Photo: Mathrubhumi
കോട്ടയം: പാലായില്‍ കേരളകോണ്‍ഗ്രസും സി.പി.എമ്മുമായി തുടരുന്ന വടംവലിക്കിടെ മുന്നണിക്ക് തലവേദനയായി സി.പി.ഐ.-കേരള കോണ്‍ഗ്രസ് (എം) പോരും. പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ കേരള കോണ്‍ഗ്രസ് എം ഒഴിയാന്‍ വൈകിയതാണ് സി.പി.ഐ.യെ ചൊടിപ്പിച്ചത്. കേരള കോണ്‍ഗ്രസിനെതിരേ സി.പി.ഐ. ജില്ലാ സെക്രട്ടറി വി.ബി.ബിനു രംഗത്തുവന്നിരുന്നു. ബുധനാഴ്ച ബിനു വീണ്ടും ശക്തമായ വിമര്‍ശനം ഉന്നയിച്ചു.
കേരള കോണ്‍ഗ്രസ് (എം) പ്രതിനിധികള്‍ രാജിവെച്ചശേഷം ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു പ്രസ്താവന നല്‍കിയിരുന്നു. സി.പി.ഐ.യുടെ ആശങ്ക അസ്ഥാനത്താണെന്നും മുന്നണിമര്യാദകള്‍ തങ്ങള്‍ പാലിച്ചിട്ടാണെന്നും അദ്ദേഹം വിശദീകരിച്ചു. ഇതാണ് ബിനുവിനെ ചൊടിപ്പിച്ചത്.
30-ന് പാലിക്കേണ്ട ധാരണ ഇത്രയേറെ വൈകിപ്പിച്ച് എല്ലാം ശരിയാണെന്ന് പറയുന്നത് നന്നായില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. മുന്നണിയും ഉന്നതാധികാരസമിതിയും നിശ്ചയിച്ച സമയപരിധി കഴിഞ്ഞത് കേരള കോണ്‍ഗ്രസ് ശ്രദ്ധിച്ചില്ലേയെന്ന് അദ്ദേഹം ചോദിച്ചു.
മുന്നണിധാരണ ഉള്ളിടങ്ങളില്‍ 30-ന് അതത് പാര്‍ട്ടികള്‍ സ്ഥാനം ഒഴിയണമെന്നാണ് ഇടതു മുന്നണി ജില്ലാ യോഗം നേരത്തേ തീരുമാനിച്ചത്. എന്നാല്‍ പാറത്തോട്ടിലും കാഞ്ഞിരപ്പള്ളി ബ്ലോക്കിലും കേരള കോണ്‍ഗ്രസ് സ്ഥാനം ഒഴിഞ്ഞത് താമസിച്ചാണ്. സി.പി.ഐ. രോഷംപ്രകടിപ്പിച്ചതിന് ശേഷമാണ് രാജിയെന്നാണ് പാര്‍ട്ടിയുടെ പരാതി.
ജില്ലയിലെ ത്രിതല പഞ്ചായത്ത് ഭരണവുമായി ബന്ധപ്പെട്ട് ധാരണകളെല്ലാം കേരള കോണ്‍ഗ്രസ് പാലിച്ചിട്ടുണ്ടെന്ന് പ്രൊഫ.ലോപ്പസ് മാത്യു പറയുന്നു. പാറത്തോട് പഞ്ചായത്തിലെയും, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് സ്ഥാനവും രാജിവെച്ചിട്ടുണ്ട്. സി.പി.ഐ.യ്ക്ക് ഈ കാര്യത്തില്‍ ആശങ്കകളുടെ അടിസ്ഥാനം ഇല്ല. പ്രസ്താവനകള്‍ കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാമെന്നല്ലാതെ മറ്റൊരു കാര്യവുമില്ലെന്നും, ഇതുമൂലം ഇടതുമുന്നണിക്ക് ദോഷം മാത്രമേ ഉണ്ടാകൂ എന്നും സി.പി.ഐ. ജില്ലാ നേതൃത്വം ഓര്‍മിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജോളി മടുക്കക്കുഴി രാജിവെച്ചു
മുന്നണി ധാരണപ്രകാരം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസ്(എം) അംഗമായ ജോളി മടുക്കക്കുഴി രാജിവെച്ചു. എല്‍.ഡി.എഫിലെ ധാരണപ്രകാരം കേരള കോണ്‍ഗ്രസി (എം)-ന് ആദ്യ രണ്ട് വര്‍ഷവും, തുടര്‍ന്നുള്ള രണ്ട് വര്‍ഷം സി.പി.ഐ.ക്കും എന്നാണ് തീര്‍പ്പ്. അവസാന ഒരുവര്‍ഷം വീണ്ടും കേരള കോണ്‍ഗ്രസി (എം)-ന് വൈസ് പ്രസിഡന്റ് സ്ഥാനം ലഭിക്കുമെന്നാണ് നേതൃത്വം പറയുന്നത്.
Content Highlights: its cpi vs kerala congress m in kanjirappally and cpm vs kerala congress in pala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..