തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇ.എം.സി.സി. പ്രതിനിധികളും തമ്മിലുള്ള ഗൂഢാലോചനയാണ് ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് ഫിഷറീസ് വകുപ്പുമന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ഇ.എം.സി.സി. പ്രതിനിധികള്‍ തന്നെ കണ്ടിരുന്നു. എന്നാല്‍ തന്നോടൊപ്പം ഇ.എം.സി.സി. പ്രതിനിധികള്‍ മുഖ്യമന്ത്രിയെ കണ്ടുവെന്ന ചെന്നിത്തലയുടെ ആരോപണം മേഴ്‌സിക്കുട്ടിയമ്മ തള്ളി.
ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഞായറാഴ്ച രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വ്യവസ്ഥ മുഖ്യമന്ത്രി മറച്ച് വെക്കുന്നെന്ന് പറഞ്ഞ ചെന്നിത്തല, കരാറുമായി ബന്ധപ്പെട്ട രണ്ട് രേഖകളും പുറത്തുവിടുകയും ചെയ്തു.
അസെന്റില്‍ ഇ.എം.സി.സിയുമായി സര്‍ക്കാര്‍ ഒപ്പിട്ട ധാരണാപത്രവും കെ.എസ്.ഐ.ഡി.സി പദ്ധതിക്കായി ഇഎംസിസിക്ക് അനുവദിച്ച നാലേക്കര്‍ ഭൂമിയുടെ രേഖകളുമാണ് ചെന്നിത്തല പത്രസമ്മേളനത്തില്‍ പുറത്തുവിട്ടത്. കമ്പനിയുടെ സി.ഇ.ഒ.യെ മുഖ്യമന്ത്രി, മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് ഒപ്പം ഗസ്റ്റ് ഹൗസില്‍വെച്ച് കണ്ടിരുന്നു എന്നാണ് തനിക്ക് ലഭിച്ച വിവരം. കൂടിക്കാഴ്ച നടന്നിട്ടില്ലെങ്കില്‍ ഭൂമി അനുവദിച്ച നടപടിയും ധാരണാപത്രവും റദ്ദാക്കാന്‍ മുഖ്യമന്ത്രിയെ ചെന്നിത്തല വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
content highlights: j mercykutty amma responds ramesh chennithala's allegation on emcc row