തിരുവനന്തപുരം: മതഗ്രന്ഥവുമായി മലപ്പുറത്തേക്ക് പോയ സിആപ്റ്റ് വാഹനത്തിലെ ജി.പി.എസിന്റെ പ്രവര്‍ത്തനം നിര്‍ത്തിയത് ബോധപൂര്‍വമെന്ന് നിഗമനം. വാഹനത്തിലുള്ള കണക്ഷന്‍ വിച്ഛേദിച്ചാലും ആറു മണിക്കൂര്‍ ജി.പി.എസ്. പ്രവര്‍ത്തിക്കും. സി-ആപ്‌ററില്‍നിന്ന് പുറപ്പെടുമ്പോള്‍ തന്നെ ജി.പി.എസ്. ബന്ധം വിച്ഛേദിച്ചതാകാം കാരണം എന്നാണ് വിലയിരുത്തല്‍. 

സി-ആപ്റ്റില്‍നിന്ന് മതഗ്രന്ഥങ്ങള്‍ കൊണ്ടുപോയ വാഹനത്തില്‍ കളളക്കടത്ത് നടത്തിയിട്ടുണ്ടോ എന്ന പരിശോധനയാണ് എന്‍.ഐ.എ. നടത്തുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ സി-ആപ്റ്റില്‍ നേരിട്ടെത്തി എന്‍.ഐ.എ. പരിശോധന നടത്തിയിരുന്നു. യാത്രാമധ്യേ തൃശ്ശൂരില്‍ പ്രവേശിച്ച ശേഷമാണ് വാഹനത്തിന്റെ ജി.പി.എസ്. പ്രവര്‍ത്തനരഹിതമായത്. അതേതുടര്‍ന്ന് വാഹനം ട്രാക്ക് ചെയ്യാന്‍ സാധിച്ചിരുന്നില്ല. 

ജി.പി.എസ്.സംവിധാനത്തിന്റെ റെക്കോഡറും ലോഗ് ബുക്കും എന്‍.ഐ.എ. കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതിന്റെ പ്രാഥമിക പരിശോധനയിലും വിദഗ്ധരുമയി നടത്തിയ ആശയവിനിമയത്തിലുമാണ് ജി.പി.എസ്. ബന്ധം വിച്ഛേദിച്ചതാകാമെന്ന നിഗമനത്തിലേക്ക് എന്‍.ഐ.എയെ എത്തിച്ചത്. 

സി-ആപ്റ്റിന്റെ നാലു വാഹനങ്ങളില്‍ കെല്‍ട്രോണ്‍ ആണ് ജി.പി.എസ്. സംവിധാനം 2017-ല്‍ ഘടിപ്പിച്ചത്. ഇതുവരെ ഇതിന് ഒരു തകരാറും സംഭവിച്ചിട്ടില്ല. തന്നെയുമല്ല, തൃശ്ശൂരില്‍ എത്തിയ ശേഷം ജി.പി.എസ്. പ്രവര്‍ത്തനരഹിതമായതിനെ കുറിച്ച് സി-ആപ്റ്റില്‍ നിന്ന് അന്വേഷണവും ഉണ്ടായില്ല. തൊട്ടടുത്ത ദിവസങ്ങളില്‍ ഇതേ വാഹനങ്ങളിലെ ജി.പി.എസ്. വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങിയതായും എന്‍.ഐ.എ. കണ്ടെത്തിയിട്ടുണ്ട്. 

വളരെ സാങ്കേതിക തികവോടെയാണ് കെല്‍ട്രോണ്‍ ജി.പി.എസ് സംവിധാനം വാഹനങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്നത്. വാഹനങ്ങളില്‍ ഒരു സീല്‍ ചെയ്ത കവറിലാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്. ഈ സംവിധാനത്തിന്റെ ബാറ്ററി ചാര്‍ജ് വാഹനത്തിന്റെ ബാറ്ററിയുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുകയാണ്. വാഹനത്തില്‍നിന്നുളള ബന്ധം വിച്ഛേദിച്ചാലും ജി.പി.എസിലെ ബാറ്ററി ആറുമണിക്കൂറോളം നേരം പ്രവര്‍ത്തിക്കും. അതല്ലാതെ ഇത് പ്രവര്‍ത്തനരഹിതമാകുകയുമില്ല. 

ഇതിന്റെ അടിസ്ഥാനത്തില്‍ സി-ആപ്റ്റില്‍ നിന്ന് വാഹനം യാത്ര പുറപ്പെടുമ്പോള്‍ തന്നെ വാഹനത്തിന്റെ ബാറ്ററിയുമായിട്ടുളള ജി.പി.എസിന്റെ ബന്ധം വിച്ഛേദിച്ചിരിക്കാം എന്ന നിഗമനത്തിലാണ് നിലവില്‍ എന്‍.ഐ.എ.എത്തിയിരിക്കുന്നത്. കെല്‍ട്രോണ്‍ വിദഗ്ധരും സമാനമായ വസ്തുതകളാണ് ഉന്നയിക്കുന്നത്. ജി.പി.എസിലെ എല്ലാ വിവരങ്ങളും ക്ലൗഡ് സെര്‍വറിലാണ്‌ ശേഖരിക്കപ്പെടുന്നത്. ക്ലൗഡ് സെര്‍വറില്‍ നിന്ന് ഇതുസംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ലഭിക്കും. എവിടെവെച്ച് എപ്പോഴാണ് എങ്ങനെയാണ് ജി.പി.എസ് പ്രവര്‍ത്തനരഹിതമായത് എന്നതുസംബന്ധിച്ച എല്ലാ വിവരങ്ങളും ഇതില്‍ നിന്ന് ലഭിക്കും. 

ഇതിന്റെ അടിസ്ഥാനത്തില്‍ കെല്‍ട്രോണിന്റെ സഹായത്തോടെ എന്‍.ഐ.എ. വിവരങ്ങള്‍ ശേഖരിക്കുമെന്നാണ് വിവരം. 

Content Highlights: It is suspected that GPS in the C-apt vehicle was tampered