പി.എം.എ.സലാം, പി.കെ. ഫിറോസ് | Screengrab: Mathrubhumi News & facebook.com/PkFiros
തിരുവനന്തപുരം: 'കേരള സ്റ്റോറി' സിനിമയ്‌ക്കെതിരേ മുസ്‌ലിം ലീഗ്. സിനിമ പറയുന്നത് മുഴുവന്‍ പച്ചക്കള്ളമാണെന്ന് മുസ്‌ലിം ലീഗ്സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തില്‍ ലവ് ജിഹാദ് ഇല്ലെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. പഴകി പുളിച്ച നാറിയ പച്ചക്കള്ളം പരത്താനുള്ള ശ്രമം നിരുത്സാഹപ്പെടുത്തും. സിനിമയില്‍ ഉപയോഗിച്ച വി.എസിന്റെ പ്രസ്താവനയില്‍ സി.പി.എം. ഉറച്ചുനില്‍ക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
'കേരള സ്റ്റോറി' സിനിമയ്‌ക്കെതിരേ മുസ്‌ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസും രംഗത്തെത്തിയിരുന്നു. മതംമാറി 32,000 പേര്‍ സിറിയയിലേക്ക് പോയെന്ന കേരളത്തിനെതിരേയുള്ള പ്രചരണത്തില്‍ തെളിവ് സമര്‍പ്പിക്കുന്നവര്‍ക്ക് ഒരു കോടി രൂപ ഇനാം നല്‍കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്.
പി.കെ.ഫിറോസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:-
''രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി നുണകള്‍ മാത്രം പറയുന്ന സംഘ് പരിവാര്‍ ഫാക്ടറിയിലെ ഏറ്റവും വലിയ നുണകളില്‍ ഒന്നാണ് ലൗ ജിഹാദ് വഴി മതം മാറ്റി സിറിയയിലേക്ക് കടത്തി എന്ന ആരോപണം. കേരളത്തില്‍ 32000 പേരെ ഇവ്വിധം മാറ്റി എന്ന് സംഘ് സ്‌പോണ്‍സേര്‍ഡ് സിനിമ ആധികാരിക കണക്കുകള്‍ കയ്യിലുണ്ടെന്ന വാദത്തോടെ പറയുമ്പോള്‍ ഒരു പഞ്ചായത്തില്‍ ശരാശരി 30 പേരെങ്കിലും ഉണ്ടാവുമല്ലോ. പക്ഷേ, ഒരാളുടെയെങ്കിലും അഡ്രസ് ചോദിക്കുമ്പോള്‍ ഒന്നും കേള്‍ക്കാത്ത പോലെ തലതാഴ്ത്തി ഇരിപ്പാണ്. അതുകൊണ്ട്, തെളിവ് കൊണ്ടുവരുന്നവര്‍ക്ക് ഒരുകോടി രൂപ മുസ്ലിം യൂത്ത് ലീഗ് ഇനാം നല്‍കുമെന്ന് പ്രഖ്യാപിക്കുകയാണ്. അങ്ങനെ തെളിവുകള്‍ കയ്യിലുള്ള ആര്‍ക്കും മുസ്ലിം യൂത്ത് ലീഗിന്റെ ജില്ലാ കേന്ദ്രങ്ങളിലെ കൗണ്ടറില്‍ അത് സമര്‍പ്പിച്ച് മെനക്കേടില്ലാതെ ഒരുകോടി നേടാവുന്നതാണ്...''
Content Highlights: iuml leaders against kerala story movie pma salam and pk firos response
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..