പ്രതിപക്ഷനേതാവ് അടക്കം ഗവർണർഅനുകൂല നിലപാട് സ്വീകരിച്ചു, അത് രാഷ്ട്രീയമാണ്- എം.വി ഗോവിന്ദൻ | അഭിമുഖം


അനൂപ് ദാസ്

പ്രതിപക്ഷ നേതാവ്, കെ.പി.സി.സി. പ്രസിഡന്റ്, മുന്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവരെല്ലാം ഗവര്‍ണര്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ചില എം.പിമാര്‍ തന്നെ ഇപ്പോള്‍ പരസ്യമായി ഗവര്‍ണര്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. അത് രാഷ്ട്രീയമാണെന്ന് എം.വി. ഗോവിന്ദൻ.

എം.വി.ഗോവിന്ദൻ (ഫയൽ ചിത്രം)

വർണറുമായി ബന്ധപ്പെട്ട വിഷയം കേരളത്തിൽ മാത്രം ഒറ്റപ്പെട്ട പ്രശ്നമല്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്റ്, മുന്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവരെല്ലാം ഗവര്‍ണര്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ചില എംപിമാര്‍ തന്നെ ഇപ്പോള്‍ പരസ്യമായി ഗവര്‍ണര്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഗോവിന്ദൻ മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പാര്‍ട്ടിയെ സംബന്ധിച്ച് ഉന്നതമായ സമിതിയില്‍ അംഗമാകുമ്പോള്‍ പാര്‍ട്ടിയ്ക്കും ജനങ്ങള്‍ക്കും പാര്‍ട്ടിയില്‍ വിശ്വസിക്കുന്നവര്‍ക്കും ഗുണപരമായി എങ്ങനെ ഈ ചുമതല നിരവേറ്റാം എന്നാണ് കരുതുന്നത്?സി.പി.എമ്മിന്റെ കേരള സംസ്ഥാന സെക്രട്ടറി എന്ന നിലയിലാണ് പി.ബിയിലേയ്ക്ക് സത്യം പറഞ്ഞാല്‍, ഇപ്പോള്‍ ഉള്‍പ്പെടുത്തപ്പെട്ടത്. രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടി യൂണിറ്റാണ് ഇപ്പോള്‍ കേരളം. ആ അര്‍ത്ഥത്തില്‍ പി.ബി. അംഗമാകുക എന്ന പറയുന്നത് പ്രധാനമായും കേരളത്തില്‍ കേന്ദ്രീകരിച്ച് നടത്തുന്ന പ്രവര്‍ത്തനമാണ് പാര്‍ട്ടിയും ഉദ്ദേശിക്കുന്നത്. കേരള പാര്‍ട്ടിയുടെ സെക്രട്ടറി എന്ന നിലയില്‍ നിന്ന് കൊണ്ട് അഖിലേന്ത്യാ തലത്തിലുള്ള പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ രാഷ്ട്രീയവും സംഘടനാപരവുമായ അതിന്റെ നേതൃത്വപരമായ ചര്‍ച്ചയിലും ഇടപെടലുകളിലുമൊക്കെ ഭാഗവാക്കാകാന്‍ കഴിയുക എന്നത് വളരെയേറെ വിദ്യാഭ്യാസ പരമായ കാര്യമാണ്.

മാഷ് പാര്‍ട്ടിയുടെ സെക്രട്ടറിയും പിബി അംഗവുമെല്ലാമായ ഈ ഘട്ടത്തില്‍ കേരളത്തില്‍ നേരിടുന്ന വലിയ വെല്ലുവിളികളിലൊന്ന് ഫെഡറലിസവുമായി ബന്ധപ്പെട്ടതാണ്. ഗവര്‍ണറെ ഉപയോഗിച്ച് ആര്‍.എസ്.എസ്. ഇടപെടലിന് ശ്രമിക്കുന്നു എന്ന് സി.പി.എം. ആരോപിക്കുന്ന സ്ഥിതി. ഇപ്പൊ അത് അതിന്റെ ഉച്ഛസ്ഥായിയില്‍ എത്തി എന്ന് തോന്നുന്നു. ഈ വിഷയത്തെ എങ്ങനെ നേരിടാമെന്നാണ് കരുതുന്നത്?

കേരളത്തില്‍ മാത്രം ഒറ്റപ്പെട്ടു നില്‍ക്കുന്ന പ്രശ്‌നമല്ല ഗവര്‍ണറുമായി ബന്ധപ്പെട്ടത്. ബി.ജെ.പി. സര്‍ക്കാര്‍ രാഷ്ട്രീയമായി നിശ്ചയിക്കുന്ന പോസ്റ്റാണ് ഗവര്‍ണര്‍ പോസ്റ്റ്. അല്ലാതെ തിരഞ്ഞെടുക്കപ്പെട്ട രീതിയിലുള്ള ഒന്നല്ല. രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവര്‍ തന്നെയാണ് സ്വാഭാവികമായും ഗവര്‍ണര്‍മാരായി വരുന്നത്. ആ രാഷ്ട്രീയം ഭരണഘടനാപരമായും നിയമപരമായും കൈകാര്യം ചെയ്തുവരുന്ന സാഹചര്യമായിരുന്നു മിക്ക സംസ്ഥാനങ്ങളിലും ഉണ്ടായിരുന്നത്. എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുമായി ബന്ധപ്പെട്ട് വലിയ പ്രതിസന്ധിയും പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും മുമ്പും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇപ്പോള്‍ പൊതുവായ ഒരു സ്ഥിതി, ബി.ജെ.പി. ഇതര സംസ്ഥാന സര്‍ക്കാരുകളോട് ഗവര്‍ണര്‍മാര്‍ എടുത്തുകൊണ്ടിരിക്കുന്ന നിലപാട് നിഷേധാത്മകമാണ്. പ്രത്യേകിച്ച് കേരളത്തില്‍ ഉണ്ടായത്, ഞാന്‍ ആര്‍.എസ്.എസ്. ആണ് എന്ന് പരസ്യമായി പറയുകയും ആര്‍.എസ്.എസിന്റെ സമുന്നത നേതൃത്വവുമായി ചര്‍ച്ച ചെയ്ത് കേരളത്തിന്റെ രാഷ്ട്രീയവും ഭരണഘടനാപരവുമായ കാര്യങ്ങള്‍ മിക്കവാറും ഭരണഘടനാ വിരുദ്ധ നടത്താനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

വളരെ പ്രമുഖരായ, രാജ്യം അറിയപ്പെടുന്ന ആളുകളെയെല്ലാം വളരെ മോശമായി ചിത്രീകരിക്കുക. ഇര്‍ഫാന്‍ ഹബീബിനെയൊക്കെ ക്രിമിനലാണ് എന്ന് പറയുക, വൈസ് ചാന്‍സിലറെയൊക്കെ ഗുണ്ടയാണ് എന്ന് വിശേഷിപ്പിക്കുക ഈ രീതിയില്‍ പറയുന്ന നിലപാടാണ് ആദ്യം സ്വീകരിച്ചത് എങ്കില്‍ പിന്നീട് വൈസ് ചാന്‍സിലറെ മുഴുവന്‍ മാറ്റുക, പതിനൊന്ന് സര്‍വ്വകലാശാലകളിലേയും വൈസ് ചാന്‍സലര്‍മാരെയും മാറ്റി നിശ്ചയിച്ച് പുതിയ ആളുകളെ കണ്ടെത്തുക എന്ന് പറയുന്നതില്‍ കൃത്യമായി ഉള്‍ക്കൊണ്ടിരിക്കുന്ന കാര്യം ആര്‍.എസ്.എസിനും ബി.ജെ.പിയ്ക്കും സ്വീകാര്യരായവരെ നിശ്ചയിക്കുക എന്നതാണ്.

ഇപ്പോള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേത് പോലെ തന്നെ അന്ധവിശ്വാസ ജഡിലമായ, എത്രയോ ജീര്‍ണമാണ് എന്ന് രാജ്യം വിലയിരുത്തുന്ന തെറ്റായ സന്ദേശങ്ങള്‍ മത നിരപേക്ഷ ഉള്ളടക്കത്തെ തന്നെ തകര്‍ക്കത്തക്ക രീതിയില്‍, കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെയാകെ തകര്‍ക്കത്തക്ക രീതിയില്‍ കേരള സമൂഹത്തിന് മേലെ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം കൂടിയാണ് ഈ പറയുന്ന പിന്തിരിപ്പന്‍ നിലപാടോടു കൂടി ഗവര്‍ണര്‍ ഉദ്ദേശിക്കുന്നത്. കേരളത്തിന്റെ വിദ്യാഭ്യാസ സംവിധാനം കേവലം സാക്ഷരത കൊണ്ട് മാത്രമല്ല, കേരള സര്‍ക്കാര്‍ ഒരു വിജ്ഞാന സമൂഹത്തെ രൂപപ്പെടുത്തി. പൊതു വിദ്യാലയങ്ങള്‍ എല്ലാം മെച്ചപ്പെട്ട നിലയില്‍ കഴിഞ്ഞ ആറ് കൊല്ലം കൊണ്ട് മുന്നോട്ടേയ്ക്ക് വന്നിട്ടുണ്ട്. ഇനി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്രീകരിച്ച് മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ആ നിലയില്‍ ഒരു വിജ്ഞാന സമൂഹവും വിജ്ഞാന സമൂഹത്തിന്റെ തന്നെ ഉയര്‍ന്ന നിലവാരത്തിലുള്ള ഒരു വിജ്ഞാന സമ്പദ് വ്യവസ്ഥയും ഈ കേരളം വിഭാവനം ചെയ്യുന്നുണ്ട്.

അപ്പോള്‍ ഈ വിജ്ഞാന സമ്പദ് വ്യവസ്ഥയേയും വിജ്ഞാന സമൂഹത്തേയുമെല്ലാം മാറ്റാനാണ് ശ്രമം. ഈ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല ഉള്‍പ്പടെ, ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഉള്‍പ്പെടെയുള്ള മേഖലയില്‍ ജനാധിപത്യപരമായ രീതിയില്‍ നിലപാട് സ്വീകരിക്കുന്നവരെ രാഷ്ട്ര വിരുദ്ധമായിട്ട് എങ്ങനെയാണ് വലിയ രീതിയില്‍ പ്രചാരവേല നടത്തി മുദ്ര കുത്തിയത് എന്ന് നമ്മള്‍ കണ്ടതാണ്. അതുപോലെ കേരളത്തിലെ ഇടതുപക്ഷ മനസ്സുള്ള ഒരു പൊതു സമൂഹം മത നിരപേക്ഷ ഉള്ളടക്കത്തോടെ മുന്നോട്ട് പോകുന്ന ഏറ്റവും സജീവമായ ഒരു കേന്ദ്രം, അതാണ് ഉന്നത വിദ്യാഭ്യാസ മേഖല ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സംവിധാനമാകെ. അതിനെയാകെ അട്ടിമറിയ്ക്കാനുള്ള ബോധപൂര്‍വ്വമായ പ്രവര്‍ത്തനങ്ങളാണ് ഇവിടെ ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ആര്‍.എസ്.എസിന്റെ ഉള്‍പ്പെടെ നിര്‍ദേശാനുസരണമായിരിക്കണം നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകുന്നത്.

ചാന്‍സലര്‍ സ്ഥാനത്ത് ഗവര്‍ണര്‍ തുടര്‍ന്നാല്‍ സി.പി.എമ്മും ഇടതുപക്ഷവും ആഗ്രഹിക്കുന്ന ഒരു മതനിരപേക്ഷ കാഴ്ചപ്പാടില്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തെ കൊണ്ടുപോകാന്‍ കഴിയുമോ? ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ ഒഴിവാക്കാനുള്ള ശ്രമം നടത്തുമോ?

ഇതിന്റെ വേറൊരു ഭാഗം പ്രീതി നഷ്ടപ്പെട്ടിരിക്കുന്നു അതുകൊണ്ട് കെ.എന്‍ ബാലഗോപാല്‍ എന്ന ധനകാര്യ മന്ത്രിയെ മാറ്റണം എന്ന് അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. ഇത് വൈസ് ചാന്‍സലറെ മാറ്റുന്ന പ്രശനം മാത്രമല്ല എന്ന് വ്യക്തമാവുകയാണല്ലൊ. സര്‍ക്കാരിനെതിരായ ഒരു ഗൂഡാലോചനയുടെ ഭാഗം കൂടിയാണിത്. യഥാര്‍ത്ഥത്തില്‍ നമുക്കറിയാം ഭരണഘടനാപരമായിട്ട് കൂട്ടുത്തരവാദിത്വത്തെ അടിസ്ഥാനപ്പെടുത്തി മന്ത്രിസഭ, മുഖ്യമന്ത്രി അവരുടെ ശരിയായ രീതിയിലുള്ള പ്രീതി. അതിനപ്പുറത്തൊരു പ്രീതി ഭരണഘടന നല്‍കുന്നില്ല. പക്ഷേ, അതില്‍ നിന്ന് വ്യത്യസ്തമായി എന്റെ പ്രീതി നഷ്ടപ്പെടുത്തിയിരിക്കുന്നു അതുകൊണ്ട് ഇദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കേണ്ടതാണ് എന്ന അതിവിചിത്രമായ ഒരു കത്ത് തന്നെ ഗവര്‍ണര്‍ മുഖ്യമന്ത്രിയ്ക്ക് നല്‍കുന്ന സാഹചര്യം ഉണ്ടായി. മുഖ്യമന്ത്രി അതിന് കൃത്യമായി മറുപടി നല്‍കിക്കഴിഞ്ഞു. എനിക്ക് യാതൊരു അപ്രീതിയുമില്ല. അങ്ങനെ അപ്രീതിയില്ലാത്തിടത്തോളം കാലം അദ്ദേഹത്തിനെതിരെ എന്തെങ്കിലും നിലപാട് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നകാര്യം മറുപടിയായി നല്‍കുകയും ചെയ്തു. അതിനപ്പുറം ഒന്നും ഗവര്‍ണര്‍ക്ക് ചെയ്യാനില്ല. അപ്പൊ സ്വാഭാവികമായും നമുക്ക് ഒരു കാര്യം മനസ്സിലാകും ഏതെങ്കിലും വൈസ് ചാന്‍സിലറുടേയോ മറ്റോ കാര്യം മാത്രമല്ല ഗവര്‍ണര്‍ ഉന്നയിക്കുന്നത്.

പിന്നെ ഈ ഗവര്‍ണര്‍ക്ക് ചാന്‍സിലര്‍ പദവി നല്‍കിയത് കേരളത്തിലെ വിദ്യാഭ്യാസ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. ഗവര്‍ണര്‍ വാദിച്ചു കൊണ്ടിരിക്കുന്നത് കേരളത്തിലെ വിദ്യാഭ്യാസ നിയമത്തിന് സാധുതയില്ല, അതുകൊണ്ട് സുപ്രീം കോടതി വിധി അനുസരിച്ച് ഞാന്‍ എല്ലാവരേയും പിരിച്ചു വിടാന്‍ പോകുന്നു എന്നാണ്. സൂക്ഷ്മമായി പരിശോധിച്ച് നോക്കിയാല്‍ കേരളത്തിലെ വിദ്യാഭ്യാസ നിയമത്തിന് അംഗീകാരം ഇല്ലെങ്കില്‍, നിയമ സാധുത ഇല്ലെങ്കില്‍ ഗവര്‍ണര്‍ തന്നെ ചാന്‍സലറായിക്കൊള്ളണം എന്ന നിര്‍ബന്ധമില്ല. അതുള്‍പ്പെടെയുള്ള കാര്യങ്ങളൊക്കെ നിയമപരമായി പരിശോധിക്കേണ്ടതാണ്. ചാന്‍സര്‍ പ്രശ്‌നം മാത്രമല്ല, രാഷ്ട്രീയമായ ഇടപെടല്‍ തന്നെയാണ് ഉദ്ദേശിക്കുന്നത്. അത് കൊണ്ട് ഇത്തരത്തിലുള്ള തെറ്റായ പ്രവണതകളെ തിരുത്തിപ്പിക്കുന്നതിനുള്ള ഇടപെടല്‍ ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാവണം. ഇടതുപക്ഷ ജനാധിപത്യ മുന്നണി മാത്രമല്ല വിദ്യാഭ്യാസ മേഖല ഉള്‍പ്പെടെയുള്ള കേരളത്തിന്റെ സവിശേഷതകളെ നിലനിര്‍ത്തണം എന്നാഗ്രഹിക്കുന്ന മുഴുവന്‍ ആളുകളും ഉണ്ടാകും. കേരളത്തോട് തന്നെ ഒരു യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുന്ന ഗവര്‍ണര്‍ക്കെതിരായി കേരളീയ സമൂഹം ഒറ്റക്കെട്ടായി മുമ്പോട്ട് പോകുന്ന നിലപാടാണ് വരാന്‍ പോകുന്നത്. പ്രാദേശിക തലത്തിലും ജില്ലാ തലത്തിലും വലിയ മുന്നേറ്റം ഈ ഗവര്‍ണറുടെ തെറ്റായ നടപടികള്‍ തിരുത്തിക്കാന്‍ വേണ്ടിയുണ്ടാകും.

പാര്‍ട്ടി നടക്കുന്ന ബഹുജന മുന്നേറ്റങ്ങള്‍ കണ്ട് ഗവര്‍ണര്‍ നടപടി തിരുത്തും എന്ന പ്രതീക്ഷ സി.പി.എമ്മിനുണ്ടോ?

സി.പി.എം. നടത്തുന്ന പ്രതിഷേധമല്ല, ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തുന്നതുമല്ല. കേരളത്തിലെ വിദ്യാഭ്യാസ സംവിധാനത്തെ സംരക്ഷിക്കണം എന്നാഗ്രഹിക്കുന്ന മുഴുവനാളുകളും നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട മുന്നേറ്റമാണ്. അതിന്റെ ഭാഗമായി അദ്ദേഹം എന്ത് നിലപാട് സ്വീകരിക്കും എന്നതിനേക്കാളുപരി ജനങ്ങളെ അണിനിരത്തി ഇതിനെ പ്രതിരോധിക്കുക എന്നുള്ളതാണ് ഉദ്ദേശിക്കുന്നത്.

ഈ തര്‍ക്കം ഭരണസ്തംഭനം ഉണ്ടാക്കുന്നില്ലേ? വിദ്യഭ്യാസ മേഖലയ്ക്ക് പുറത്തും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നില്ലേ?

എല്ലാ മേഖലയും സ്തംഭിപ്പിക്കുക എന്ന നിലപാട് ഇതിന്റെ ഭാഗമായിട്ടുണ്ട് എന്ന് തന്നെയാണ് കാണുന്നത്. കാരണം അസംബ്ലി പാസാക്കിയ നിയമം പോലും ഒപ്പിടാതെ വെച്ചിരിക്കുകയാണ്. അങ്ങനെ വരുമ്പോള്‍ സ്വാഭാവികമായും സര്‍ക്കാരിന്റെ സുഗമമായ പ്രവര്‍ത്തനത്തിന്, മുന്നോട്ടേയ്ക്ക് പോകുന്നതിന് തടസ്സമായി നില്‍ക്കുന്ന നിലപാടാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.

സാധാരണ ഗതിയില്‍ ബി.ജെ.പിയ്‌ക്കെതിരായ ഒരു വിഷയത്തില്‍ കോണ്‍ഗ്രസിന്റേയും ലീഗിന്റേയുമെല്ലാം ഒരു പൊതുപിന്തുണ സര്‍ക്കാരിന് ഉണ്ടാവാറുണ്ട്. പക്ഷേ, ഈ വിഷയത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് പൂര്‍ണ പിന്തുണ സര്‍ക്കാരിന് ലഭിച്ചിട്ടില്ല.

പൂര്‍ണ പിന്തുണ ലഭിച്ചിട്ടില്ല എന്ന് മാത്രമല്ല പ്രതിപക്ഷ നേതാവ്, കെ.പി.സി.സി. പ്രസിഡന്റ്, മുന്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവരെല്ലാം ഗവര്‍ണര്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ചില എം.പിമാര്‍ തന്നെ ഇപ്പോള്‍ പരസ്യമായി ഗവര്‍ണര്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. അത് രാഷ്ട്രീയമാണ്. കമ്യൂണിസ്റ്റ് വിരുദ്ധത തലയില്‍ കയറിയാല്‍ പിന്നെ എന്തൊക്കെയാണ് ചെയ്യുക എന്നതിന്റെ ദൃഷ്ടാന്തമാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ബി.ജെ.പി. ഇതര സര്‍ക്കാരുകളോട് എടുക്കുന്ന ഗവര്‍ണര്‍മാരുടെ സമീപനത്തെ അതാത് മേഖലയില്‍ ശക്തയായി എതിര്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ പട്ടികയില്‍ കോണ്‍ഗ്രസും ഉണ്ട്. ആ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തില്‍ ചിലര്‍, അതുപോലെ കേരളത്തിലെ മുരളീധരനെപ്പോലെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഈ ഗവര്‍ണറുടെ നിലപാടിനെതിരായിട്ട് ശക്തിയായി നിലകൊണ്ടിട്ടുണ്ട്. അപ്പോഴും പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ, കെ.പി.സി.സി. പ്രസിഡന്റ് ഉള്‍പ്പെടെ എടുത്തുകൊണ്ടിരിക്കുന്ന നിലപാട് ഗവര്‍ണര്‍ക്ക് വേണ്ടിയുള്ള കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടാണ്. അല്ലെങ്കില്‍ ഇടതുപക്ഷ ജനാധിപത്യ വിരുദ്ധ നിലപാടാണ്. സ്വാഭാവികമായും അത് കേരള വിരുദ്ധ സമീപനമാണ്. കേരളത്തിന്റെ മുന്നോട്ടേയ്ക്കുള്ള യാത്രയില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന ഗവര്‍ണറുടെ നിലപാടിനെ അംഗീകരിച്ചു കൊണ്ടുള്ള സമീപനമാണ്. മുസ്ലിം ലീഗ് ഇതില്‍ നിന്ന് വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നുണ്ട്. എല്ലാ കാലത്തും കോണ്‍ഗ്രസും മുസ്ലിം ലീഗും ചേര്‍ന്നതാണ് യു.ഡി.എഫ്. അതില്‍ ഒരു ഭാഗവും, (അതിന്റെ അകത്ത് തന്നെ കുഴപ്പമുണ്ട്.) മറ്റൊരു ഭാഗം ഏകകണ്ഠമായിത്തന്നെയും ഗവര്‍ണര്‍ക്കെതിരെ നിലപാട് സ്വീകരിക്കുന്നുണ്ട്. ഇതെല്ലാം സ്വാഭാവികമായും കേരളത്തിലെ ജനങ്ങള്‍ കാണുന്നുണ്ട്. കേരളത്തിനെതിരായി നില്‍ക്കുന്ന ഈ നിലപാടിനെ തിരുത്തിക്കുന്നതിന് വേണ്ടിയുള്ള ജനകീയ മുന്നേറ്റമായി ഇത് മാറും എന്ന തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

Content Highlights: interview with mv govindan master


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented