കൊച്ചി: കരുണാകരന്റെ മുന്നോട്ട് പോക്കിനെ തടയാന്‍ പല ശക്തികളും ശ്രമിച്ചു. അതിനാല്‍ ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചന പുറത്തുകൊണ്ട് വരണമെന്ന് കെ.വി തോമസ്. ചാരക്കേസിലെ സത്യം ഒരിക്കല്‍ പുറത്തുവരുമെന്ന് കരുണാകരന്‍ തന്നോട് പറഞ്ഞിരുന്നുവെന്നും കെ.വി തോമസ് വ്യക്തമാക്കി. ഐഎസ്ആര്‍ഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാന്‍ സുപ്രീം കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതുമായി ബന്ധപ്പെട്ട് മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

കെ.കരുണാകരന്‍ എന്ന പ്രഗദ്ഭനായ ഭരണാധികാരിയെ പുകമറയ്ക്കുള്ളില്‍ നിര്‍ത്തിയ കേസാണ് ഇത്. ഈ കേസുനടക്കുന്ന സമയത്ത് ഞാന്‍ ലീഡറോടൊപ്പം ഡല്‍ഹിയിലുണ്ട്. അദ്ദേഹത്തെ ഏറ്റവും വേദനിപ്പിച്ച കേസാണിത്. അന്ന് ശ്രീവാസ്തവ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തിരുന്നു. അതെനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. അന്ന് ഞാന്‍ എം.പിയും ലീഡര്‍ മുഖ്യമന്ത്രിയും ആണ്. അന്ന് കേരള ഹൗസില്‍ ലീഡര്‍ വന്നപ്പോള്‍ പറഞ്ഞത് ശ്രീവാസ്തവ ഇത്തരം ഒരു കേസില്‍ പെടുമെന്ന് ഒരിക്കലും വിശ്വസിക്കുന്നില്ലെന്നാണ്. 

ശ്രീവാസ്തവയെ കരുണാകരന്‍ സസ്‌പെന്റ് ചെയ്തത് ദുഃഖത്തോടെയാണ്. ശ്രീവാസ്തവയെ സസ്‌പെന്റ് ചെയ്യണമെന്ന് ടി.എം ബേക്കബ്ബ് ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ഞങ്ങള്‍ ചിലത് ആലോചിച്ചിട്ടുണ്ടെന്ന് ജേക്കബ് പറഞ്ഞു.  എ.ജിയുടെ ഉപദേശം വാങ്ങിയാണ് സസ്‌പെന്റ് ചെയ്തത്. ലീഡര്‍ തീരുമാനമെടുത്ത് പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഇരുന്നാണ്. ചെയ്യുന്നത് തെറ്റാണെന്ന് ഒപ്പമുണ്ടായിരുന്ന തന്നോട് ലീഡര്‍ പറഞ്ഞിരുന്നു.

ചാരക്കേസിന് പിന്നില്‍ ചിലത് ഉള്ളതായി ടി.വി.ആര്‍ ഷേണായി തന്നോട് പറഞ്ഞിട്ടുണ്ട്. ചാരക്കേസിന് പിന്നില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കാണെന്ന് കരുതുന്നില്ല. സിബി മാത്യൂസ് ഗൂഢാലോചന നടത്തിയെന്ന് വ്യക്തിപരമായി വിശ്വസിക്കുന്നില്ലെന്നും കെ. വി തോമസ് വ്യക്തമാക്കി. 

Content Highlight: ISRO spy case: K.V Thomas welcomes CBI probe