മാലക്കല്ല് മലനാട് സൊസൈറ്റിയിൽ പണം ആവശ്യപ്പെട്ട് നിക്ഷേപകരെത്തിയപ്പോൾ
രാജപുരം: ഫര്‍ണിച്ചര്‍ പദ്ധതിയില്‍ അടച്ച തുകയുമില്ല, ഫര്‍ണിച്ചറോ ഗൃഹോപകരണങ്ങളോ കിട്ടാനുമില്ല. നിക്ഷേപകര്‍ സഹകരണസ്ഥാപനത്തിലെത്തി പ്രതിക്ഷേധിച്ചു. സി.പി.എം. നിയന്ത്രണത്തിലുള്ള മാലക്കല്ല് മലനാട് റബ്ബര്‍ ആന്‍ഡ് അദര്‍ അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് പ്രോസസിങ് സഹകരണ സംഘമാണ് (മാലക്കല്ല് മലനാട് മാര്‍ക്കറ്റിങ് സൊസൈറ്റി) നിക്ഷേപകര്‍ക്ക് പണം തിരിച്ച് നല്‍കാനുള്ളത്.
മാസം 1000 രൂപ 20 തവണകളായി അടക്കേണ്ട തരത്തിലായിരുന്നു പദ്ധതി. തുക അടച്ചവര്‍ക്ക് സൊസൈറ്റിക്ക് കീഴിലുള്ള സ്ഥാപനത്തില്‍നിന്നു വീട്ടുപകരണങ്ങളോ ഫര്‍ണിച്ചറുകളോ വാങ്ങാമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇത് പ്രകാരം 543 പേരെയാണ് ചേര്‍ത്തത്. എന്നാല്‍, ഇതിന്റെ അടവ് കാലാവധി അവസാനിച്ചിട്ട് മാസങ്ങളായിട്ടും അടച്ച തുകയോ വീട്ടുപകരണങ്ങളോ, ഫര്‍ണിച്ചറോ ലഭിച്ചില്ല. സ്കീമില്‍ ചേര്‍ന്ന 284 പേര്‍ക്കായി 35 ലക്ഷം രൂപ നല്‍കാനുണ്ട്. സാധനം ലഭിക്കാതായതോടെ പണമടച്ചവര്‍ ഒരുമാസം മുന്‍പ് മാലക്കല്ലിലെ ഓഫീസിലെത്തി ബഹളംവെക്കുകയും കള്ളാറില്‍ പണം പിരിക്കാനെത്തിയ ജീവനക്കാരനെ തടഞ്ഞുവെക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് ഡിസംബര്‍ 31-നകം എല്ലാവര്ക്കും പണം നല്‍കുമെന്ന് സി.പി.എം. ഏരിയാ നേതൃത്വവും സൊസൈറ്റി അധികൃതരും ഉറപ്പുനല്‍കി. എന്നാല്‍, ആര്‍ക്കും പണം നല്‍കാനായില്ല. വീണ്ടും നിക്ഷേപകര്‍ പ്രതിഷേധവുമായെത്തിയതോടെ ജനുവരി 10-നും മാര്‍ച്ച് 31-നുമായി പണം തിരിച്ചുലഭിക്കും വിധം 63 പേര്‍ക്ക് ചെക്ക് നല്കി. എന്നാല്‍, ചെക്കുകള്‍ മടങ്ങി. അതോടെയാണ് 30-ഓളം നിക്ഷേപകര്‍ പ്രതിഷേധവുമായി ചൊവ്വാഴ്ച രാവിലെ സൊസൈറ്റി ഓഫീസിലെത്തിയത്. പണം തിരികെ ആവശ്യപ്പെട്ട് ബഹളമായതോടെ രാജപുരം പോലീസ് സ്ഥലത്തെത്തി നിക്ഷേപകരെ സമാധാനിപ്പിച്ച് അയക്കുകയായിരുന്നു. അടുത്തദിവസം ഇന്‍സ്പെക്ടറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി പ്രശ്നത്തിന് പരിഹാരം കാണാമെന്ന പോലീസിന്റെ ഉറപ്പിലാണ് നിക്ഷേപകര്‍ പിരിഞ്ഞുപോയത്.
സ്ഥിരനിക്ഷേപം നടത്തിയവര്‍ക്കും പണം കിട്ടുന്നില്ല
സഹകരണസ്ഥാപനമെന്ന നിലയില്‍ വിശ്വസിച്ച് സ്ഥിരനിക്ഷേപം നല്കി. എന്നാല്‍, ആവശ്യത്തിന് പണം പിന്‍വലിക്കാനാകുന്നില്ലെന്ന് നിക്ഷേപകര്‍. സി.പി.എം. നേതൃത്വത്തിലുള്ള മാലക്കല്ല് മലനാട് റബ്ബര്‍ ആന്‍ഡ് അദര്‍ അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് പ്രോസസിങ് സഹകരണ സംഘത്തിനെതിരേ പരാതിയുമായി സ്ഥിരനിക്ഷേപകരും. പ്രദേശത്തെ ഒരു മുന്‍ അധ്യാപകന് നിക്ഷേപിച്ച പണം ലഭിക്കുന്നത് നീണ്ടതോടെ കോടതിയെ സമീപിച്ചിരിക്കയാണ്. ഇതേ ആവശ്യവുമായി പലരും മാലക്കല്ലിലെ ഓഫീസിലെത്തുന്നുണ്ട്. എന്നാല്‍, നിക്ഷേപകര്‍ക്ക് തുക നല്കാന് കഴിയുന്നില്ല.
സൊസൈറ്റിയുടെ പ്രവര്‍ത്തനത്തെ കുറിച്ച് സഹകരണവകുപ്പ് പരിശോധന നടത്തണമെന്ന ആവശ്യം ശക്തമാണ്. 2009 മുതല്‍ സര്‍ക്കാര്‍ അനുമതിയോടെ 147 ചിട്ടികള്‍ സൊസൈറ്റി നടത്തിയിരുന്നു. എന്നാല്‍, 2015-ന് ശേഷം നടത്തിയ ചിട്ടികളില്‍ ചേര്‍ന്ന 100-ഓളം പേര് ചിട്ടി വിളിച്ച് തുക കൈപ്പറ്റിയശേഷം അടവ് മുടക്കി.
ഇതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് സൊസൈറ്റി സെക്രട്ടറിയുടെ വിശദീകരണം. ഇത്തരത്തില്‍ 1.25 കോടി മുതലും പലിശയുമടക്കം രണ്ട് കോടിയിലധികം ലഭിക്കാനുണ്ട്. ഇത് പരിഹരിക്കാനുള്ള ശ്രമമാണ് നിലവിലെ ഫര്‍ണിച്ചര്‍ സ്കീമില്‍ ചേര്‍ന്നവര്‍ക്ക് പണം നല്കാന് വൈകുന്നതിന് കാരണമായതെന്നും അദ്ദേഹം പറയുന്നു.
നിക്ഷേപകര്‍ ആശങ്കപ്പെടേണ്ട -സൊസൈറ്റി പ്രസിഡന്റ്
നിക്ഷേപകര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മാലക്കല്ല് മലനാട് മാര്‍ക്കറ്റിങ് സൊസൈറ്റി പ്രസിഡന്റും സി.പി.എം. ജില്ലാ കമ്മിറ്റിയംഗവുമായ എ.വി. കൃഷ്ണന്. ഫര്‍ണിച്ചര്‍ സ്കീമില്‍ ചേര്‍ന്നവര്‍ക്കും സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചവര്‍ക്കും വേഗത്തില്‍ അത് നല്‍കും. ഇതിനാവശ്യമായ ശ്രമമാണ് നടത്തുന്നത്. ചില ചിട്ടികളുമായി ബന്ധപ്പെട്ട് രണ്ട് കോടിയിലധികം രൂപ ചിലര്‍ കുടിശ്ശിക വരുത്തിയിട്ടുണ്ട്.
അത് പിരിച്ചെടുക്കാനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. എന്നാല്‍, ചിലര്‍ കോടതിയെ സമീപിച്ചിരിക്കയാണ്. അത് കുടിശ്ശിക പിരിച്ചെടുക്കുന്നതിന് കാലതാമസം വരുത്തിയിട്ടുണ്ട്. സൊസൈറ്റിയുടെ ആസ്തികളില്‍ ചിലത് വിറ്റ് നിക്ഷേപകരുടെ പണം തിരിച്ചുനല്‍കാനുള്ള നീക്കമാണ് ഇപ്പോള്‍ നടത്തുന്നത്. ദിവസങ്ങള്‍ക്കകം ഇതിന്റെ അനുമതി സഹകരണവകുപ്പില്‍നിന്നു ലഭിക്കുമെന്നാണ് കരുതുന്നത്. മാര്‍ച്ച് 31-നകം മുഴുവന്‍ ആളുകളുടെയും പണമിടപാടുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും.
Content Highlights: investors protest in CPM controlled cooperative society
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..