gettyimages
തിരുവനന്തപുരം: സ്വര്‍ണം കൊണ്ടുപോകുന്നതിന് കേരളത്തിനകത്ത് ഇ-വേ ബില്‍ നിര്‍ബന്ധമാക്കാന്‍ പോകുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്. കേരളത്തില്‍ ഇവേ ബില്‍ വരുന്നതിന്റെ പശ്ചാത്തലത്തില്‍ ധനവകുപ്പ് വളരെ പ്രധാനപ്പെട്ട ചില തീരുമാനങ്ങളെടുത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
സ്വര്‍ണം അനധികൃതമായി പിടിച്ചുകഴിഞ്ഞാല്‍ ഇതുവരെ സെക്ഷന്‍ 129 പ്രകാരമാണ് നടപടി എടുത്തിരുന്നത്. മൂന്ന് ശതമാനം നികുതിയും തുല്യമായ പിഴയും അടക്കാന്‍ തയ്യാറായാല്‍ അവര്‍ക്ക് ആ സ്വര്‍ണം വിട്ടുകൊടുക്കുന്ന രീതിയായിരുന്നു അത്. ഇത് പൂര്‍ണ്ണമായും മാറും.
നികുതി വെട്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ സ്വര്‍ണ്ണം കൊണ്ടുവരിക. കണക്കില്‍പ്പെടാത്ത സ്വര്‍ണ്ണം കണ്ടെത്തുക. നികുതി ബാധ്യതയുള്ള രജിസ്‌ട്രേഷനില്ലാതെ സ്വര്‍ണം വിതരണം ചെയ്യുക എന്നിവ ഇനി നടന്നാല്‍ സ്വര്‍ണം കണ്ടുകെട്ടും. സ്വര്‍ണ്ണ നികുതി നടത്തിപ്പില്‍ വളരെ പ്രധാനപ്പെട്ട മാറ്റമാണിതെന്നും മന്ത്രി അറിയിച്ചു.
'കണ്ടുകെട്ടുന്ന സ്വര്‍ണ്ണത്തിന്റെ 20 ശതമാനം കള്ളക്കടത്ത് സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്ക് നല്‍കും. അവരുടെ പേര് വിവരങ്ങള്‍ രഹസ്യമാക്കും. കേന്ദ്ര സര്‍ക്കാരിന്റെ അതേ നിയമം കേരളത്തിലും സ്വീകരിക്കാന്‍ പോകുകയാണെന്നും മന്ത്രി പറഞ്ഞു. അതേ സമയം നികുതി അടച്ച് വിട്ടുനല്‍കുന്ന സ്വര്‍ണമാണെങ്കില്‍ നികുതിയുടെ 20 ശതമാനം വിവരം നല്‍കുന്നവര്‍ക്ക് സമ്മാനമായി നല്‍കും.സ്വര്‍ണ്ണം പിടിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് 10 ഗ്രാം സ്വര്‍ണത്തിന് 1500 രൂപ വീതം സമ്മാനമായി നല്‍കും' തോമസ് ഐസക് പറഞ്ഞു.
സ്വര്‍ണം സംബന്ധിച്ച ജിഎസ്ടി കൗണ്‍സില്‍ ഉപസമിതി യോഗം ഇന്ന് ചേര്‍ന്നിരുന്നുവെന്ന് മന്ത്രി പറഞ്ഞു. കേരളം, കര്‍ണാടക, പശ്ചിമബംഗാള്‍, ഗുജറാത്ത്, ബിഹാര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളുള്ള സമിതിയുടെ കണ്‍വീനര്‍ കേരളമാണ്.
സ്വര്‍ണനീക്കത്തിന് ഈ വേ ബില്‍ ഏര്‍പ്പെടുത്തണമെന്നത് ചര്‍ച്ച ചെയ്യാനാണ് യോഗം ചേര്‍ന്നത്. 'രാജ്യത്ത് ചരക്ക് കടത്തിന് ഒരു രേഖയും ആവശ്യമില്ലാത്തത് സ്വര്‍ണത്തിനാണ്. കസ്റ്റംസ് കടമ്പ കടന്നു കഴിഞ്ഞാല്‍ സ്വര്‍ണ്ണം എവിടെ കൊണ്ടുപോകുന്നതിനും ഒരു രേഖയും ആവശ്യമില്ല. അത് വലിയ നികുതിവെട്ടിപ്പിന് ഇടനല്‍കുന്നുണ്ട്. കള്ളക്കടത്തിനേയും പ്രോത്സാഹിപ്പിക്കുന്നു' ഐസക് പറഞ്ഞു.
രാജ്യത്തേക്ക് വലിയ തോതില്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് നടക്കുന്നതായി യോഗം വിലയിരുത്തി. കസ്റ്റംസ് പിടിച്ചെടുക്കുന്ന സ്വര്‍ണത്തിന്റെ അളവ് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളെ അപേക്ഷിച്ച് ഇരട്ടിയിലേറെയായി. ഈ സാഹചര്യത്തിലാണ് കേരളം ഇ-വേ ബില്‍ വേണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ഗുജറാത്ത്,ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് ഇതിനോട് യോജിപ്പില്ല. അവരുടെ സ്വര്‍ണ-രത്‌ന വ്യവസയാത്തിന് പൂര്‍ണ്ണ രഹസ്യാത്മകത ആവശ്യമാണെന്നാണ് പറയുന്നത്. ഇതേ തുടര്‍ന്ന് കേരളം ഒരു നിര്‍ദേശം കൊണ്ടുവന്നു. ഓരോ സംസ്ഥാനത്തിനും ആ സംസ്ഥാനത്തിനുള്ളിലുള്ള ചരക്ക് നീക്കത്തിന് ഇ-വേ ബില്‍ നിര്‍ബന്ധമാക്കാമെന്നത്. അത് മന്ത്രിമാരുടെ ഉപസമിതി അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.ഇതിന്റെ ചട്ടങ്ങള്‍ക്ക് അടുത്ത യോഗത്തില്‍ തീരുമാനമാകും. ഇ-ഇന്‍വോയിസിങ് വേണമെന്നാണ് മറ്റൊരു ആവശ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..