ബിജു പ്രഭാകർ (ഫയൽ ചിത്രം)
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി. ജീവനക്കാര്‍ക്കെതിരെ എം.ഡി. ബിജു പ്രഭാകര്‍. ജീവനക്കാര്‍ പലവിധത്തില്‍ തട്ടിപ്പ് നടത്തി കെ.എസ്.ആര്.ടി.സിയെ നഷ്ടത്തിലാക്കുകയാണെന്നും പണം തട്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജീവനക്കാര്‍ മറ്റു ജോലികളില്‍ ഏര്‍പ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ജീവനക്കാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.
കെ.എസ്.ആര്.ടി.സി. നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. ഇത് മറികടക്കുന്നതിനായി നടത്തിയ പഠനത്തില്‍നിന്നാണ് ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള വലിയ വീഴ്ച കണ്ടെത്തിയതെന്ന് ബിജു പ്രഭാകര്‍ പറഞ്ഞു. ആരെയും പിരിച്ചുവിടുക എന്നത് സര്‍ക്കാരിന്റെയും കെഎസ്ആര്‍ടിസിയുടെയും നയമല്ല. ജീവനക്കാരുടെ എണ്ണം കുറയ്ക്കുക എന്നതാണ് ലക്ഷ്യം. അതിനിടെയാണ് ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള വലിയ ക്രമക്കേട് കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
വലിയ ശമ്പളം പറ്റിക്കൊണ്ട് സ്ഥിരം ജീവനക്കാര്‍ മറ്റു പല ജോലികളിലും ഏര്‍പ്പെടുന്നു. പലരും ഇഞ്ചിയും കാപ്പിയും കൃഷിചെയ്യുന്നു, ചിലർ ട്യൂഷനെടുക്കുന്നു. പല ഡിപ്പോകളിലും എംപാനല്‍ ജീവനക്കാരാണ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇന്ധനം കടത്തിയും ടിക്കറ്റ് മെഷീനില്‍ ക്രമക്കേട് നടത്തിയും പണം തട്ടിക്കുന്നു. വര്‍ക്ക് ഷോപ്പുകളില്‍ സാധനങ്ങള്‍ വാങ്ങുന്നതിലും ക്രമക്കേടുണ്ടെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.
ദീര്‍ഘദൂര സ്വകാര്യ ബസുകളെ സഹായിക്കുന്നതിനായി ഒരുവിഭാഗം ജീവനക്കാര്‍ ശ്രമിക്കുന്നു. ഇന്ധനം കടത്തി പണം സമ്പാദിക്കുന്നതിനും ശ്രമം നടക്കുന്നുണ്ട്. പല ജനപ്രതിനിധികളും തങ്ങളുടെ മണ്ഡലത്തില്‍ വണ്ടികള്‍ സ്വന്തം ക്രഡിറ്റിനുവേണ്ടി ഉപയോഗിക്കുന്നുന്നുണ്ടെന്നും കെഎസ്ആര്‍ടിസി എംഡി ആരോപിച്ചു.
2012-2015 കാലയളവില്‍ കെ.എസ്.ആര്.ടിയില്‍നിന്ന് 100 കോടിയോളം രൂപ കാണാതായി. ഇതുമായി ബന്ധപ്പെട്ട് അന്ന് അക്കൗണ്ട്സ് മാനേജരായിരുന്ന ശ്രീകുമാറിനെതിരെ നടപടി സ്വീകരിക്കും. പോക്സോ കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട ജീവനക്കാരനെ തിരിച്ചെടുത്ത വിജിലന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.എം ഷറഫിനെതിരെയും നടപടി സ്വീകരിക്കുമെന്നും എം.ഡി. പറഞ്ഞു.
നിലവില്‍ 7000ല്‍ അധികം ജീവനക്കാര്‍ അധികമുണ്ട്. ഘട്ടംഘട്ടമായി മൂന്നോ നാലോ വര്‍ഷംകൊണ്ട് ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയാണ് ലക്ഷ്യമിടുന്നത്. മുഴുവന്‍ പ്രവര്‍ത്തനങ്ങളും കമ്പ്യൂട്ടറൈസ് ചെയ്ത് കോര്‍പറേഷനെ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: irregularities in KSRTC; MD made serious allegations against employees
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..