ജെ. മേഴ്സിക്കുട്ടിയമ്മ | ഫോട്ടോ: മാതൃഭൂമി
കൊല്ലം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങളെ തള്ളി ഫീഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ.
'ആരെങ്കിലും വന്ന് കണ്ടാല്‍ കരാറാവുമോ?, ആരെങ്കിലും വന്ന് നമ്മളെ കണ്ടാല്‍ അതെല്ലാമാണ് പദ്ധതിയെന്ന് പറയുന്നതില്‍ അടിസ്ഥാനമില്ല. എന്ത് നുണയും പറയാന്‍ ഉളുപ്പില്ലാത്ത തലത്തിലേക്ക് പ്രതിപക്ഷ നേതാവ് എത്തിയിരിക്കുന്നു രമേശ് ചെന്നിത്തല. ചെന്നിത്തലയും സ്വപ്‌ന സുരേഷിനെ കണ്ടുവെന്ന തരത്തില്‍ വാര്‍ത്ത വന്നു. അതിനര്‍ഥം സ്വര്‍ണക്കടത്തില്‍ രമേശ് ചെന്നിത്തലയ്ക്ക് പങ്കുണ്ടെന്നാണോ'? മന്ത്രി ചോദിച്ചു.
എന്തും വിളിച്ചുപറയാമെന്ന അവസ്ഥയിലേക്ക് കേരളത്തിലെ പ്രതിപക്ഷ നേതാവ് പോകുന്നുവെന്നത് കഷ്ടമാണ്. കുറച്ചുകഴിയുമ്പോള്‍ അദ്ദേഹം തിരുത്തും. അതാണ് അദ്ദേഹത്തിന്റെ രീതി, അതുകൊണ്ട് ഈ വിവാദത്തിലും പ്രതിപക്ഷ നേതാവ് തിരുത്തി മാപ്പ് പറയുമെന്ന കാര്യത്തില്‍ തനിക്ക് സംശയമില്ല.
എല്ലാ ട്രേഡ് യൂണിയനുകളുമായു ചര്‍ച്ച ചെയ്താണ് 2019ലെ ഫിഷറീസ് നയം തീരുമാനിച്ചത്.ആഴക്കടല്‍ ട്രോളര്‍ വിദേശ കമ്പനികള്‍ക്കോ ഇന്ത്യ കോര്‍പ്പറേറ്റുകള്‍ക്കോ അനുവദിക്കില്ലെന്നതാണ് സര്‍ക്കാര്‍ നയം. ഇതിന് ലൈസന്‍സ് കൊടുക്കേണ്ടത് സര്‍ക്കാര്‍ ആണെന്നിരിക്കെ നയത്തിന് വിരുദ്ധമായ ഒന്നും ചെയ്യാന്‍ പോകുന്നില്ല. അതാണ് ഫിഷറീസ് വകുപ്പിന്റെ നിലപാട്.
24ന് രാഹുല്‍ ഗാന്ധി കൊല്ലത്ത് വരുന്നുണ്ട്. അതിന്റെ ഭാഗമായി കള്ളത്തരം പറഞ്ഞ് മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാം എന്ന അജണ്ടയുടെ റിഹേഴ്‌സലാണ് ഇവിടെ രമേശ് ചെന്നിത്തല കഴിഞ്ഞ രണ്ട് ദിവസമായി നടത്തിയത്. പ്രിയപ്പെട്ട പ്രതിപക്ഷ നേതാവിനോട് തനിക്ക് പറയാനുള്ളത് ഈ അഭ്യാസമൊന്നും തീരദേശത്ത് നടക്കില്ല. തീരദേശങ്ങളില്‍ സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത് തൊഴിലാളികള്‍ നേരിട്ട് അനുഭവസ്ഥരാണ്. ആ രീതിയിലുള്ള ക്ഷേമപ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ തീരപ്രദേശങ്ങളില്‍ നടത്തുന്നത്. ഇരുട്ട് കൊണ്ട് ഓട്ടയടക്കാമെന്ന് പ്രതിപക്ഷ നേതാവ് പ്രതീക്ഷിക്കേണ്ടെന്നും മന്ത്രി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..