കുങ്കിയാന കോന്നി സുരേന്ദ്രൻ, പി.ടി 7
പാലക്കാട്: പാലക്കാട് ടസ്കർ (പി.ടി.) ഏഴാമനെ മയക്കുവെടിവെച്ച് പിടികൂടി തളയ്ക്കാൻ വയനാട്ടിൽനിന്നുള്ള ദൗത്യസംഘത്തിനൊപ്പം കുങ്കിയാന ‘കോന്നി സുരേന്ദ്ര’നെ ധോണിയിലെത്തിക്കാനുള്ള ശ്രമം ബുധനാഴ്ച പാളി. ഇതോടെ ‘പി.ടി. 7’ ദൗത്യം അല്പംകൂടി വൈകുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. അതേസമയം, ‘പി.ടി. 7’ ഒറ്റയ്ക്ക് ബംഗ്ലാകുന്ന് കാട്ടിലേക്കു പ്രവേശിച്ചത് പ്രതീക്ഷ നൽകുന്നുണ്ട്.
കുങ്കിയാനയെ മുത്തങ്ങയിൽനിന്ന് ധോണിയിലേക്ക് മാറ്റുന്നതിനുള്ള മുഖ്യ വനപാലകന്റെ ഉത്തരവ് വൈകിയതാണ് കാരണം. വയനാട്ടിൽനിന്ന് മൊത്തം ടീമും പാലക്കാട്ടേക്കുപോകുന്നതിൽ എതിർപ്പുകളുള്ള സാഹചര്യത്തിൽ ‘പി.ടി.7’ -നെ പിടികൂടുന്നതിന് കുങ്കിയാന സുരേന്ദ്രനെ ആവശ്യമുണ്ടോ എന്ന് സൂചിപ്പിച്ച് മുഖ്യ വനപാലകൻ കത്തയച്ചിരുന്നു. ആവശ്യകത ചൂണ്ടിക്കാട്ടി ദ്രുതപ്രതികരണസംഘം (ആർ.ആർ.ടി.) ഇതിന് മറുപടിക്കത്തും നൽകി. ഇതിനുള്ള മറുപടി ലഭിക്കാൻ വൈകിയതോടെയാണ് കോന്നി സുരേന്ദ്രനെ ബുധനാഴ്ച ധോണിയിലെത്തിക്കുന്നതിനുള്ളനീക്കം പാളിയത്.
ഒരു പഴുതും നൽകാതെ ‘പി.ടി.7’-നെ കൂട്ടിലാക്കാൻ, കാട്ടാനകളെ തരിമ്പും പേടിയില്ലാത്ത ‘കോന്നി സുരേന്ദ്ര’ന്റെ സേവനം അത്യാവശ്യമാണ്. ഈ ആനകൂടി എത്തിയാൽ ‘പി.ടി.ഏഴാ’മനെ കുരുക്കാനായി ധോണിയിലെത്തിയ കുങ്കികളുടെ എണ്ണം അഞ്ചാവും. ഉത്തരവുലഭിക്കുന്ന മുറയ്ക്ക് സുരേന്ദ്രനെ വ്യാഴാഴ്ചയോടെ ധോണിയിലെത്തിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് ദൗത്യസംഘം അറിയിച്ചു.
ബുധനാഴ്ച രാത്രി 11-ഓടെ വയനാട് ദൗത്യസംഘത്തിലെ ആറുപേർ ധോണിയിലെത്തി. ചീഫ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സക്കറിയ, വയനാട് ദ്രുതപ്രതികരണസംഘം (ആർ.ആർ.ടി.) റേഞ്ച് ഓഫീസർ എൻ. രൂപേഷ് എന്നിവരടങ്ങുന്ന സംഘവും വ്യാഴാഴ്ച ധോണിയിലെത്തും.
കാട്ടാനക്കൂട്ടത്തിന്റെ ഭീഷണിയും
‘പി.ടി-7’നു പുറമേ നാട്ടിലിറങ്ങുന്ന മറ്റ് ആറ് കാട്ടാനകളുള്ള ധോണിമേഖലയിൽ മറ്റുകാട്ടാനകളിൽനിന്നുണ്ടായേക്കാവുന്ന നീക്കങ്ങളെ പ്രതിരോധിക്കാനും കരുത്തരായ കുങ്കികളുടെ സാന്നിധ്യം സഹായകരമാവും.
വയനാട്ടിൽനിന്നുള്ള 20 പേരടങ്ങുന്ന സംഘത്തിലെ ബാക്കി അംഗങ്ങൾ വ്യാഴാഴ്ചയെത്തുന്നതോടെ ‘പി.ടി-7’നെ ഒരുദിവസംകൂടി നിരീക്ഷിക്കും.
പിന്നീട് വനം ഉദ്യോഗസ്ഥരുടെയും ദൗത്യസംഘത്തിന്റെയും ഉന്നതതലയോഗം ചേർന്നാണ് മയക്കുവെടിവെച്ച് പിടികൂടാനുള്ള പദ്ധതി തയ്യാറാക്കുക. ദൗത്യത്തിനുള്ള ഒന്നിലേറെ സ്ഥലങ്ങളും സാഹചര്യങ്ങളും പരിഗണിക്കും. ആനയുടെ നീക്കങ്ങളനുസരിച്ച് ഇതിന് മാറ്റംവരുമെങ്കിലും അനുകൂലമായ സാഹചര്യത്തിൽ മാത്രമേ മയക്കുവെടിവെക്കൂവെന്ന് വനം അസി. കൺസർവേറ്റർ ബി. രഞ്ജിത്ത് പറഞ്ഞു. സ്ഥലപരിശോധനയും നടത്തും.
ഒലവക്കോട് വനംറേഞ്ചിലെ ആർ.ആർ.ടി. സംഘങ്ങളും വനപാലകരും അടങ്ങിയ 40 ഓളം പേരും ദൗത്യത്തിന് സജ്ജരായുണ്ട്. പോലീസ്, റവന്യൂ ഉദ്യോഗസ്ഥരുടെ സഹായവും ഉണ്ടാവും.
‘പി.എം. 2’- നെ ഇടിച്ചിട്ട ശൗര്യം
:വയനാടിനെ വിറപ്പിച്ച പന്തല്ലൂർ മെക്കന-രണ്ട് (‘പി.എം-2’) എന്ന കാട്ടാനയെ കഴിഞ്ഞദിവസം പിടികൂടിയപ്പോൾ ഇടിച്ച് ലോറിക്കുള്ളിലാക്കിയ ‘സുരേന്ദ്ര’ന്റെ ശൗര്യം പ്രകടമാകുന്ന വീഡിയോ നവമാധ്യമങ്ങളിൽ വൈറലായിരുന്നു. ‘പി.എം-2’ ദൗത്യസംഘത്തിനുനേരെ പാഞ്ഞടുത്ത ആനക്കൂട്ടത്തെയും മയക്കുവെടിയേറ്റ ‘പി.എം-2’ -നെയും കൈകാര്യംചെയ്യാൻ സുരേന്ദ്രൻകാണിച്ച മിടുക്കും ഏറെ പ്രശംസനീയമായി.
മാനന്തവാടിയിൽ കർഷകനെ കൊലപ്പെടുത്തിയ കടുവയെ പിടികൂടുന്ന ദൗത്യത്തിലും സുരേന്ദ്രനുണ്ടായിരുന്നു. കാട്ടാനകളെ ഓടിക്കാനായി മുൻപും ധോണിയിൽ എത്തിച്ചിട്ടുള്ള ആനയാണ് സുരേന്ദ്രൻ.
ഇവനൊപ്പം ഭരത്, വിക്രം, പ്രമുഖ, അഗസ്ത്യൻ എന്നീ കുങ്കിയാനകളും ചേരുന്നതോടെ ‘പി.ടി.7’നെ നേരിടുന്ന സംഘത്തിൽ കുങ്കികളുടെ എണ്ണം അഞ്ചായി. സാമാന്യം വലിപ്പമുള്ളതും പേടിക്കുറവുള്ളവനും തന്ത്രശാലിയുമായ ‘പി.ടി-7’ നെ ഒരുപഴുതും നൽകാതെ കൂട്ടിലാക്കാൻ സർവ സന്നാഹവുമായാണ് ദൗത്യസംഘം ബുധനാഴ്ച വൈകീട്ടോടെ ധോണിയിൽ എത്തിയത്. മയക്കുവെടിവെച്ച് പിടികൂടിയാൽ ‘പി.ടി-7’-നെ ഇടവും വലവും പിന്നിലുംനിന്ന് പിടിച്ചുകൊണ്ടുവരാൻ സംസ്ഥാനത്ത് ആർ.ആർ.ടി. സംഘം ഒരുക്കുന്ന വലിയ ദൗത്യങ്ങളിലൊന്നായി മാറുകയാണ് ‘പി.ടി. ഏഴാ’മനെതിരെയുള്ള നീക്കം.
‘പി.ടി.-7’ -നെ കാട്ടിൽ തടഞ്ഞുവെക്കാൻ തീവ്രശ്രമം
പാലക്കാട്: ധോണിയിലെ കോളേജിനു പിന്നിലുള്ള ബംഗ്ലാകുന്ന് കാട്ടിലേക്കു പ്രവേശിച്ച ‘പി.ടി. 7’ കാട്ടാനയെ അവിടെത്തന്നെ തടഞ്ഞുനിർത്താൻ ദൗത്യസേനാംഗങ്ങളുടെയും വനപാലകരുടെയും തീവ്രശ്രമം.
രാത്രി വൈകി കാട്ടിൽനിന്നിറങ്ങുന്ന കൊമ്പൻ, സാധാരണയായി വരാറുള്ള വഴികളിലെല്ലാം തടസ്സങ്ങളുണ്ടാക്കി കാട്ടിൽത്തന്നെ ആനയെ നിലനിർത്താനാണ് ആർ.ആർ.ടി. സംഘത്തിന്റെ ശ്രമം.
കാട്ടിൽ ഒറ്റയ്ക്കെത്തിയ ‘പി.ടി. -7’ ആനയെ മയക്കുവെടി വെയ്ക്കാൻ സൗകര്യമേറെയുള്ള സ്ഥലം ഇതാണെന്നാണ് വിലയിരുത്തൽ. മയക്കുവെടി വെയ്ക്കുന്നത് പകൽസമയത്താണ്. സമീപത്ത് ജനവാസം അധികമില്ലാത്തതിനാൽ ആനയെ ഈ കാട്ടിൽത്തന്നെ നിർത്തുന്നത് തുടർനടപടികളും എളുപ്പമാക്കും.
വ്യാഴാഴ്ച വയനാട്ടിൽനിന്നെത്തുന്ന മയക്കുവെടിസംഘത്തിന് ദൗത്യം പൂർത്തിയാക്കി എളുപ്പം മടങ്ങേണ്ടതുണ്ട്. അതിന് ആന ഈ കാട്ടിൽത്തന്നെ തുടരേണ്ടത് അനിവാര്യമാണ്. വരക്കുളം മേഖലയിലെ കാട്ടിലേക്ക് മാറിയാൽ ദൗത്യം കൂടുതൽ ദുഷ്കരമാവും. മയക്കുവെടിയേറ്റ ആനയെ ഇവിടെനിന്ന് വനത്തിലൂടെതന്നെ കുങ്കിയാനകളുടെ സഹായത്തോടെ ധോണി വനം ഓഫീസിന് സമീപത്തെ ആനക്കൂട്ടിലേക്ക് എളുപ്പമെത്തിക്കാനാവും. എന്നാൽ, ഇതിന് മിടുക്കരായ കൂടുതൽ കുങ്കിയാനകളുടെ സേവനം അനിവാര്യമാണ്.
ധോണിയിൽ ചുറ്റുമതിൽ തകർത്തു കാട്ടാനക്കൂട്ടം

പാലക്കാട്: ധോണിയിൽ മതിൽ തകർക്കാൻ മത്സരിച്ച് പാലക്കാട് ടസ്കർ(പി.ടി.) ഏഴാമനും കാട്ടാനക്കൂട്ടവും. ബുധനാഴ്ച പുലർച്ചെ ധോണിയിലെ വീടിന്റെ മതിൽ ‘പി.ടി.7’ തകർത്തപ്പോൾ അകത്തേത്തറ എൻജിനിയറിങ് കോളേജിലെ പുരുഷന്മാരുടെ ഹോസ്റ്റൽ പരിസരത്തെ മതിൽ ഇടിച്ചുനിരത്തിയാണ് കാട്ടാനക്കൂട്ടം ശൗര്യം കാട്ടിയത്.
ബുധനാഴ്ച പുലർച്ച ഒരുമണിയോടെയാണ് ‘പി.ടി.7’ കാട്ടിൽനിന്ന് കുന്നത്തുകളത്തെ ജനവാസമേഖലയിലേക്ക് ഇറങ്ങിയത്. ഇതിനിടെയാണ് കുന്നത്തുകളം ചേരിങ്കൽ കോളനി റോഡ് ഗോപാലകൃഷ്ണന്റെ വീടിന്റെ ചുറ്റുമതിൽ തകർത്തത്. തുടർന്ന് ആന സമീപത്തെ വയലിൽ ഇറങ്ങി നെല്ലു തിന്നു.
ഉടൻതന്നെ നാട്ടുകാരും ദ്രുതപ്രതികരണ സംഘവും (ആർ.ആർ.ടി.) എത്തി പടക്കംപൊട്ടിച്ചും ബഹളമുണ്ടാക്കിയും ആനയെ തുരത്താൻ ശ്രമംനടത്തി.
ഇതോടെ റോഡിലേക്ക് കയറിയ ആന ധോണി കോളേജിനു പിന്നിലുള്ള കാട്ടിലേക്കു കയറിപ്പോയി.
പുലർച്ചെ രണ്ടോടെയാണ് അകത്തേത്തറ ഭാഗത്ത് ഇറങ്ങിയ കാട്ടാനക്കൂട്ടം എൻ.എസ്.എസ്. കോളേജ് പരിസരത്തെ ഹോസ്റ്റലിനു സമീപമുള്ള ചുറ്റുമതിൽ തകർത്തത്. മൂന്ന് ആനകൾ സംഘത്തിലുണ്ടായിരുന്നു. ആനകൾ പിന്നീട് ചീക്കുഴി റോഡിലൂടെ കാട്ടിലേക്കുകയറിപ്പോയി.

Content Highlights: PT 7, Elephant Attack, Palakkad, Kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..