എം. സ്വരാജ്| Photo: Mathrubhumi news screengrab
തിരുവനന്തപുരം: സി.പി.എമ്മിലേത് തലമുറ മാറ്റമല്ലെന്ന് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം. സ്വരാജ്. ഓരോ സമയത്തും പാര്‍ട്ടിയിലേക്ക് പുതുതായി കുറച്ചുപേര്‍ കടന്നുവരും. പരിചയസമ്പന്നരും പുതിയതലമുറയും ചേരുമ്പോഴാണ് പാര്‍ട്ടി ചടുലമാകുന്നതെന്ന് സ്വരാജ് മാതൃഭൂമി ന്യൂസിനോടു പറഞ്ഞു.
'നല്ല അനുഭവസമ്പത്തുള്ള പരിചയസമ്പന്നരായ ആളുകളും ഒപ്പം പുതുതലമുറയുടെ ഭാഗമായിട്ടുള്ളവരും ചേരുമ്പോഴാണ് യഥാര്‍ഥത്തില്‍ ഏതൊരു പ്രസ്ഥാനവും കൂടുതല്‍ ചടുലമായി ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ടുപോവുക. ഇപ്പോള്‍ സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റില്‍ താരതമ്യേന പ്രായം കുറവുള്ള ചിലര്‍ കൂടി വന്നിട്ടുണ്ട് എന്നുള്ളത് ഒരു പുതിയകാര്യമാണ്. മുന്‍കാലത്തും ചിലപ്പോഴൊക്കെ ഇങ്ങനെ സംഭവിച്ചിട്ടുള്ളതാണ്. അതിനെ തലമുറമാറ്റമെന്ന് വിശേഷിപ്പിക്കേണ്ടതില്ലെന്നാണ് തോന്നുന്നത്. സി.പി.എം. സംസ്ഥാന കമ്മിറ്റിയില്‍ 11 വനിതകളാണുണ്ടായിരുന്നത്. ഈ സമ്മേളനത്തില്‍ അത് 13 ആയി മാറിയിട്ടുണ്ട്. രണ്ടുപേര്‍ കൂടുകയാണ് ചെയ്തത്. സെക്രട്ടേറിയേറ്റില്‍ ഒരു അംഗം എന്നു പറയുമ്പോഴും, സെക്രട്ടേറിയേറ്റില്‍ പങ്കെടുക്കുന്നവരാണ് കേന്ദ്രകമ്മിറ്റി അംഗങ്ങള്‍. കേന്ദ്രകമ്മിറ്റിയില്‍ അംഗങ്ങളായ രണ്ടു വനിതാസഖാക്കള്‍ കൂടി കേരളത്തിലുണ്ട്. അവര്‍ കൂടി വരുമ്പോള്‍ ഫലത്തില്‍ സെക്രട്ടേറിയേറ്റില്‍ വനിതാ പ്രാതിനിധ്യം മൂന്നായി മാറുമെന്നും' സ്വരാജ് പറഞ്ഞു.
സംസ്ഥാന സമ്മേളനവേളയില്‍, വനിതാ പ്രാതിനിധ്യവുമായി ബന്ധപ്പെട്ട് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോടുള്ള ചോദ്യം വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ വിഷയത്തിലെ കോടിയേരിയുടെ മറുപടിക്കെതിരെ മുസ്ലിം ലീഗ് വിദ്യാര്‍ഥിനി സംഘടന 'ഹരിത' പരാതി നല്‍കിയതിനെതിരെ സ്വരാജ് വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. എം.എസ്.എഫില്നിന്നേറ്റ പീഡനങ്ങളോടു പൊരുതി ക്ഷീണിച്ച ഹരിതയാണ് കോടിയേരിക്കെതിരെ പരാതിയുമായി വന്നിരിക്കുന്നതെന്ന് സ്വരാജ് പറഞ്ഞു. കോടിയേരിയുടേത് മാധ്യമപ്രവര്‍ത്തകരോടുള്ള ചോദ്യത്തിന് തമാശയായി പറഞ്ഞ മറുപടിയാണെന്നും അദ്ദേഹം പറഞ്ഞു.
'വനിതകളുടെ പ്രത്യേകമായ ഒരു വേദിയെന്ന നിലയില്‍ എം.എസ്.എഫില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഒരു കൂട്ടരാണ് ഇവര്‍. അവര്‍ക്ക് നേരിടേണ്ടി വന്ന അനുഭവം. അവര്‍ക്ക് അവരുടെ സംഘടനയില്‍നിന്നും രാഷ്ട്രീയപാര്‍ട്ടിയുടെ നേതൃത്വത്തില്‍നിന്നും നേരിടേണ്ടി വന്ന പീഡനങ്ങള്‍. അത് സംബന്ധിച്ചുള്ള ചില പരാതികള്‍ ഇപ്പോഴുമുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടുള്ള തമാശ രൂപത്തില്‍ പറഞ്ഞ മറുപടിയാണ് കോടിയേരിയുടേത് എന്നാണ് കരുതുന്നത്. താന്‍ ആ ഭാഗം കണ്ടിട്ടില്ല. സ്വന്തം നേതൃത്വത്തില്‍നിന്ന് ഏറ്റുവാങ്ങേണ്ടിവന്ന പീഡനങ്ങളോട് പൊരുതി ക്ഷീണിച്ചപ്പോള്‍ അവര്‍ അതിന് വേറൊരു മാനം നല്‍കാനോ മറ്റോ ചെയ്തതാകാം ഈ പരാതി എന്നാണ് കരുതുന്നത്. ആ പരാതിയില്‍ ഗൗരവം ഒന്നും കാണുന്നില്ല- സ്വരാജ് പറഞ്ഞു. സ്ത്രീകളുടെ, ദളിതരുടെ, അടിച്ചമര്‍ത്തപ്പെടുന്ന ജനവിഭാഗങ്ങളുടെ പാര്‍ട്ടിയാണ് സി.പി.എം. തൊഴിലാളികളുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും പാര്‍ട്ടിയാണ് സി.പി.എം. എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: its not generation change in cpm says m swaraj
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..