തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം പിടിക്കുകയെന്നതാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. ബിജെപിയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും വാര്‍ത്തകളും സംബന്ധിച്ച് അദ്ദേഹം മാതൃഭൂമി ഡോട്ട് കോമുമമായി സംസാരിക്കുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് വരികയാണ്, ബിജെപി സ്ഥാനാര്‍ഥികളായി നിരവധി പ്രമുഖരുടെ പേരുകള്‍ പറഞ്ഞുകേള്‍ക്കുന്നു. ജേക്കബ് തോമസ്, നടന്‍ കൃഷ്ണകുമാര്‍ അങ്ങനെ നിരവധി പേരുകള്‍..?
നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രാരംഭ പ്രവര്‍ത്തനത്തെപ്പറ്റി ഞങ്ങള്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. സംഘടനാ സംവിധാനം താഴേത്തട്ടുമുതല്‍ സജീവവും സക്രിയവുമാക്കാനുള്ള ചില തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുമുണ്ട്. അത് ഏതാണ്ട് നടന്നുകൊണ്ടിരിക്കുകയാണ്. പക്ഷെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച ചര്‍ച്ച ഔപചാരികമായി ആരംഭിച്ചിട്ടില്ല. സ്ഥാനാര്‍ഥികളായി നിരവധി ആളുകളുടെ പേരുകള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനം ഉണ്ടാകും.
10 സീറ്റുകളില്‍ ബിജെപിക്ക് വിജയ സാധ്യതയുണ്ടെന്ന വിവരങ്ങള്‍ പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്ന് പുറത്തുവരുന്നുണ്ടല്ലോ. കേന്ദ്രത്തിന് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയെന്നും പറയുന്നു. ഇക്കാര്യത്തില്‍ എന്തെങ്കിലും വാസ്തവമുണ്ടോ?
അത്തരത്തിലൊരു റിപ്പോര്‍ട്ട് സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന് നല്‍കിയെന്ന വാര്‍ത്തകള്‍ ശരിയല്ല. 10 സീറ്റല്ല അതിലുമപ്പുറമാണ് ഞങ്ങളുടെ സങ്കല്‍പം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തന്നെ 25,000ന് മുകളില്‍ വോട്ടുകള്‍ ലഭിച്ച നിരവധി മണ്ഡലങ്ങളുണ്ട്. ഇത്തരത്തില്‍ 70 മണ്ഡലങ്ങളുണ്ട്. കേരളത്തില്‍ ആകമാനം വലിയ മാറ്റമുണ്ടാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. 70ന് മുകളില്‍ സീറ്റുകള്‍ എന്നതുതന്നെയാണ് ഞങ്ങളുടെ ലക്ഷ്യം. കേവലം കുറച്ചു സീറ്റുകളില്‍ വിജയിക്കുക എന്നതല്ല, ബഹുഭൂരിപക്ഷം സീറ്റുകളിലും വിജയിച്ച് അധികാരത്തിലെത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഞങ്ങള്‍ മുന്നോട്ടുപോകുന്നത്.
40 സീറ്റുകളുടെ പട്ടിക കേന്ദ്ര നേതൃത്വത്തിന് നല്‍കിയെന്ന വാര്‍ത്തകളുണ്ടായിരുന്നല്ലോ?
അതേപറ്റി അറിയില്ല. ഒരുപക്ഷെ 30,000ന് മുകളില്‍ വോട്ട് കിട്ടിയിട്ടുള്ള 40 മണ്ഡലങ്ങളെ കുറിച്ചാകും പറഞ്ഞിട്ടുണ്ടാകുക. പക്ഷെ ഇങ്ങനെ 40 മണ്ഡലങ്ങള്‍, 10 മണ്ഡലങ്ങള്‍ എന്നിങ്ങനെയുള്ള വിവരങ്ങള്‍ കേന്ദ്രനേതൃത്വത്തിന് നല്‍കിയെന്ന് പറയുന്നത് ശരിയല്ല.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കാര്യത്തില്‍ ബിജെപി ഇരുമുന്നണികള്‍ക്കും ഒപ്പത്തിനൊപ്പമാണ്. എന്നാല്‍ ഇത്രയധികം നീണ്ട കാലത്തിനു ശേഷവും ഒരു എം.എല്‍.എ എന്ന നേട്ടത്തില്‍ ബിജെപി ഒതുങ്ങിപ്പോകുന്നത് എന്തുകൊണ്ടാണ്?
ഇക്കഴിഞ്ഞ ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പ്, ലോക്സഭാ തിരഞ്ഞെടുപ്പ്, 2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവയില്‍ ബിജെപിക്ക് 15 മുതല്‍ 16 ശതമാനം വരെ വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. കേരളത്തിലാകമാനം ബിജെപി വലിയൊരു ശക്തിയാണെന്നതിനുള്ള തെളിവാണിത്. പക്ഷെ, ബിജെപി വിജയിക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടാല്‍ രണ്ടുമുന്നണികളും ഒരുമിക്കുന്ന ഒരു പ്രവണത കേരളത്തില്‍ കണ്ടുവരുന്നുണ്ട്. ഉദാഹരണത്തിന് മഞ്ചേശ്വരം നിയോജക മണ്ഡലം, അവിടെ ഞങ്ങള്‍ കഴിഞ്ഞ തവണ വിജയിക്കേണ്ടതായിരുന്നു. 89 വോട്ടിനാണ് സുരേന്ദ്രന്‍ അവിടെ പരാജയപ്പെട്ടത്. അവിടെ മുസ്ലീം ലീഗും മാര്‍ക്സിസ്റ്റുപാര്‍ട്ടിയും തമ്മിലുള്ള വോട്ടുകച്ചവടം വ്യക്തമാണ്. കാസര്‍കോടും ഇതുതന്നെയാണ് സംഭവിക്കുന്നത്. ഇതെല്ലാം കൊണ്ടാണ് ഇതുവരെ വിജയിക്കാന്‍ കഴിയാതെ പോയത്.
മാത്രമല്ല മത ന്യൂനപക്ഷങ്ങളില്‍ നിന്ന് ഞങ്ങള്‍ക്ക് വളരെ കുറഞ്ഞ ശതമാനം വോട്ട് മാത്രമാണ് ലഭിക്കുന്നത്. ഇതിന് കാരണം യുഡിഎഫും എല്‍ഡിഎഫും ഇവര്‍ക്കിടയില്‍ നടത്തിയിട്ടുള്ള വലിയതോതിലുള്ള ബിജെപി വിരുദ്ധ പ്രചാരണമാണ്. പക്ഷെ 2021ലെ ചിത്രം അങ്ങനെയല്ല. ജനങ്ങള്‍ക്ക് എല്‍ഡിഎഫിനെയും യുഡിഎഫിനെയും കൂടുതല്‍ ബോധ്യപ്പെട്ടിരിക്കുന്നു. ഇവര്‍ രണ്ടുമുന്നണിയല്ല ഒരുമുന്നണിയാണെന്ന് ജനങ്ങള്‍ മനസിലാക്കിയിരിക്കുന്നു.
ഒരുഭാഗത്ത് ബിജെപി നേതൃത്വം നല്‍കുന്ന മുന്നണിയും മറുഭാഗത്ത് ബിജെപി വിരുദ്ധ മുന്നണിയും. ഇങ്ങനെയുള്ള പോരാട്ടമാണ് കേരളത്തില്‍ നടക്കുന്നത്. അതുകൊണ്ട് ഇത്തവണ വലിയ മികച്ച വിജയം കരസ്ഥമാക്കും.
കേരളത്തിലെ ബിജെപിയേപ്പറ്റി ഉയരുന്ന ആക്ഷേപമാണ് ഗ്രൂപ്പ് തര്‍ക്കം, മുരളീധര പക്ഷം, കൃഷ്ണദാസ് പക്ഷം എന്നിങ്ങനെ. ഇതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ?
ബിജെപിയില്‍ ബിജെപി പക്ഷം മാത്രമേയുള്ളു.
താങ്കളേത് പക്ഷമാണ്?
സ്വാഭാവികമായും ബിജെപി പക്ഷമാണ്.
ശോഭാ സുരേന്ദ്രനേ ഗ്രൂപ്പ് കളിച്ച് പുറത്താക്കുന്നുവെന്ന ആക്ഷേപങ്ങളുണ്ടല്ലോ?
അങ്ങനെയൊരു നിലപാട് എനിക്കില്ല. ശോഭാ സുരേന്ദ്രന്റെ കാര്യത്തില്‍ ഞങ്ങള്‍ നിലപാട് നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്. അതൊക്കെ ഇനിയും ആവര്‍ത്തിക്കണമെന്നില്ല.
കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും കാട്ടാക്കട മണ്ഡലമായിരുന്നു താങ്കളുടെ തട്ടകം. ഇത്തവണ എവിടെയായിരിക്കും മത്സരിക്കുക?
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏതൊക്കെ മണ്ഡലങ്ങളില്‍ ആരൊക്കെ മത്സരിക്കുമെന്ന കാര്യത്തില്‍ പാര്‍ട്ടി ഔദ്യോഗികമായി തീരുമാനമൊന്നുമെടുത്തിട്ടില്ല. പക്ഷെ 2011ലും 2016ലും മത്സരിച്ച മണ്ഡലമെന്ന നിലയില്‍ കഴിഞ്ഞ 10 വര്‍ഷമായി ആ മണ്ഡലത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നുണ്ട്. ഇപ്പോഴും ആ മണ്ഡലത്തില്‍ സ്ഥിരമായിട്ടുണ്ട്. അവിടുത്തെ മിക്ക ചടങ്ങുകളിലും കഴിഞ്ഞ 10 വര്‍ഷമായി പങ്കെടുക്കുന്നുണ്ട്. എന്നാല്‍ അവിടെ മത്സരിക്കുമോയെന്ന കാര്യത്തില്‍ പാര്‍ട്ടി നേതൃത്വമാണ് തീരുമാനമെടുക്കേണ്ടത്. കാട്ടാക്കടയില്‍ കഴിഞ്ഞ 10 വര്‍ഷമായി സജീവ സാന്നിധ്യമായി ഞാനുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന നേതൃത്വത്തില്‍ അഴിച്ചുപണിയുണ്ടാകുമോ?
ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിനെതിരേ പ്രതിഷേധമുണ്ട്, വ്യത്യസ്താഭിപ്രായമുണ്ട് എന്നുള്ള ആരോപണങ്ങള്‍ ശരിയല്ല. ഒറ്റക്കെട്ടായിട്ടാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ബിജെപിയില്‍ ഒരുപക്ഷം മാത്രമേയുള്ളു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം കരസ്ഥമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അതില്‍ ഈ പറഞ്ഞ പരാതികളോ പരിഭവങ്ങളോ ഒന്നുംതന്നെയില്ല.
നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്നവരെ കൂടെക്കൂട്ടാന്‍ ശ്രമങ്ങളുണ്ടാകുമോ?
എല്ലാ വിഭാഗങ്ങളെയും ഒരുമിച്ച് നിര്‍ത്തി മുന്നോട്ടുകൊണ്ടുപോവുക എന്നതാണല്ലോ ഞങ്ങളുടെ നേതൃത്വത്തിന്റെ ലക്ഷ്യം. അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഒരേമനസോടുകൂടി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഉണ്ടാക്കിയെടുക്കുക എന്നതാണ് നേതൃത്വം ചെയ്തുകൊണ്ടിരിക്കുന്നത്. അക്കാര്യത്തില്‍ സംശയിക്കേണ്ടതില്ല.
നേമത്ത് കുമ്മനം മത്സരിക്കുമോ?
കുമ്മനം രാജശേഖരന്‍ ബിജെപിയുടെ സമുന്നതനായ നേതാവാണ്. അദ്ദേഹം നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കെല്ലാവര്‍ക്കുമുണ്ട്. പക്ഷെ പാര്‍ട്ടിയാണ് അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്.
പാര്‍ട്ടിക്കുള്ളില്‍ കുമ്മനം മത്സരിക്കണമെന്ന ആഗ്രഹം ഉണ്ടോ?
പാര്‍ട്ടിക്കുള്ളില്‍ അങ്ങനെ ആഗ്രഹമുള്ളവര്‍ ഉണ്ടാകും. പക്ഷെ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണ്. ഒരോ മണ്ഡലത്തിലും ഇന്നയാള്‍ വരുന്നതാണ് നല്ലതെന്ന അഭിപ്രായം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുണ്ടാകും. അതില്‍ തെറ്റ് പറയാനൊക്കില്ല.
അബ്ദുള്ളക്കുട്ടിയുള്‍പ്പെടെയുള്ളവരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നു, ഇതില്‍ എന്തെങ്കിലും മെച്ചം ഉണ്ടായിട്ടുണ്ടോ?
തീര്‍ച്ചയായുമുണ്ട്. പാര്‍ട്ടിയുടെ ബഹുജനാടിത്തറ വിപുലമാക്കുന്നതില്‍ ഇവര്‍ക്കൊക്കെ പങ്കുണ്ട്. ഇവര്‍ വന്നതുകൊണ്ട് സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിലുള്ള ധാരാളം ആളുകള്‍ ബിജെപിയിലേക്ക് വന്നിട്ടുണ്ട്. അതിലൂടെ ഞങ്ങളുടെ ജനപിന്തുണ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ 1400 സ്ഥാനാര്‍ഥികള്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളവരായിരുന്നു. അതില്‍ 360 പേര്‍ മുസ്ലീം സമുദായത്തില്‍ നിന്നു വന്നവരാണ്. ഇതില്‍ 12ല്‍ അധികം മുസ്ലിം സ്ത്രീകളുമുണ്ട്.
ബിജെപിക്ക് മുമ്പ് അപ്രാപ്യമായിരുന്ന മേഖലകളില്‍ പാര്‍ട്ടി പ്രവര്‍ത്തനം ശക്തമാകുന്നുവെന്നതിന്റെ തെളിവാണിത്. ഇതുപോലെ പുറത്തുനിന്ന് വന്നവര്‍ വഴിയാണ് ബഹുജനാടിത്തറ വലുതാകാന്‍ സഹായകരമായത്.
പാര്‍ട്ടിയില്‍ നിരവധികാലം പ്രവര്‍ത്തിച്ചവരേക്കാള്‍ പുറത്തുനിന്നുവന്നവര്‍ക്ക് സ്ഥാനങ്ങള്‍ കിട്ടുന്നത് പ്രശ്നങ്ങളുണ്ടാക്കില്ലെ?
പഴയ പ്രവര്‍ത്തകര്‍ക്ക് അവസരം കുറയുക എന്നില്ല. പക്ഷെ പുതിയവര്‍ വരുന്ന സമയത്ത് അവര്‍ക്ക് ഉചിതമായ സ്ഥാനം നല്‍കി അവരെ ആദരിക്കുക എന്നത് ഞങ്ങളുടെ നയത്തിന്റെ ഭാഗമാണ്. അതിന്റെ ഭാഗമായാണ് പുതിയ ആളുകള്‍ വരുന്ന സമയത്ത് അവരുടെ കഴിവിനനുസരിച്ചുള്ള പദവികള്‍ നല്‍കുന്നത്. എന്നാല്‍ പഴയ ആളുകള്‍ തഴയപ്പെടുന്നുവെന്ന് ഇതുകൊണ്ട് അര്‍ഥമില്ല. രണ്ടുകൂട്ടരുടെയും ശക്തി പാര്‍ട്ടിക്ക് വേണ്ടി വിനിയോഗിക്കുക എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട്.
ബിഡിജെഎസിന് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒരു വാര്‍ഡില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. അങ്ങനെയുള്ള പാര്‍ട്ടി നിയമസഭാ തിരഞ്ഞെടുപ്പില്‍ 39 സീറ്റുകള്‍ ആവശ്യപ്പെടുമെന്നാണ് പറഞ്ഞിരിക്കുന്നത്?
ബിഡിജെഎസിന്റെ ജനകീയ പിന്തുണയെപ്പറ്റി ബിജെപിക്ക് സംശയങ്ങളില്ല. ദേശീയ ജനാധിപത്യ സഖ്യത്തിന് വോട്ട് ശതമാനം വര്‍ധിച്ചതില്‍ ബിഡിജെഎസിന് അവരുടേതായ പങ്കുണ്ട്. യാതൊരു സംശയവും അക്കാര്യത്തിലില്ല.
Content Highlights: interview with pk krishnadas, bjp, assembly election 2021