അപാര ബുദ്ധിയും ഓര്‍മ്മയും, വന്നവഴിമറക്കാറില്ല; പക്ഷേ ആനപ്പക സത്യമോ?


വളരെ ബുദ്ധിയും ഓര്‍മശക്തിയുമുള്ള ജീവിയാണ് ആന. മനുഷ്യനെപ്പോലെ മറ്റൊരു സമൂഹജീവിയാണത്.

പ്രതീകാത്മക ചിത്രം

കഴിഞ്ഞ ദിവസം ഒഡീഷയില്‍ ഒരു സംഭവം നടന്നതായി വാര്‍ത്ത വന്നു. കുഴല്‍ക്കിണറില്‍നിന്ന് വെള്ളമെടുത്തുകൊണ്ടിരുന്ന മായാ മുര്‍മു എന്ന എഴുപതുകാരിയെ ഒരു കാട്ടാന ചവിട്ടിക്കൊന്നു. തിരിച്ചുപോയ ആനയുടെ പക അവിടെയും തീര്‍ന്നില്ല. ആശുപത്രിയില്‍നിന്നും വീട്ടിലേക്കെത്തിച്ച മൃതദേഹം ചിതയില്‍വെച്ച് തീ കൊളുത്തുംമുമ്പുള്ള അന്ത്യ കര്‍മങ്ങള്‍ നടത്താന്‍ തുടങ്ങിയപ്പോള്‍ ആന വീണ്ടുമെത്തി. ചിതയില്‍നിന്നും മൃതദേഹം താഴേക്ക് വലിച്ചിട്ട് വീണ്ടും ചവിട്ടി എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

നാട്ടിലേക്ക് കയറിവരുന്ന കാട്ടാനകളെ സ്ഥിരായി ഉപദ്രവിച്ചിരുന്ന ഒരാള്‍ മൂന്നാറിലുണ്ടായിരുന്നു എന്നൊരു കഥയുണ്ട്‌. ആനയുടെ ശരീരത്തിലേക്ക് തിളച്ച വെള്ളമൊഴിച്ച് ഓടിക്കലായിരുന്നു ഇയാളുടെ പ്രധാന പരിപാടി. പലപ്പോഴായി ഇയാളെ തിരിച്ച് ഉപദ്രവിക്കാന്‍ നോക്കിയ ആന ആദ്യമെല്ലാം അതില്‍ പരാജയപ്പെട്ടെങ്കിലും അവസാനം ഒരിക്കല്‍ പുറകിലൂടെയെത്തി അയാളെ കൊല്ലുകയായിരുന്നു എന്നാണ് പറഞ്ഞുകേള്‍ക്കുന്നത്‌.

ആനയുടെ പകയ്ക്ക് ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉദാഹരണമായും പൊലിപ്പിച്ചും പറയുന്നവര്‍ പണ്ടുമുതലേയുണ്ട്. ആനയുടെ ഓര്‍മശക്തിയാണ് ഈ പകയുടെ കാരണമായി പറയുന്നത്. പണ്ട് ഉപദ്രവിച്ചത് ഓര്‍മയില്‍ വെച്ച് ആന പകരം വീട്ടുന്നു എന്നാണ് പൊതുവെ പറയുന്നത്. എന്നാല്‍ ആനയ്ക്ക് ഇത്തരത്തില്‍ പകയുണ്ടോ?

ആനയ്ക്കുമുണ്ട് ബുദ്ധിശക്തി
'വളരെ ബുദ്ധിയും ഓര്‍മശക്തിയുമുള്ള ജീവിയാണ് ആന. മനുഷ്യനെപ്പോലെ മറ്റൊരു സമൂഹജീവിയാണത്. നമ്മുടെ ഓര്‍മശക്തി സൂക്ഷിച്ചുവെക്കുന്ന തലച്ചോറിലെ ഹിപ്പോ കാമ്പസ് എന്ന ഭാഗം ആനയില്‍ ഉയര്‍ന്ന തലത്തില്‍ വികാസം സംഭവിച്ചവയാണ്. സെന്‍സ് ചെയ്യാനും വികാര വിചാരങ്ങള്‍ പുറത്തുകാണിക്കാനുള്ള കഴിവുമെല്ലാം ആനയ്ക്കുണ്ട്. അടുപ്പം സൂക്ഷിക്കാനും കരയാനുമെല്ലാം ആനയ്ക്ക് കഴിയുന്നതും ഇതുകൊണ്ടെല്ലാമാണ്. അതുകൊണ്ടുതന്നെ സംഭവങ്ങള്‍ ഓര്‍മയില്‍ സൂക്ഷിക്കാന്‍ ഇതിനാവില്ല എന്ന് പറയാനാവില്ല.'- ആനകളെക്കുറിച്ച് പഠിക്കുന്ന കുന്നംകുളം സ്വദേശി മാര്‍ഷല്‍.സി.രാധാകൃഷ്ണന്‍ പറയുന്നു.

ശ്രീലങ്കയിലെ സിഗിരിയയിലെ കിമ്പിസയില്‍ ഒരു ഹോട്ടലുണ്ട്. പ്രശസ്തമായ സിഗിരിയ റോക്കില്‍നിന്ന് ഏതാണ്ട് 20 മിനിട്ട് മാത്രം യാത്രയുടെ ദൂരത്തില്‍ സ്ഥിതിചെയ്യുന്ന ഈ ഹോട്ടലിന്റ പേര് ദ് എലഫന്റ് കോറിഡോര്‍ ഹോട്ടല്‍ എന്നാണ്്. ഹോട്ടലിലേക്ക് കയറുമ്പോള്‍ റിസപ്ഷനും മുറികള്‍ക്കുമിടയില്‍ നീണ്ടു കിടക്കുന്ന ഒരു പാതയുണ്ട്. ഹോട്ടല്‍ നില്‍ക്കുന്നത് സ്വകാര്യ ഭൂമിയില്‍ ആണെങ്കിലും അപ്പുറത്ത് കാടാണ്. രാവിലെയും വൈകീട്ടും അതിലേ ആനകള്‍ സഞ്ചരിക്കുന്നു. ഹോട്ടലില്‍ താമസിക്കുന്നവര്‍ക്കോ അവിടത്തെ ജോലിക്കാര്‍ക്കോ ഇന്നുവരെ ഈ ആനകള്‍ ദ്രോഹമൊന്നും ചെയ്തിട്ടില്ല. ആനകളുടെ സഞ്ചാരപാതയിലാണ് ഹോട്ടല്‍ നിര്‍മിച്ചത്. നിര്‍മാണം തുടങ്ങിയ സമയത്ത് ഈ വഴിയിലെ നിര്‍മിതികള്‍ ആനകള്‍ തകര്‍ത്തുതുടങ്ങിയതോടെയാണ് ആനകള്‍ക്ക് ഒരു ഇടനാഴി എന്ന ആശയം ഹോട്ടലുടമയ്ക്ക് ഉണ്ടായത്. ആനത്താര നിലനിര്‍ത്തിക്കൊണ്ടുതന്നെ ഈ ഹോട്ടല്‍ നിര്‍മിക്കുകയായിരുന്നു.

ഒരിക്കല്‍ ഒരു വഴിയിലൂടെ നടന്ന ആന വര്‍ഷങ്ങള്‍ കഴിഞ്ഞാലും അതേ വഴി പിന്നീട് നടക്കേണ്ടിവന്നാല്‍ ആദ്യം നടന്ന പാതയിലൂടെ മാത്രമേ നടക്കൂ എന്ന് കേട്ടിട്ടില്ലേ? ആനകള്‍ക്ക് പരമ്പരാഗതമായി സ്ഥിരമായ ഒരു സഞ്ചാരപാതയാണുള്ളത്. അതിന്റെ മാര്‍ഗ്ഗത്തിലെ തടസ്സങ്ങളെയെല്ലാം അത് ഇല്ലാതാക്കും. അത് വീടാണെങ്കിലും കൃഷിയിടമാണെങ്കിലും. അവയുടെ സംവേദന ക്ഷമത വഴി അത് തിരിച്ചറിയാനുള്ള കഴിവ് ആനയ്ക്കുണ്ട്.

ആനയുടെ ഓര്‍മശക്തിയെക്കുറിച്ച് പല പഠനങ്ങളുമുണ്ട്. എന്നാല്‍ ആനയുടെ പക സംബന്ധിച്ച് യാതൊരു തെളിവുകളും ശാസ്ത്രീയമായി ലഭിച്ചിട്ടില്ലെന്ന് വന്യജീവി വിദഗ്ധന്‍ ഡോ. പി.എസ്.ഈസ പറയുന്നു. 'ഒഡീഷയില്‍ സംഭവിച്ചു എന്ന് പറയപ്പെടുന്ന സംഭവവുമായി ബന്ധപ്പെട്ട് തെളിവുകളൊന്നുമില്ല. ഇതുപോലെ വളരെ അപൂര്‍വമായി ചില സംഭവങ്ങള്‍ പറഞ്ഞുകേട്ടിട്ടുണ്ട്. സ്ഥിരമായി ആന നാട്ടിലെ ഒരേ ഇടത്തില്‍ വരുന്നതിന് പല കാരണമുണ്ടാകാം. മൂന്നാറില്‍ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞത് അന്വേഷിച്ചപ്പോള്‍ അടുത്ത് പലചരക്ക്- പച്ചക്കറി കടയുണ്ടെന്ന് കണ്ടെത്തി. ഇതാകാം അതിന് കാരണമെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ വിശ്വാസ്യയോഗ്യമായ ചില സംഭവങ്ങളും കേട്ടിട്ടുണ്ട്. പറമ്പിക്കുളത്തെ ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥനെ പണ്ട് സ്ഥിരമായി ആന ഓടിക്കുമായിരുന്നു. അദ്ദേഹം കൂടെയില്ലെങ്കില്‍ ഒന്നും ചെയ്യാത്ത ആനപോലും ആള്‍ കൂടെയുണ്ടെങ്കില്‍ ഓടിക്കുന്ന അവസ്ഥ. പിന്നീട് അദ്ദേഹം സ്ഥലം മാറിപ്പോയി. ഇത് എന്തുകൊണ്ടാണെന്നതിന് ഉത്തരമൊന്നുമില്ല. ആനയ്ക്ക് നല്ല ബുദ്ധിശക്തിയുണ്ട്. മണം പിടിച്ചെടുക്കാനും മറ്റ് സംവേദനക്ഷമതകളിലും മുന്നിലുമാണ്. അല്ലാതെ വലിയ തോതില്‍ പക ഉള്ളില്‍ സൂക്ഷിച്ച് ആന രണ്ടാമതും വന്ന് ചവിട്ടുന്നതൊക്കെ അപൂര്‍വമാണ്. വേറെ എന്തെങ്കിലും സെന്‍സ് ചെയ്താവാം ആന പെരുമാറുന്നത്. ഒരേ ആനതന്നെയാണ് രണ്ടുമെന്നും ചിലപ്പോള്‍ തെറ്റിദ്ധരിച്ചതുമാകാം. അദ്ദേഹം പറഞ്ഞു.

സ്നേഹിക്കാനറിയാം, വിവേചന ബുദ്ധിയില്ല

ആന ഒരു സമൂഹജീവിയാണ്. കാട്ടിലാണെങ്കിലും നാട്ടിലാണെങ്കിലും അത് ഒരുപോലെയാണ് ജീവിക്കുന്നത്. കാട്ടില്‍നിന്നും നാട്ടിലെത്തിയാല്‍ അതിനു ചുറ്റുമുള്ള മനുഷ്യരാണ് ആനയുടെ കുടുംബം.
''ഒന്നാം പാപ്പാനെ അമ്മയുടെ സ്ഥാനത്തും ഉടമസ്ഥന്‍ അച്ഛന്റെ സ്ഥാനത്തും ബാക്കിയുള്ളവര്‍ സഹോദരന്‍മാരുടെ സ്ഥാനത്തുമാണെന്ന് വേണമെങ്കില്‍ പറയാം. മക്കളെ എന്നു വിളിക്കുമ്പോള്‍ അതിന്റെ പ്രവൃത്തികള്‍ കണ്ടാലറിയാം അത് എത്രമാത്രം നമ്മളെ ഇഷ്ടപ്പെടുന്നുവെന്ന്. രക്തബന്ധംപോലുള്ള സ്‌നേഹവും സൗഹൃദവുമാണ് അത് നല്‍കുന്നത്. എന്നിരുന്നാല്‍പ്പോലും ആന ഒരു വനജീവിയാണ്. ഉപ്പോളം വരുമോ ഉപ്പിലിട്ടത് എന്ന് പറയുന്നതുപോലെത്തന്നെയാണ് ഇവിടെയും കാര്യം. മനുഷ്യര്‍ ആനയ്ക്ക് ഉപ്പിലിട്ടതിന് തുല്യമാണ്. വനജീവി സ്വഭാവം കാണിക്കാന്‍ ഉള്ള പ്രവണത അതിന്റെ ഉള്ളില്‍ ചിലപ്പോഴുണ്ടാവാം. അത് ചില ആനകള്‍ പുറത്തെടുക്കാറുമുണ്ട്. അപൂര്‍വമാണത്. - അന്നമനട ഉമാ മഹേശ്വരന്‍ എന്ന ആനയുടെ പാപ്പാന്‍ വാഴക്കുളം മനോജ് പറയുന്നു. ആനയുടെ സ്‌നേഹം വെളിപ്പെടുന്ന ഒരുപാട് സംഭവങ്ങളുമുണ്ട് ഓരോ പാപ്പാന്റെയും ജീവിതത്തില്‍.
''ആനയേയും കൂട്ടി യാത്ര പോകുന്ന വഴി ചായ കുടിക്കാനായി കടയില്‍ കയറുന്ന പതിവുണ്ട്. തിരിച്ചുവരുമ്പോള്‍ കടയിലുള്ള ഏന്തെങ്കിലും വിഭവം കൊണ്ടുവന്നുകൊടുക്കും. ഒരു ദിവസം തിരക്കില്‍ വാങ്ങാന്‍ മറന്നു. അന്ന് കുറെനേരം എന്നോട് പിണങ്ങി. വീട്ടിലെ കുട്ടി പെരുമാറുന്ന പോലെ അതിനും പിണക്കവും പരിഭവവുമൊക്കെയുണ്ട്. ഉപദ്രവിക്കുന്ന പാപ്പാനെ തിരിച്ച് ഉപദ്രവിക്കുന്ന ആനകളുണ്ട്. അതേ സമയം മദ്യപിച്ച് റോഡില്‍ കിടക്കുന്ന പാപ്പാന് കാവല്‍ നില്‍ക്കുന്ന ആനകളുമുണ്ട്. അതിന് അപ്പോള്‍ തോന്നുന്നത് ചെയ്യുന്നു. ബുദ്ധിയുണ്ട്, പക്ഷേ ചിന്തിച്ച് ചെയ്യാനുള്ള വിവേചന ബുദ്ധി ഇല്ല എന്ന് വേണമെങ്കില്‍ പറയാം.' മനോജ് അനുഭവത്തിൽനിന്ന് പറയുന്നു.

ഓരോന്നിനും ഓരോ സ്വഭാവം

ആനയുടെ സ്വഭാവം മനുഷ്യരെപ്പോലെത്തന്നെ ഓരോന്നിനും ഓരോന്നാണ്. കാട്ടില്‍ കൂട്ടങ്ങളായാണ് ആന കഴിയുന്നത്. പെണ്ണാന നേതൃത്വം നല്‍കുന്ന ഇത്തരം കൂട്ടം ഒരു കുടുംബം പോലെയാണ് കഴിയുന്നത്. കൂട്ടത്തില്‍നിന്ന് പുറത്താക്കപ്പെട്ട ഒറ്റയാനകള്‍ തികച്ചും അപകടകാരികളാവുന്നതും കാണാറുണ്ട്. ഒറ്റപ്പെട്ട ഇവയില്‍ ആക്രമണോത്സുകത കൂടുതലാണ്. ഇത്തരം ആനകളുടെ മുന്നില്‍പ്പെട്ട് ജീവന്‍ അപകടത്തിലായവര്‍ ഏറെയാണ്.

നാട്ടാനകളാണെങ്കില്‍ സ്വന്തം ആനക്കാരനെ തിരിച്ചറിയാനും സംരക്ഷിക്കാനും അത് പരമാവധി ശ്രമിക്കും. ഒരിക്കല്‍ ഗുരുവായൂരിലെ വിഷ്ണു എന്ന ആന മറ്റൊരു ആനയുടെ പാപ്പാനെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഉടനെ ഈ ആന തുമ്പിക്കൈ കൊണ്ട് തന്റെ പാപ്പാനെ ചുറ്റിപ്പിടിച്ച് സംരക്ഷിച്ചു. ഓമനച്ചേട്ടന്‍ എന്ന് നാട്ടുകാര്‍ വിളിക്കുന്ന സ്വന്തം പാപ്പാന്‍ മരിച്ചുകിടക്കുമ്പോള്‍ കണ്ണുനീരൊഴുക്കി ബ്രഹ്‌മന്‍ എന്ന ആന വിടനല്‍കുന്ന കാഴ്ച
കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ആനക്കാരുടെ ഇടയില്‍ത്തന്നെ ഇത്തരം സംഭവങ്ങള്‍ ധാരാളമായി സംഭവിക്കാറുണ്ട്. ഏതെങ്കിലും ഒരു ആനയെ മദ്യപിച്ചെത്തിയ പാപ്പാന്‍ മര്‍ദ്ദിക്കുകയാണെങ്കില്‍ അത് അതിന് അനുഭവമായി ഓര്‍മയില്‍ കിടക്കും. മദ്യത്തിന്റെ മണം അനുഭവിക്കാന്‍ കഴിയുന്നതുകൊണ്ടുതന്നെ ആ മണമുള്ള മറ്റാര് വന്നാലും അത് ചിലപ്പോള്‍ ദേഷ്യം പ്രകടിപ്പിക്കും. സ്ഥിരമായ സ്ഥലങ്ങളില്‍വെച്ച് ഉപദ്രവം വന്നാല്‍ അത് ആന ശ്രദ്ധിക്കും.

ചില ആനകള്‍ ആദ്യമെല്ലാം പാവമായി നിന്ന് തക്കം കിട്ടുമ്പോള്‍ ഉപദ്രവിക്കും. എന്നാലും മിക്കവാറും ആനകള്‍ സ്വന്തം ഉടമസ്ഥനോട് ഏറെ കൂറുള്ള ജീവിയാണ്. താന്‍ ആരെയാണ് അനുസരിക്കേണ്ടത് എന്ന് ആനയ്ക്ക് അറിയാം. മറ്റാരേയും അനുസരിക്കാനും ആന തയ്യാറാവുകയുമില്ല. ആനയെ പ്രകോപിപ്പിച്ച് ഉപദ്രവിച്ച പാപ്പാനല്ലാത്ത ആളെ ആന ചവിട്ടിക്കൊന്ന സംഭവവും കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. സ്വതവേ ഭയം കൂടുതലുള്ള മൃഗമാണ് ആന. എന്നാല്‍ അസ്വസ്ഥതയും ഭയവുമുണ്ടാകുമ്പോള്‍ ഏതു ജീവിയേയുംപോലെ ആനയും പ്രതികരിക്കും. എന്നാല്‍ അത് ചിലപ്പോള്‍ മനുഷ്യര്‍ക്ക് താങ്ങാവുന്നതിലും മുകളിലായിരിക്കുമെന്ന് മാത്രം.

Content Highlights: is elephant revenge true

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented