തരൂരിന് പിന്നില്‍ ഉമ്മന്‍ ചാണ്ടി ?


രാജേഷ് കോയിക്കല്‍, മാതൃഭൂമി ന്യൂസ്

ശശി തരൂരും ഉമ്മൻ ചാണ്ടിയും ( Photo: PTI, Biju Varghese )

ന്യൂഡല്‍ഹി: അപ്രഖ്യാപിത വിലക്കുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വകവെക്കാതെ ശശി തരൂര്‍ കേരളാ പര്യടനം തുടരുകയാണ്. കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ സ്വീകരണം ലഭിച്ചു. കെപിസിസി നേതൃത്വം പോലും വട്ടം നിന്നിട്ടും തരൂരെന്ന ഒറ്റയാന്‍ ആരേയും കൂസാതെ മുന്നോട്ടു പോകണമെങ്കില്‍ ശക്തനായ നേതാവിന്റെ പിന്‍ബലം വേണം. ആരാണ് ആ നേതാവ് ? ഊഹാപോഹങ്ങളെല്ലാം നീളുന്നത് ഉമ്മന്‍ചാണ്ടിയിലേക്കാണ്. അനാരോഗ്യം മൂലം വിശ്രമത്തിലാണെങ്കിലും പാര്‍ട്ടിയുടെ നയപരമായ വിഷയങ്ങളില്‍ എല്ലാം അദ്ദേഹത്തിന്റെ ശക്തമായ ഇടപെടലുണ്ട്.

എഐസിസി അധ്യക്ഷനായി മത്സരിക്കുന്ന ഘട്ടത്തില്‍ തിരുവനന്തപുരത്ത് എത്തിയ തരൂരിനെ കാണാതെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അടക്കമുളള നേതാക്കള്‍ മുങ്ങി നടന്നപ്പോഴും ഉമ്മന്‍ ചാണ്ടി എടുത്തത് മറ്റൊരു നിലപാടായിരുന്നു. തരൂരിനെ സ്വീകരിച്ച ഉമ്മന്‍ ചാണ്ടി, തമസ്‌കരിക്കലല്ല ഒപ്പം നിര്‍ത്തലാണ് നേതാവ് ചെയ്യേണ്ടതെന്ന സന്ദേശം നല്‍കി. മലപ്പുറത്ത് എത്തിയ തരൂരിനെ സ്വീകരിച്ചവരില്‍ പ്രധാനി ഡിസിസി പ്രസിഡന്റ് വി.എസ് ജോയി ആണ്. ഉമ്മന്‍ ചാണ്ടി നയിക്കുന്ന എ ഗ്രൂപ്പിലെ യുവ തുര്‍ക്കി. കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാന്‍ നോ പറഞ്ഞ സ്ഥലത്താണ് വി.എസ് ജോയി തരൂരിന് എസ് പറഞ്ഞത്. ആര്യാടന്‍ ഷൗക്കത്തും കെ.സിയുടെ വിശ്വസ്തനായ എ.പി അനില്‍ കുമാറും വിട്ടു നിന്നെങ്കിലും ജില്ലയിലെ പ്രധാന നേതാക്കളെല്ലാം തരൂരിനെ സ്വീകരിക്കാന്‍ ഡിസിസിയിലെത്തി.എ ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തി കാട്ടാന്‍ മുഖ്യമന്ത്രി മുഖമൊന്നുമില്ല. ബെന്നി ബെഹ്നാന്‍ നിഴലുപോലെ ഉമ്മന്‍ ചാണ്ടിക്ക് ഒപ്പമുണ്ടെങ്കിലും തൃശൂര്‍, എറണാകുളം ജില്ലയ്ക്കപ്പുറം സ്വീകാര്യതയില്ല. കെ ബാബുവും കെ.സി ജോസഫും ഒതുങ്ങിയ മട്ടാണ്.

തലയെടുപ്പുളള ഒരു നേതാവും ഇന്ന് ഗ്രൂപ്പിലില്ല. ഈ സാഹചര്യത്തിലാണ് ശശി തരൂര്‍ എന്ന തുറുപ്പ് ചീട്ടില്‍ എ ഗ്രൂപ്പ് പ്രതീക്ഷ അര്‍പ്പിക്കുന്നത്. കെ മുരളീധരന്റെ തരൂര്‍ അനുകൂല പ്രസ്താവന പോലും ഉമ്മന്‍ ചാണ്ടിയുടെ മനസറിഞ്ഞായിരിക്കും. വടകരയിലും നേമത്തും മത്സരിക്കാന്‍ മുരളീധരന്‍ സമ്മതം മൂളിയത് ഉമ്മന്‍ചാണ്ടിയെന്ന നേതാവിന്റെ നിര്‍ദേശത്തിന് വഴങ്ങിയാണ്. തരൂരിനെതിരായ ഗൂഢാലോചനയ്ക്ക് പിന്നില്‍ മുഖ്യമന്ത്രി കുപ്പായം തുന്നി കാത്തിരിക്കുന്നവരാണെന്ന് മുരളീധരന്‍ പറഞ്ഞത് കെ.സി വേണുഗോപാല്‍, വി.ഡി സതീശന്‍ എന്നിവരെ ലക്ഷ്യമിട്ടെന്ന് വ്യക്തം. പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടപ്പെട്ട രമേശ് ചെന്നിത്തല തത്കാലം മുഖ്യമന്ത്രി മോഹം ഉപേക്ഷിച്ചിരിക്കുകയാണ്. ദേശീയതലത്തില്‍ ശക്തനായി സംസ്ഥാനത്തേക്ക് മടങ്ങുക എന്നതാണ് ചെന്നിത്തലയുടെ പ്രധാന ലക്ഷ്യം.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പോടെ അധികാരത്തില്‍ തിരിച്ചെത്താന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിന് നിലവിലെ നേതൃത്വത്തിന്റെ ചെയ്തികള്‍ ഗുണം ചെയ്യുമെന്ന് പറയാനാവില്ല. കെ.സുധാകരന്റെ തുടര്‍ച്ചയായുളള ആര്‍.എസ്എ.സ് അനുകൂല പരാമര്‍ശങ്ങള്‍ മുസ്ലീം ലീഗിലും കോണ്‍ഗ്രസ് അനുഭാവം പുലര്‍ത്തുന്ന ന്യൂനപക്ഷ വോട്ടര്‍മാരിലും കടുത്ത അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. വി.ഡി സതീശനാകട്ടെ ആള്‍ക്കൂട്ടങ്ങളുടെ നേതാവായി ഇനിയും മാറിയിട്ടില്ല. എന്‍.എസ്എ.സിന്റെ അപ്രീതിയും അദ്ദേഹത്തിന് വിനയാണ്. കേരളത്തിലേക്ക് കണ്ണുംനട്ടിരിക്കുന്ന കെ.സി വേണുഗോപാലിന് സെയ്ഫ് ലാന്‍ഡിങ് സാധ്യമാകുന്നുവെന്ന ഘട്ടത്തിലാണ് തരൂരിന്റെ പടപ്പുറപ്പാട്. നിലവിലെ നേതൃത്വം ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെയെന്ന് അഭ്യൂഹം കോണ്‍ഗ്രസില്‍ ശക്തമാണ്. നിലവിലെ 15 സീറ്റില്‍നിന്നും എത്ര കുറഞ്ഞാലും അത് നേതൃത്വത്തിന്റെ പിടിപ്പുകേടാകും. സ്വാഭാവികമായി നേതൃമാറ്റം എന്ന ആവശ്യം ഉയരും. തലയുരുളുമ്പോള്‍ പുതിയ മുഖങ്ങള്‍ നേതൃത്വത്തില്‍ അനിവാര്യമാകും. ഉമ്മന്‍ചാണ്ടിയ്ക്ക് ഇനി മുഖ്യമന്ത്രി മോഹമില്ല. എന്നാല്‍ വിഡിയും കെസിയും മുഖ്യമന്ത്രി ആകുന്നതിനോട് യോജിപ്പില്ല. അവിടെയാണ് മുരളീധരനൊപ്പം തരൂരിനേയും ഉമ്മന്‍ചാണ്ടി പ്രതിഷ്ഠിക്കുന്നത്.

അധികാരമില്ലെങ്കില്‍ പിടിച്ചു നില്‍ക്കുക അസാധ്യമാണെന്ന് ലീഗിന് തിരിച്ചറിവുണ്ട്. അതിനമായി കോണ്‍ഗ്രസിന് ശക്തമായ മതേതര നേതൃത്വം ഉണ്ടാകേണ്ടത് അനിവാര്യമാണ്. തരൂരിന്റെ വര്‍ഗീയ വിരുദ്ധ നിലപാട് യുഡിഎഫ് ഉപയോഗപ്പെടുത്തണം എന്നാണ് ലീഗ് നേതാക്കള്‍ പറയുന്നത്. എല്ലാ വിഭാഗത്തേയും ആകര്‍ഷിക്കാന്‍ കഴിയുന്ന ഉമ്മന്‍ ചാണ്ടിയെ പോലുളള നേതാവിന്റെ അഭാവം മറികടക്കാന്‍ തരൂരിന് മാത്രമേ കഴിയൂ എന്ന് എ ഗ്രൂപ്പും വിശ്വസിക്കുന്നു. അതുകൊണ്ടാണ് തരൂരിന് എ ഗ്രൂപ്പ് നേതാക്കള്‍ പരസ്യമായി പിന്തുണയ്ക്കുന്നതും.

Content Highlights: is oomen chandy backing tharoor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented