gopinath pillai
ഗോപിനാഥ പിള്ള (ഫയല്‍ ചിത്രം)

കൊച്ചി: ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പരാതിക്കാരനും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരില്‍ ഒരാളായ ജാവേദ് ഗുലാം ഷെയ്ഖ് എന്ന പ്രാണേഷ് കുമാറിന്റെ പിതാവുമായ ഗോപിനാഥ പിള്ള വാഹനാപകടത്തില്‍ മരിച്ചു.

ചൊവ്വാഴ്ച ആലപ്പുഴ തങ്കിപ്പള്ളിയ്ക്ക് സമീപം അജ്ഞാത വാഹനമിടിച്ച ഗോപിനാഥ പിള്ള കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നു പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു മരണം. മൃതദേഹം സംസ്്കാരത്തിനായി ആലപ്പുഴയിലേക്ക് കൊണ്ടുപോയി. 

2004 ജൂണില്‍ അഹമ്മദാബാദില്‍ നടന്ന ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ നിലവില്‍ സിബിഐ അന്വേഷിക്കുന്ന കേസാണ്. ജാവേദ് ഗുലാം ഷെയ്ഖും ഇസ്രത്ത് ജഹാനും ഉള്‍പ്പെടെ നാലുപേരാണ് കൊല്ലപ്പെട്ടത്. ഗുജറാത്ത് പോലീസാണ് കേസില്‍ പ്രതിസ്ഥാനത്ത്.

ആലപ്പുഴ നൂറനാട് സ്വദേശിയായ പ്രാണേഷ് മുംബൈയില്‍ വെച്ച് 1991ലാണ് മതംമാറി സാജിദ എന്ന മുസ്ലിം യുവതിയെ വിവാഹം കഴിക്കുന്നത്.