചെറുമകന് പുരോഹിതവേഷത്തില്‍ സെമിത്തേരിയില്‍ പ്രവേശിക്കുന്നതിനെചൊല്ലിയുള്ള തര്‍ക്കമായിരുന്നു അന്ന് പ്രധാന പ്രശ്നം. വീട്ടില്‍ വച്ച് എല്ലാ കര്‍മങ്ങളും നടത്തി മൃതദേഹം കല്ലറയില്‍ ഏറ്റവും അടുത്ത 50 ബന്ധുക്കള്‍ മാത്രം ചേര്‍ന്ന് സംസ്കരിക്കാം എന്നായിരുന്നു ധാരണ.അങ്ങനെ നാല് ശവസംസ്കാരങ്ങള്‍ നടത്തുകയും ചെയ്തു. പക്ഷേ സുപ്രിം കോടതിയുടെ പുതിയ വിധി വന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുകയാണ്.
മരിച്ചവരുടെ വീട്ടിലെ സങ്കടങ്ങള്‍ കാണാതെ പോകരുത്
2018-ഓഗസ്റ്റ് 28-ലെ കോടതി വിധിക്കു ശേഷം നാല് ശവസംസ്കാരം കട്ടച്ചിറപ്പള്ളിയില്‍ നടത്തിയിട്ടുണ്ട്. 50 ബന്ധുക്കള്‍ മാത്രം സെമിത്തേരിയില്‍ കയറി അടക്കി. ആ നില തുടരണം എന്നേ ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുള്ളു. പക്ഷേ മറുപക്ഷം പറയുന്നത് അപേക്ഷ നല്കി ഓര്‍ത്തഡോക്സ് സഭയില്‍ അംഗത്വം എടുക്കണം. അവരുടെ അച്ചന് സംസ്കാരം നടത്തിത്തരും. അതു നടക്കില്ല. മരിച്ചയാള്‍ ജീവിച്ചു മരിച്ച വിശ്വാസത്തില്‍ അടക്കപ്പെടണമെന്നാണ്. ജയിച്ചവന് തോറ്റവനോട് ഒരു സാമാന്യനീതി കാണിക്കണം. മരിച്ചവരുടെ വീട്ടിലെ സങ്കടങ്ങള്‍ കാണാതെ പോകരുത്.
ഫാ.റോയ് ജോര്‍ജ് (കട്ടച്ചിറ യാക്കോബായ പള്ളി വികാരി)
മൃതദേഹം വച്ച് വിലപേശാന്‍ ശ്രമം
വീടിന്റെ മുന്പില് കല്ലറകെട്ടി അവര്‍ മൃതദേഹം സംസ്കരിച്ചു കഴിഞ്ഞു. ഞാന്‍ പള്ളിസെമിത്തേരിയില്‍ ശുശ്രൂഷ ചെയ്ത് സംസ്കരിക്കാമെന്ന് അറിയിച്ചതാണ്. അതവര്‍ക്ക് സമ്മതമല്ലായിരുന്നു. ഇത് മൃതദേഹം വച്ച് വിലപേശാനുള്ള ശ്രമമാണ്. ഫാ:ജോണ്‍സ് ഈപ്പന് (കട്ടച്ചിറപ്പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗം നിയമിച്ചിരിക്കുന്ന വികാരി)
content highlights: Jacobite woman denied burial as Orthodox faction refuses funeral rites by Jacobite priest