കൊച്ചി: പള്ളിപിടിച്ചെടുക്കുന്ന നടപടികൾ അവസാനിപ്പിച്ചാല്‍ ഓര്‍ത്തഡോക്സ് സഭയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് യാക്കോബായ സഭ. സുപ്രീം കോടതി വിധി അല്ല ഇവിടെ നടപ്പാക്കുന്നത്. കേരള ഹൈക്കോടതിയില്‍നിന്ന് വരുന്ന ഉത്തരവുകള്‍ ദുരൂഹമാണെന്നും മെത്രാപ്പോലിത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് പുത്തന്‍കുരിശ് പാത്രിയാര്‍ക്കിസ് സെന്ററില്‍ നടന്ന അടിയന്തര സുന്നഹദോസിനു ശേഷം പറഞ്ഞു.
'തികച്ചും നീതിരഹിതമായും മനുഷ്യത്വ രഹിതമായും ഒരു ക്രിസ്ത്യൻ സമുദായം എന്നു പറയുന്ന മറുവിഭാഗം ഇതുപോലെ ആരാധനാലയങ്ങള്‍ ബലമായി നിയമത്തിന്റെ പിന്‍ബലത്തോടെ പിടിച്ചെടക്കുമ്പോള്‍ അവരുമായി മുന്നോട്ടുള്ള സഹകരണത്തില്‍ വ്യക്തമായ നിലപാടുകള്‍ സഭയ്ക്ക് എടുക്കേണ്ടി വന്നിരിക്കുന്നു'വെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓര്‍ത്തഡോക്‌സ് സഭയുമായുള്ള എല്ലാ കൗദാശിക ബന്ധങ്ങളും അവസാനിപ്പിക്കാനാണ് യാക്കോബായ സഭ തീരുമാനിച്ചിരിക്കുന്നത്. പ്രാര്‍ഥന കാര്യങ്ങളിലും മറ്റും ഓര്‍ത്തോഡക്‌സ് സഭയുമായി നടത്തി വന്ന സഹകരണങ്ങളെല്ലാം തന്നെ നിര്‍ത്തിവെക്കാനാണ് ഇപ്പോള്‍ യാക്കോബായ സഭ തീരുമാനിച്ചിരിക്കുന്നത്.
മുളന്തുരുത്തി പള്ളി പിടിച്ചെടുക്കുന്ന നടപടിയിൽ നിരവധി വിശ്വാസികള്‍ക്കും വൈദികര്‍ക്കും പരിക്കേല്‍ക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. മനുഷ്യത്വപരമല്ലാത്ത രീതിയിലാണ് അവിടെ കാര്യങ്ങള്‍ നടന്നതെന്നും ഇതില്‍ പോലീസിനും നടപടികള്‍ക്ക് നേതൃത്വം നല്‍കിയ ഫോര്‍ട്ട് കൊച്ചി ആര്‍.ഡി.ഒയ്ക്കും എതിരെ നടപടി സ്വീകരിക്കണമെന്നും യാക്കോബായ സഭ ആവശ്യപ്പെടുന്നുണ്ട്.
സുപ്രീം കോടതി വിധിയുടെ മറവില്‍ യാക്കോബായ സഭയുടെ ഇടവക അംഗങ്ങളെ എല്ലാം പള്ളികളില്‍നിന്ന് ഇറക്കിവിടുന്ന സാഹചര്യം നിലവിലുണ്ട്. ഇത് അവസാനിപ്പിക്കാനുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ കൊണ്ടുവരണമെന്നാണ് യാക്കോബായ സഭയുടെ ആവശ്യം. ഇതിനായി നിയമനിര്‍മാണം നടത്തണമെന്നും യാക്കോബായ സഭ ആവശ്യപ്പെടുന്നു.
ആദ്യഘട്ടം എന്ന നിലയില്‍ മുഖ്യമന്ത്രിയെ ഈ വിഷയങ്ങള്‍ ധരിപ്പിക്കുന്നതിന് സഭയിലെ മുതിര്‍ന്ന അംഗങ്ങള്‍ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമയം ചോദിക്കും. യാക്കോബായ സഭ ഓര്‍ത്തഡോക്‌സ് സഭയുമായി നടത്തിവരുന്ന എല്ലാ സഹകരണങ്ങളും നിര്‍ത്തിവെക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
content highlights: jacobite church decided not to cooparate with orthodox church in the backdrop of church take over