M Sivasankar | Photo: Mathrubhumi
തിരുവനന്തപുരം : ഐടി സെക്രട്ടറി എം ശിവശങ്കറിനെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദമേറുന്നു. തല്‍സ്ഥാനത്ത് നിന്ന് ശിവശങ്കറിനെ നീക്കിയേക്കുമെന്നാണ് പുറത്തു വരുന്ന സൂചനകൾ. ഇതിന് മുന്നോടിയായി മുഖ്യമന്ത്രി ഐടി സെക്രട്ടറിയോട് സ്വര്‍ണക്കടത്ത് വിവാദത്തില്‍ വിശദീകരണം ചോദിച്ചേക്കും.
മുഖ്യമന്ത്രിയും മന്ത്രിസഭയും അറിയാതെ സ്പ്രിംക്ലര്‍ കരാറുണ്ടാക്കിയ ഐടി സെക്രട്ടറി എം ശിവശങ്കര്‍ വീണ്ടും വിവാദങ്ങളുടെ സ്ഥിരം സഹയാത്രികനാകുമ്പോള്‍ വെട്ടിലായിരിക്കുന്നത് സര്‍ക്കാരാണ്, പ്രത്യേകിച്ച് മുഖ്യമന്ത്രി. കാരണം ശിവശങ്കര്‍ ഐടി സെക്രട്ടറി മാത്രമല്ല മുഖ്യമന്ത്രിയുടെ സെക്രട്ടറി കൂടിയാണ്.
സ്പ്രിംക്ലറിന്റേത് ചട്ടങ്ങള്‍ പാലിക്കാത്ത പ്രശ്‌നമാണെങ്കില്‍ ഇപ്പോഴത്തേത് ക്രിമിനല്‍ കേസുകളുള്ള ഒരാളുടെ നിയമനമാണ്. അതും ആഭ്യന്തര വകുപ്പിന് കീഴിലുള്ള ക്രൈംബ്രാഞ്ച് കേസില്‍ പ്രതിയായി രണ്ട് തവണ ചോദ്യം ചെയ്ത ആള്‍ക്ക് എങ്ങനെ ഐടി വകുപ്പില്‍ നിയമനം നല്‍കി എന്നതാണ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നത്. അതാണ് നിയമനത്തെ ന്യായീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകാതിരുന്നതിലെ പ്രധാന കാരണം.
സര്‍ക്കാരിന് ഇക്കാര്യത്തില്‍ പങ്കില്ല, താന്‍ അറിഞ്ഞു കൊണ്ടുള്ള നിയമനമല്ല ഉണ്ടായതെന്ന് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു.
സ്പ്രിംക്ലറില്‍ കരാര്‍ റദ്ദാക്കി കൈകഴുകി ശിവശങ്കറിനെ സംരക്ഷിച്ചെങ്കില്‍ ഇത്തവണ അത് സാധ്യമാവില്ല. അടിക്കടി ആരോപണം നേരിടുന്ന ഒരാളെ ഒഴിവാക്കാന്‍ മുന്നണിയില്‍ നിന്നു തന്നെ സമ്മര്‍ദ്ദം ഉണ്ടാവാന്‍ സാധ്യതയുണ്ട്. സ്വപ്‌ന സുരേഷിനെ എങ്ങനെ നിയമിച്ചെന്ന കുഴക്കുന്ന ചോദ്യം ഉയരുമ്പോള്‍ ശിവശങ്കറിന് മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനവും ഐടി സെക്രട്ടറി സ്ഥാനവും നഷ്ടമാകാനാണ് സാധ്യത.
content highlights: IT Secretary M Shivasankar and Swapna Suresh Controversy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..