Screengrab: Mathrubhumi News
ആലപ്പുഴ: കള്ളുഷാപ്പു കരാറുകാരന്‍ പാട്ടത്തിനെടുത്ത തെങ്ങിനും പനയ്ക്കുമെല്ലാം നമ്പരിട്ട് അതു ചെത്തുന്നുണ്ടോയെന്നു പരിശോധിക്കാന്‍ ഇനി കുടുംബശ്രീക്കാരിറങ്ങും. ചെത്താതെ, തെങ്ങിന്റെ എണ്ണം കൂട്ടിക്കാണിച്ച് വ്യാജക്കള്ളു വില്‍പ്പന നടത്തുന്നതായുള്ള പരാതിയെത്തുടര്‍ന്നാണ് എക്‌സൈസ് വകുപ്പിന്റെ പുതിയനടപടി.
സംസ്ഥാനത്തു തൊഴിലാളികളുടെയും ചെത്തുന്ന തെങ്ങിന്റെയും പനയുടെയും കണക്കുകള്‍ തമ്മില്‍ പൊരുത്തപ്പെടുന്നില്ല. കള്ളുത്പാദനവും വിപണനവും പരിശോധിക്കുമ്പോഴും വലിയവ്യത്യാസമുണ്ട്. പത്തുലക്ഷത്തോളം ലിറ്റര്‍ കള്ളുത്പാദിപ്പിക്കുന്ന സംസ്ഥാനത്ത് 20 ലക്ഷത്തിലധികം ലിറ്റര്‍ കള്ള് ദിവസേന വില്‍ക്കുന്നുണ്ടെന്നാണു കണക്ക്. അതായത് പത്തുലക്ഷത്തിലധികം വ്യാജക്കള്ളു വില്‍ക്കുന്നുവെന്നു സാരം.
ഇതിനു പരിഹാരമെന്ന നിലയിലാണു കുടുംബശ്രീയെ രംഗത്തിറക്കി എക്‌സൈസ് വകുപ്പ് പുതിയ പരീക്ഷണത്തിനു മുതിരുന്നത്. പാലക്കാട് ജില്ലയിലാകും ആദ്യം നടപ്പാക്കുക. തെങ്ങിന്‍തോട്ടം കൂടുതലുള്ളതും ഏറ്റവും കൂടുതല്‍ കള്ളുത്പാദിപ്പിക്കുന്നതുമായ സ്ഥലമായതിനാലാണ് പാലക്കാട് തിരഞ്ഞെടുത്തതെന്ന് അഡീഷണല്‍ എക്‌സൈസ് കമ്മിഷണര്‍(എന്‍ഫോഴ്‌സ്മെന്റ്) ഇ.എന്‍. സുരേഷ് പറഞ്ഞു.
പാലക്കാട് ജില്ലയില്‍ ചെത്താനായി വൃക്ഷക്കരം ഒടുക്കിയിട്ടുള്ള തെങ്ങിനും പനയ്ക്കും എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ നമ്പരിടും. ചെത്തുന്ന തെങ്ങും പനയും ഏതൊക്കെ? ചെത്താത്തതേതൊക്കെ? പതിവായി ചെത്തുകാരന്‍ വരാറുണ്ടോ? കള്ളെടുത്തു കൊണ്ടുപോകുന്നുണ്ടോ? എന്നെല്ലാം പരിശോധിക്കുക തെങ്ങും പനയും നില്‍ക്കുന്ന വാര്‍ഡിലെ കുടുംബശ്രീ വനിതകളുടെ മേല്‍നോട്ടത്തിലാകും.
ഇതിന്റെ റിപ്പോര്‍ട്ട് വാര്‍ഡുതലത്തില്‍ ക്രോഡീകരിച്ച് എക്‌സൈസ് വകുപ്പിനു കൈമാറും. പരിശോധന നടത്തുന്ന സ്ത്രീകള്‍ക്കു തെങ്ങൊന്നിനു നിശ്ചിതനിരക്കില്‍ പ്രതിഫലം നല്‍കാനാണു തീരുമാനം.
ചെത്തുന്ന തെങ്ങുകളുടെ യഥാര്‍ഥകണക്ക് ഒരു മാസത്തിനുള്ളില്‍ ലഭ്യമാകുമെന്ന് എക്‌സൈസ് അധികതര്‍ പറഞ്ഞു. മാസപ്പടി ഉള്‍പ്പെടെയുള്ള അനധികൃത വരുമാനത്തിനു തടസ്സമുണ്ടാകാന്‍ കാരണമാകുമെന്നതിനാല്‍, പദ്ധതി തുടക്കത്തിലേ അട്ടിമറിക്കാനുള്ള നീക്കമുണ്ടെന്നും പറയുന്നു.
കണക്കുകളിങ്ങനെ
കള്ളുചെത്തുന്നതിനായി കരാറുകാര്‍ സംസ്ഥാനത്ത് 5,51,614 തെങ്ങുകള്‍ക്കു കരമടയ്ക്കുന്നുണ്ട്. 17,172 പനയും 25,428 ചൂണ്ടപ്പനയും ചെത്തുന്നുണ്ട്. ഇതിലെല്ലാമായി ദിവസം 10,69,977 ലിറ്റര്‍ കള്ളു ലഭിക്കുന്നുണ്ടെന്നാണ് എക്‌സൈസിന്റെ കണക്ക്. ഷാപ്പുകളുടെ എണ്ണം -5194. അഞ്ചു ചെത്തു തൊഴിലാളികളും അവര്‍ക്ക് 50 തെങ്ങോ പനയോ ചെത്താനുണ്ടെങ്കിലേ ഷാപ്പിന് ലൈസന്‍സ് ലഭിക്കൂ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..