കൊച്ചി: നിയമ വിദ്യാര്‍ഥിനി മൊഫിയയുടെ പരാതിയില്‍ സ്റ്റേഷനിലെത്തിയ ഭര്‍ത്താവ് മുഹമ്മദ് സുഹൈലിനൊപ്പം എത്തിയത് കോണ്‍ഗ്രസുകാരാണെന്നത് ആരോപണം മാത്രമാണെന്നും അക്കാര്യം പാര്‍ട്ടി അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും അന്‍വര്‍ സാദത്ത് എം.എല്‍.എ. 

 മുഖ്യമന്ത്രി മൊഫിയയുടെ പിതാവിനെ വിളിച്ച് സംസാരിച്ചതിനെ സ്വാഗതം ചെയ്യുന്നു. ഇത് കുറച്ചുകൂടി നേരത്തെ ആകാമായിരുന്നുവെന്നാണ് അഭിപ്രായം. പെണ്‍കുട്ടിയുടെ മരണത്തിന് കാരണം സി ഐ ആണ്. അദ്ദേഹം മാറി നില്‍ക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. ജീവിച്ചിരുന്നപ്പോള്‍ നീതി കിട്ടിയില്ല. മരിച്ചിട്ടെങ്കിലും മൊഫിയക്കും കുടുംബത്തിനും നീതി കിട്ടണം. അത് ആഗ്രഹിക്കുന്ന വലിയൊരു പൊതു സമൂഹമുണ്ട്. ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയത് നടപടിക്രമം മാത്രമാണ്. അന്വേഷണത്തിന്റെ ഗതി എത്തരത്തിലാണ് എന്ന് നോക്കും. പീഡിപ്പിക്കപ്പെടുന്ന സഹോദരിമാര്‍ക്ക് വേണ്ടിയാണ് തങ്ങളുടെ സമരമെന്നും എം എല്‍ എ പറഞ്ഞു. 

കളമശ്ശേരി നിയോജകമണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഭര്‍ത്താവ് മുഹമ്മദ് സുഹൈലിനൊപ്പം എത്തിയത്. മുന്‍ പഞ്ചായത്തംഗവും ബ്ലോക്ക് ഭാരവാഹിയുമായ കോണ്‍ഗ്രസുകാരനും ബൂത്ത് പ്രസിഡന്റുമാണ് സുഹൈലിനു വേണ്ടി സംസാരിക്കാനെത്തിയത്. കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി സുഹൈലിന്റെ ബന്ധുവാണ് ബൂത്ത് പ്രസിഡന്റാണെന്നുമാണ് വിവരം. എന്നാല്‍ ഇത് ആരോപണം മാത്രമാണെന്നും സുഹൈലിനൊപ്പം എത്തിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെങ്കില്‍ അക്കാര്യം പാര്‍ട്ടി അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു. 

സുഹൈലിനൊപ്പം പോലീസ് സ്റ്റേഷനില്‍ ഒരു കുട്ടി സഖാവും എത്തിയിരുന്നുവെന്നും ഇത് ആരാണെന്ന് തനിക്ക് അറിയില്ലെന്ന് മൊഫിയ പറഞ്ഞതായും കുടുംബം ആരോപിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസുകാരാണ് പ്രതിക്കൊപ്പം എത്തിയതെന്ന വിവരം മറച്ചുവെച്ചാണ് സി.പി.എം. ഇടപെട്ടതായി കോണ്‍ഗ്രസ് കുപ്രചാരണം നടത്തുന്നതെന്ന് സി.പി.എം. ഏരിയാ സെക്രട്ടറി എ.പി. ഉദയകുമാര്‍ കുറ്റപ്പെടുത്തി. മൊഫിയയുടെ മരണത്തിനു ശേഷം സ്റ്റേഷനിലെത്തിയ രാഷ്ട്രീയക്കാരെ തിരിച്ചറിയാന്‍ പോലീസ് ശ്രമം നടത്തിയിരുന്നു. ഇതിനായി സ്റ്റേഷനിലെ സി.സി. ടി.വി. ക്യാമറകളടക്കം പരിശോധിച്ചപ്പോഴാണ് ഇവരെ തിരിച്ചറിഞ്ഞത്.