കൊച്ചി: യാക്കോബായ സഭയിലെ ആഭ്യന്തര കലഹത്തെ തുടര്‍ന്ന് രാജിക്കൊരുങ്ങിയ സഭാ അധ്യക്ഷന്‍ ശ്രേഷ്ഠ കതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയ്ക്ക് പരമാധ്യക്ഷന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ മറുപടി. മെത്രാപൊലീത്തന്‍ ട്രസ്റ്റി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിച്ച പാത്രിയാര്‍ക്കീസ് ബാവ ശ്രേഷ്ഠ ബാവയോട് സഭാ അധ്യക്ഷനായി തുടരാന്‍ ആവശ്യപ്പെട്ടു. 

ശ്രേഷ്ഠ കതോലിക്കയുടെ ചുമതലയില്‍ തുടരുന്നതിന്‌ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയെ സഹായിക്കാന്‍ മൂന്ന് സീനിയര്‍ മെത്രാപൊലീത്തന്മാരെ നിയമിക്കുമെന്നും പാത്രിയാര്‍ക്കീസ് ബാവ അറിയിച്ചു. ശ്രേഷ്ഠബാവയുടെ പ്രായാധിക്യം കണക്കിലെടുത്താണ് അദ്ദേഹത്തെ സഹായിക്കാനായി മൂന്ന് മെത്രാപൊലീത്തന്മാരെ നിയമിക്കുന്നത്. 

ജോസഫ് മാര്‍ ഗ്രിഗോറിയോസ്, തോമസ് മാര്‍ തിമോത്തിയോസ്, എബ്രഹാം മാര്‍ സേവറിയോസ്  എബ്രഹാം മാര്‍ സേവറിയോസ് എന്നീ മെത്രാപ്പോലീത്തമാരെയാണ് സമിതിയില്‍ ഉള്‍പ്പെടുത്തിയത്‌.

യാക്കോബായ സഭയുടെ മെത്രാപൊലീത്തന്‍ ട്രസ്റ്റി സ്ഥാനത്ത് നിന്നും കാതോലിക്ക ബാവയുടെ ചുമതലയില്‍നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ശ്രേഷ്ഠബാവ പരമാധ്യക്ഷന് കത്ത് നല്‍കിയത്.

സഭയിലെ ആഭ്യന്തരകലഹമായിരുന്നു രാജിക്കൊരുങ്ങിയതിന് പിന്നിലെ കാരണം. സഭയില്‍ അധികാരത്തിലെത്തിയ പുതിയ ഭരണസമിതിയും ബാവയും തമ്മില്‍ കടുത്ത തര്‍ക്കം നിലനിന്നിരുന്നു.

സഭയില്‍ നടക്കുന്ന ധനശേഖരണത്തെക്കുറിച്ച് സഭാ അധ്യക്ഷനെതിരേ സമൂഹമാധ്യമങ്ങളിലൂടെ ഇവര്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്നായിരുന്നു ആരോപണം. 

Content Highlights: jacobite patriarch reply to catholicos Mar Baselious Thomas