തിരുവനന്തപുരം: ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യമില്ലെന്ന വൈദ്യുത ബോര്‍ഡിന്റെ നിലപാടിന് തിരിച്ചടിയായി മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. അണക്കെട്ട് തുറക്കേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. 

അപകടകരമായ നിലയിലേക്ക് ജലനിരപ്പ് ഉരുന്നത് മറ്റ് പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നും അതുകൊണ്ട് അണക്കെട്ട് തുറക്കുന്നത് അനുവാര്യമെന്നുമായിരുന്നു ഭൂരിപക്ഷ അഭിപ്രായം. അണക്കെട്ടിന്റെ പൂര്‍ണ സംഭരണശേഷി കടക്കുന്നത് വരെ കാത്തിരിക്കുന്നതിനോട് വിയോജിപ്പാണ് യോഗത്തിലുണ്ടായത്. 

അണക്കെട്ടിലെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി വൈദ്യുതി മന്ത്രി എം.എം. മണിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇവിടം സന്ദര്‍ശിച്ച മന്ത്രിമാരെല്ലാം അഭിപ്രായങ്ങള്‍ അറിയിച്ചു. 

അണക്കെട്ടിലെ ജലം സംഭരിച്ച് പരമാവധി വൈദ്യുതി ഉത്പാദിപ്പിക്കാനാണ് വൈദ്യുതി ബോര്‍ഡിന്റെ തീരുമാനം. സര്‍ക്കാരിന് ഇതിനോട് വിയോജിപ്പില്ല. എന്നാല്‍, ജലവിതാനം അപകടകരമായി ഉയര്‍ന്നാലുണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ക്ക് ഉത്തരവാദി സര്‍ക്കാരായിരിക്കും. ഇതുകൂടി പരിഗണിച്ചാണ് അണക്കെട്ട് തുറക്കണമെന്ന നിലപാടിലേക്ക് മന്ത്രിസഭാ യോഗം എത്തുന്നത്. 

വൈദ്യുതി ഉത്പാദനം ഉയര്‍ത്തുന്നതിലൂടെ ജലനിരപ്പ് കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വൈദ്യുതി ബോര്‍ഡ് വ്യക്തമാക്കുന്നത്. എന്നാല്‍, വൃഷ്ടിപ്രദേശത്ത് മഴ ശക്തമാകുന്നതിനാല്‍ അണക്കെട്ട് തുറന്നുവിടേണ്ടി വരുമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.