കണ്ണൂര്‍: ബിജെപി സംസ്ഥാനാധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നടത്തുന്ന ജനരക്ഷായാത്രയില്‍ പങ്കെടുക്കുന്നതിന് കേരളത്തിലെത്തിയ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സ്വാഗതമോതി സിപിഎം. യുപിയിലെ ആശുപത്രികളുടെ ശോചനീയാവസ്ഥയെ പരിഹസിച്ചുകൊണ്ടാണ് സിപിഎമ്മിന്റെ ട്വിറ്റര്‍ പേജില്‍ യോഗി ആദിത്യനാഥിനെ സ്വാഗതം ചെയ്തിരിക്കുന്നത്.

'എങ്ങനെയാണ് ആശുപത്രികള്‍ നടത്തേണ്ടതെന്ന് പഠിക്കാന്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കേരളത്തിലെ ആശുപത്രികളിലേയ്ക്ക് സ്വാഗതം ചെയ്യുന്നു'- എന്നാണ് സിപിഎമ്മിന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചിരിക്കുന്നത്. ഖോരക്പുരിലെ ആശുപത്രിയില്‍ 60ല്‍ അധികം കുട്ടികളുടെ മരണത്തിനിടയാക്കിയ സംഭവത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ് ട്വീറ്റ്.

ഖൊരക്പുരിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ മസ്തിഷ്‌കജ്വരം ബാധിച്ച കുട്ടികള്‍ക്ക് ഓക്‌സിജന്‍ ലഭിക്കാതെയാണ് മരണങ്ങള്‍ സംഭവിച്ചത്. ഇതിനെത്തുടര്‍ന്ന് ആരോഗ്യപരിപാലന സംവിധാനങ്ങളുടെ അഭാവത്തിന്റെയും ആശുപത്രികളുടെ ദയനീയസ്ഥിതിയുടെയും പേരില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നിരന്തരം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നിരുന്നു.

adityanath

ജനരക്ഷായാത്രയില്‍ പങ്കെടുക്കുന്നതിന് ഇന്ന് രാവിലെയാണ് യോഗി ആദിത്യനാഥ് കണ്ണൂരിലെത്തിയത്. കീച്ചേരിയില്‍നിന്ന് ആരംഭിച്ച യാത്രയില്‍ പങ്കെടുക്കുന്ന ആദിത്യനാഥ്, വൈകിട്ട് അഞ്ചിന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന സമാപന പൊതുയോഗത്തില്‍ സംസാരിക്കും.

കേരളമടക്കം സി.പി.എമ്മിന് സ്വാധീനമുള്ള എല്ലാ സംസ്ഥാനങ്ങളിലും അക്രമവും കൊലപാതകങ്ങളുമാണ് നടക്കുന്നതെന്ന് ജനരക്ഷാ യാത്ര ഉദ്ഘാടനം ചെയ്യവെ അമിത് ഷാ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. കേരളത്തില്‍ സി.പി.എം മുന്നണി അധികാരത്തില്‍ വന്നപ്പോഴൊക്കെ അക്രമങ്ങളും കൊലപാതകങ്ങളും നടന്നിട്ടുണ്ടെന്നും ബംഗാളിലും ത്രിപുരയിലും ഇതുതന്നെയാണ് സ്ഥിതിയെന്നും അമിത് ഷാ ആരോപിച്ചിരുന്നു.

അമിത് ഷാ ആട്ടിന്‍ തോലിട്ട ചെന്നായാണെന്നും ഗുജറാത്തില്‍ നടന്ന വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയവരാണ് നരേന്ദ്രമോദിയും അമിത് ഷായുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് പ്രതികരിച്ചു. കേരളത്തെ അടച്ചാക്ഷേപിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ എല്ലാവരും ഒറ്റക്കെട്ടായി എതിര്‍ക്കുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്തിനെതിരെ അമിത് ഷാ ഉന്നയിച്ച വിമര്‍ശം സംബന്ധിച്ച ചോദ്യത്തോടാണ് ഉമ്മന്‍ചാണ്ടി ഇങ്ങനെ പ്രതികരിച്ചത്.