റബീഹ്
കണ്ണൂര്‍: സിഐടിയുവിന്റെ സമരവും ഭീഷണിയും നേരിടേണ്ടിവന്നതിനെ തുടര്‍ന്ന് കണ്ണൂരില്‍ കട അടച്ചുപൂട്ടേണ്ടി വന്നതായി പ്രവാസി ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ കടയുടമ. കണ്ണൂര്‍ മാതമംഗലത്തെ എസ്.ആര്. അസോസിയേറ്റ്സ് എന്ന ഹാര്ഡ്വെയര് ഷോപ്പിന്റെ ഉടമയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. കച്ചവടമെല്ലാം നിലച്ചതോടെ ഒരാഴ്ചയായി കട അടച്ചിട്ടിരിക്കുകയാണെന്നും ഉടമ റബീഹ് മുഹമ്മദ് പറയുന്നു.
രണ്ടു മാസത്തോളമായി റബീഹിന്റെ കടക്ക് മുന്നില്‍ സിഐടിയു സമരം നടത്തി വരികയായിരുന്നു. കടക്ക് മുന്നില്‍ പന്തല്‍ കെട്ടിയാണ് സമരം. കടയിലേക്ക് വരുന്ന ആളുകളെ സിഐടിയുക്കാര്‍ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് മൂലം വ്യാപാരം ആകെ ദുരിതത്തിലായെന്നും ഇപ്പോള്‍ അടച്ചുപൂട്ടേണ്ടി വന്നെന്നും റബീഹ് ആരോപിച്ചു.
കടയില്‍ സാധനം വാങ്ങിയ ഒരു ഉപഭോക്താവിനെ നടുറോട്ടിലിട്ട് തല്ലുന്ന സാഹചര്യവുമുണ്ടായി. എനിക്കും ഭീഷണിയുണ്ട്. സ്ഥിരമായി ഫോളോ ചെയ്യുന്നു. പോലീസ് സംരക്ഷമുണ്ടെങ്കിലും അവര്‍ അവിടെ വന്നിരിക്കുകയല്ലാതെ ഒന്നും ചെയ്യാറില്ല. പോലീസിന്റെ മുന്നില്‍വെച്ചാണ് ഭീഷണിപ്പെടുത്തലും മറ്റും. കടയിലേക്ക് സാധനങ്ങള്‍ കൊണ്ടുവരുന്നതിനും തടസ്സം സൃഷ്ടിക്കുന്നു. ഒരു രാഷ്ട്രീയപാര്‍ട്ടിയുമായും എനിക്ക് ബന്ധമില്ല. ചെറുപ്പം മുതല്‍ പ്രവാസിയാണ്. അടുത്തിടെയാണ് തിരിച്ചെത്തിയത്. പ്രശ്നം രാഷ്ട്രീയവത്കരിക്കാനും ശ്രമമുണ്ടായി'- റബീഹ് പറഞ്ഞു.
ഗള്‍ഫില്‍ നിന്ന് വന്നശേഷം കഴിഞ്ഞ വര്‍ഷമാണ് റബീഹ് കട ആരംഭിച്ചത്. കടയിലേക്ക് സാധനങ്ങള്‍ ഇറക്കാന്‍ സ്വന്തം തൊഴിലാളികള്‍ക്ക് ഹൈക്കോടതി മുഖാന്തിരം ലേബര്കാര്ഡ് വാങ്ങിയിരുന്നു. ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സിഐടിയു സമരത്തിലേക്ക് നയിച്ചത്.
അതേ സമയം തങ്ങള്‍ ഗാന്ധിയന്‍ മാര്‍ഗത്തില്‍ നിരഹാര സമരം മാത്രമാണ് നടത്തുന്നതെന്നും മറ്റൊരു ഇടപെടലും നടത്തുന്നില്ലെന്നും സിഐടിയു പ്രതികരിച്ചു. സ്ഥാപന ഉടമ കള്ളം പറയുകയാണെന്നും അവര്‍ ആരോപിച്ചു.
എന്നാല്‍ സ്ഥാപനം അടച്ചിട്ടിരിക്കുന്നത് തൊഴില്‍ തര്ക്കംമൂലമല്ലെന്നും പഞ്ചായത്ത് ലൈസന്‍സുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണെന്നും തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടി പ്രതികരിച്ചു. ഒരു ലൈസന്‍സില്‍ ഇവര്‍ മൂന്ന് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിച്ചു. ഇത് പഞ്ചായത്തിന് പരാതിയായി കിട്ടി. ഇതേ തുടര്‍ന്ന് പഞ്ചായത്ത് നോട്ടീസ് നല്‍കിയിരുന്നതായും മന്ത്രി വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..