ഫൗസിയ ഹസ്സൻ| File Photo: Mathrubhumi Library
തിരുവനന്തപുരം: ഐ.എസ്.ആര്.ഒ. ചാരക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ മാലി വനിത ഫൗസിയ ഹസ്സന്റെ മൊഴി സി.ബി.ഐ. രേഖപ്പെടുത്തി. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മൊഴിയെടുത്തത്.
സി.ബി.ഐ. അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ഫൗസിയ ഹസ്സന്റെ മൊഴി രേഖപ്പെടുത്തിയത്. ഈ കേസിലെ ഏറ്റവും നിര്‍ണായകമായ രണ്ടു മൊഴികള്‍ അന്ന് ചാരക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതും ചാരവൃത്തി നടത്തിയെന്ന് ആരോപിക്കപ്പെട്ടതുമായ മാലി വനിതകളായ മറിയം റഷീദയുടെയും ഫൗസിയ ഹസ്സന്റേതുമാണ്. ഗൂഢാലോചനക്കേസില്‍ ഇരുവരുടെയും മൊഴി നേരിട്ടാണ് രേഖപ്പെടുത്തേണ്ടിയിരുന്നത്. എന്നാല്‍ നേരിട്ട് രേഖപ്പെടുത്തുന്നതില്‍ സാങ്കേതികമായ തടസ്സങ്ങളുണ്ട്. അതിനാലാണ് ഫൗസിയ ഹസ്സന്റെ മൊഴി കഴിഞ്ഞ ദിവസം വീഡിയോ കോണ്‍ഫറന്‍സിങ് മുഖാന്തരം രേഖപ്പെടുത്തിയത്.
ഇതിനൊപ്പം സിബിഐ സംഘം ബെംഗളൂരുവിലെത്തി അന്ന് ചാരക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ടി. ചന്ദ്രശേഖറിന്റെയും എസ്.കെ. ശര്‍മയുടെയും ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തി. ചന്ദ്രശേഖറിന്റെ ഭാര്യയുടെയും ശര്‍മയുടെ മകളുടെയും മൊഴികളാണ് രേഖപ്പെടുത്തിയത്. ചന്ദ്രശേഖറും ശര്‍മയും മരിച്ചു പോയതിനിലാണ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയത്. ഈ മൊഴികള്‍ ഐ.എസ്.ആര്.ഒ. ചാരക്കേസില്‍ നിര്‍ണായകമാണ്.
13 ഉദ്യോഗസ്ഥരാണ് ചാരക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്നത്. ഇവരില്‍ ചിലര്‍ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. ഇതിനെതിരെ സി.ബി.ഐ. സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. മറിയം റഷീദയുടെ മൊഴികൂടി ഇനി രേഖപ്പെടുത്തേണ്ടതുണ്ട്. ഇത് ഓണ്‍ലൈന്‍ ആയിവേണോ അതോ നേരിട്ടു വേണോ എന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല.
നേരത്തെ, നഷ്ടപരിഹാരം ആവശ്യപ്പെട്ട് മറിയം റഷീദയും ഫൗസിയ ഹസ്സനും ഹൈക്കോടതിയില്‍ അടക്കം ഹര്‍ജി നല്‍കിയിരുന്നു. ചാരക്കേസ് ഗൂഢാലോചന കേസ് അന്വേഷണം ആരംഭിച്ചപ്പോള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇവര്‍ സി.ബി.ഐക്കും അപേക്ഷ നല്‍കിയിരുന്നു. രണ്ടുകോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് ഇവര്‍ ഉന്നയിച്ചിരുന്ന ആവശ്യം. ഈ കത്തുകൂടി സിബിഐ ഇപ്പോള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. പ്രതി ചേര്‍ക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ജാമ്യത്തെ എതിര്‍ത്ത് സിബിഐ നല്കിയ ഹര്‍ജിക്ക് ബലംകിട്ടാനായിട്ടാണ് ഈ നഷ്ടപരിഹാരം ആവശ്യപ്പെട്ട കത്തും ഒപ്പം സമര്‍പ്പിച്ചിരിക്കുന്നത്.
content highlights: isro espionage conspiracy case: cbi records fouzia hassan's statement
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..