തൂപ്പുജോലി മുതല്‍ വി.സി വരെ രാഷ്ട്രീയ നിയമനം, സർവകലാശാലകൾ പാര്‍ട്ടി സെല്ലായി മാറി - എം. ഷാജര്‍ഖാന്‍


വിഷ്ണു കോട്ടാങ്ങല്‍

സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമന വിവാദത്തില്‍ നിലപാടുകളും തുടര്‍ നടപടികളേക്കുറിച്ചും മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവെക്കുകയാണ് ഷാജര്‍ ഖാന്‍.

കണ്ണൂർ സർവകലാശാല | ചിത്രം: ലതീഷ് പൂവത്തൂർ

രാഷ്ട്രീയമായ ദാസ്യത്തിലാണ് നിലവില്‍ കേരളത്തിലെ സര്‍വകലാശാലകളെന്ന് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി സെക്രട്ടറി എം. ഷാജര്‍ഖാന്‍. സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമന വിവാദത്തില്‍ നിലപാടുകളും തുടര്‍ നടപടികളേക്കുറിച്ചും മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവെക്കുകയാണ് ഷാജര്‍ ഖാന്‍.

കണ്ണൂര്‍, കാലടി സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമന വിഷയത്തില്‍ ഗവര്‍ണര്‍ ആദ്യമെടുത്ത നിലപാട് ശരിയായിരുന്നോ?

കണ്ണൂര്‍ വൈസ് ചാന്‍സലറെ നിയമിച്ച ഗവര്‍ണറുടെ നടപടി തീര്‍ച്ചയായിട്ടും തെറ്റായ നടപടി തന്നെയാണ്. ഒരുകാരണവശാലും ഗവര്‍ണര്‍ അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. വാസ്തവത്തില്‍ അങ്ങനെ പുനര്‍നിയമനം കേരളത്തില്‍ ഇതുവരെ നടന്ന് കീഴ്‌വഴക്കമില്ല. മാത്രമല്ല സെലക്ഷന്‍ കമ്മിറ്റിയെ പിരിച്ചുവിട്ടത്, പ്രായപരിധി തുടങ്ങിയ കാര്യങ്ങളൊക്കെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ മുന്നിലുണ്ടായിരുന്നതാണ്. സ്വാഭാവികമായും ആകാര്യങ്ങളുടെ അടിസ്ഥാനത്തില്‍ വി.സിയുടെ പുനര്‍നിയമനത്തിനുള്ള ഫയലില്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ പാടില്ലായിരുന്നു.

അദ്ദേഹം ഒപ്പുവെച്ചതാണ് ഈ വിവാദങ്ങള്‍ക്കൊക്കെ കാരണമായത്. എന്നാല്‍ തെറ്റ് തുറന്ന് സമ്മതിക്കുന്നത് ഒരു മോശം കാര്യമായി കാണുന്നില്ല. ഉന്നത പദവിയിലിരിക്കുന്ന ഒരാള്‍ ചെയ്യാന്‍ പാടില്ലാത്ത ഒരു കാര്യം ചെയ്തു. അക്കാര്യം പരസ്യമായി തുറന്നുപറഞ്ഞു. അതിന്റെ ശിക്ഷയെന്നോണം ചാന്‍സിലര്‍ പദവി ഒഴിഞ്ഞുകൊള്ളാമെന്ന് അദ്ദേഹം പറയുകയും ചെയ്തു. പക്ഷെ അദ്ദേഹം നടത്തിയ കുറ്റസമ്മതത്തിന്റെ മുഴുവന്‍ പാപഭാരവും സർക്കാർ നടത്തിയ അട്ടിമറിയിലേക്കാണ് വരുന്നത്. ഇത്തരത്തില്‍ നിയമനം നല്‍കുന്നതിന് വേണ്ടി കരുക്കള്‍ നീക്കിയതും സംസ്ഥാന സര്‍ക്കാരാണ്. അതിന് അദ്ദേഹം വഴങ്ങാന്‍ പാടില്ലായിരുന്നു. എന്നാല്‍ അദ്ദേഹം തുറന്ന കുറ്റസമ്മതം നടത്തിയതുകൊണ്ടാണല്ലോ കേരളത്തിലിതൊരു വലിയ ചര്‍ച്ചാ വിഷയമായി മാറിയത്.

ഈ വിഷയത്തിലടക്കം സേവ് യൂണിവേഴ്‌സിറ്റി ഫോറം നിരവധി കാലങ്ങളായി നല്‍കിയ നിവേദനങ്ങള്‍ നിലവിലുണ്ട്. വൈസ് ചാന്‍സലറുടെ പുനര്‍നിയമനം, അതിന് മുന്നോടിയായി അസോസിയേറ്റ് പ്രൊഫസറുടേതുള്‍പ്പെടെയുള്ള നിയമനങ്ങള്‍, അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനങ്ങള്‍ ഇതെല്ലാം രാഷ്ട്രീയ നിയമനങ്ങളാണ് എന്നുള്ളത് ഞങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. രാഷ്ട്രീയ നിയമനങ്ങള്‍ നടത്തുന്നതിന്റെ സമ്പ്രദായം കാലങ്ങളായി നിലനില്‍ക്കുന്നു. അതിന് ഒരു അറുതി വരുത്തേണ്ടതാണ്.

സര്‍വകലാശാല രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഇക്കാര്യങ്ങള്‍ ചെയ്തുകൊണ്ടേയിരിക്കുന്നു. ചാന്‍സലറായ ഗവര്‍ണര്‍ പോലും നിസ്സഹായനാണ്. സാധാരണഗതിയില്‍ കിഴ്‌വഴക്കം അനുസരിച്ച് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന പ്രൊപ്പോസല്‍ അംഗീകരിക്കുകയാണ് ഗവര്‍ണര്‍ ചെയ്യുക. പക്ഷെ ഇവിടെ പൂര്‍ണമായും രാഷ്ട്രീയമായിപ്പോയി. മാത്രമല്ല മാനദണ്ഡങ്ങളോ മെറിറ്റോ പരിഗണിച്ചില്ല. ചട്ടലംഘനവുമുണ്ട്. അതില്‍ വ്യക്തിപരമായി ഗവര്‍ണര്‍ക്ക് നേരിടേണ്ടി വന്ന മാനസിക സമ്മര്‍ദ്ദം മൂലമായിരിക്കാം ഇതൊക്കെ തുറന്നുപറഞ്ഞത്.

നിലവിലെ സാഹചര്യത്തില്‍ സര്‍വകലാശാലകളെ ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്?

സര്‍വകലാശാലകളില്‍ സര്‍ക്കാരോ രാഷ്ട്രീയക്കാരോ ഇടപെടാന്‍ പാടില്ല. അവര്‍ സര്‍വകലാശാലകളുടെ സ്വയംഭരണത്തെ മാനിച്ച് മാറി നില്‍ക്കണം. സര്‍വകലാശാലകള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കണമെന്നാണ് ഞങ്ങളുടെ നിലപാട്. ഇതില്‍ സിന്‍ഡിക്കേറ്റ് മെമ്പര്‍മാരാകട്ടെ, സെനറ്റ് അംഗങ്ങളാകട്ടെ, വൈസ് ചാന്‍സലറാകട്ടെ. എല്ലാം രാഷ്ട്രീയ നിയമനങ്ങളാകുമ്പോള്‍ വളരെ സങ്കുചിതമായ കക്ഷി രാഷ്ട്രീയത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കും.

സാധാരണ വൈസ് ചാന്‍സലര്‍ എന്നുപറയുന്നത് ഇത്തരമൊരു സ്ഥാനമല്ലല്ലോ. വ്യക്തിജീവിതത്തിലും ഉന്നത മൂല്യങ്ങള്‍ പുലര്‍ത്തുന്നവരാണ്. അത്രയും അക്കാദമിക് രംഗത്ത് പ്രവര്‍ത്തിക്കുന്നവരെയാണ് സാധാരണ ഈ സ്ഥാനത്തേക്ക് പരിഗണിക്കുക. അക്കാദമിക് യോഗ്യതകള്‍ മാത്രം പരിഗണിച്ചല്ല വൈസ് ചാന്‍സലറെ തിരഞ്ഞെടുക്കുന്നത്. ഇതിന് പുറമെ ധാര്‍മിക നിലവാരം കൂടി വേണം. അതുനഷ്ടപ്പെട്ടാല്‍ നട്ടെല്ല് നഷ്ടപ്പെട്ടതുപോലെ ആകും. ഭരിക്കുന്ന പാര്‍ട്ടി ഏതാണോ അതിനനുസരിച്ച് പ്രവര്‍ത്തിക്കേണ്ടി വരും.

സര്‍വകാലശാലകളില്‍ സിപിഎമ്മിന്റ ഇടപെടല്‍ കൊണ്ട് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്?

സര്‍വകലാശാലകളെ പാര്‍ട്ടി താത്പര്യങ്ങള്‍ക്ക് വേണ്ടി മാറ്റുന്നുവെന്നതാണ് പ്രധാനം. നിയമനങ്ങള്‍ എല്ലാം പാര്‍ട്ടി താത്പര്യത്തിന് അനുസരിച്ചാണ്. ഇക്കാര്യമാണ് ഗവര്‍ണറും ചൂണ്ടിക്കാണിച്ചത്. കണ്ണൂര്‍, കാലിക്കറ്റ്, കാലടി എന്നിങ്ങനെ ഏത് സര്‍വകലാശാലയുമാകട്ടെ അവിടെ നടക്കുന്ന നിയമനങ്ങളില്‍ ഇവര്‍ ഇടപെടുന്നു.

കണ്ണൂര്‍ സര്‍വകലാശാലയില്‍ കെ.കെ. രാഗേഷിന്റെ ഭാര്യയ്ക്ക് നിയമനം കൊടുത്തുവെന്നല്ല നമ്മള്‍ ആരോപിച്ചത്. പ്രിയ വര്‍ഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചതില്‍ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല. അവര്‍ക്ക് എട്ട് വര്‍ഷത്തെ അധ്യാപന പരിചയമില്ല. ആ വ്യവസ്ഥ പാലിക്കാതെ ഒരാള്‍ക്ക് നിയമനം നല്‍കുന്നതില്‍ ക്രമവിരുദ്ധതയുണ്ട് എന്നാണ് ഞങ്ങള്‍ ചൂണ്ടിക്കാണിച്ചത്. ഇവരേക്കാള്‍ യോഗ്യതയുള്ള ആള്‍ രണ്ടാം സ്ഥാനത്ത് വന്നതെങ്ങനെയാണെന്ന് അന്വേഷിക്കണ്ടെ? യോഗ്യതയുള്ള ആരുമില്ലെങ്കില്‍ ചിലപ്പോള്‍ ഇങ്ങനെ ചെയ്യാമായിരിക്കാം. പക്ഷെ യോഗ്യതയുള്ള ആളുള്ളപ്പോള്‍ അയാളെ മറികടന്ന് പൂര്‍ണ യോഗ്യതയില്ലാത്ത ഒരാളെ പരിഗണിക്കുന്നത് ചട്ടലംഘനമാണ്. നീതി നിഷേധമാണ്, തര്‍ക്കമില്ല.

കാലടി സര്‍വകലാശാലയിലെ വിഷയം നോക്കു. പുതിയതായി വന്ന വിവാദമെന്നത് ബിരുദം പാസാകാത്തവരെ പി.ജിക്ക് പ്രവേശനം നല്‍കിയെന്നതാണ്. എന്താണ് ഇക്കാര്യത്തിലെ നിലപാട്?

ബിരുദം പാസാകാത്തവരെ ബിരുദാനന്തര ബിരുദത്തിന് അനുവദിച്ചില്ലെങ്കില്‍ പിജിക്ക് പഠിക്കുന്ന കുട്ടികളുടെ എണ്ണം കുറയില്ലെ. അപ്പോള്‍ അവിടെ കരാര്‍ അടിസ്ഥാനത്തില്‍ പഠിപ്പിക്കുന്ന അധ്യാപകരുടെ ജോലി നഷ്ടപ്പെടില്ലെ എന്നാണ് അവര്‍ പറയുന്ന ന്യായം. എന്തൊരു വിചിത്രമായ ന്യായമാണിതെന്ന് നോക്കു. കരാര്‍ അധ്യാപകരാകട്ടെ അല്ലാത്തവരാകട്ടെ അവര്‍ക്ക് വേണ്ടി ബിഎ പാസാകത്തവര്‍ക്ക് എംഎ പാസാകാന്‍ അനുമതി കൊടുക്കാമോ. എന്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ചെയ്യുന്നത്. ഇത്തരം കാര്യങ്ങളാണ് സര്‍വകലാശാലകളില്‍ നടക്കുന്നത്.

ഇതൊക്കെ രാഷ്ട്രീയമായ ഇടപെടലിന്റെ ഭാഗമായി നടക്കുന്നതെന്നാണോ നിങ്ങള്‍ ആരോപിക്കുന്നത്?

തീര്‍ച്ചയായിട്ടും, കാരണം സര്‍വകലാശാലകളുടെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന യൂണിയന്‍ നേതാക്കള്‍ ഇത്തരം കാര്യങ്ങളിലൊക്കെ ഇടപെടുന്നു. പ്രൊപ്പോസല്‍ വരുമ്പോള്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ ഫലമായി ഇങ്ങനെ വഴങ്ങിക്കൊടുക്കേണ്ടി വരുന്നു. കാരണം ഇവരെല്ലാം രാഷ്ട്രീയമായി നിയമിതരായവരാണ്. അവരുടെ ഇഷ്ടക്കാരെ ഇത്തരം സ്ഥാനങ്ങളില്‍ നിയമിക്കുന്നതെന്തിനാണ്? ഇതുപോലെയുള്ള നിയമനങ്ങള്‍ നടത്തിക്കൊടുക്കുന്നതിന് വേണ്ടിയാണ്. കണ്ണൂര്‍ സര്‍വകലാശാല വിസിയുടെ കാര്യത്തില്‍ നോക്കു, പ്രിയ വര്‍ഗീസിന്റെ നിയമനത്തിന് പ്രത്യുപകാരമാണ് വിസിയുടെ പുനര്‍നിയമനമെന്ന ആക്ഷേപം ഉയര്‍ന്നത് അതുകൊണ്ടാണ്.

ഉന്നത വിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ചയ്ക്കിടയാക്കുന്നതാണ് ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളൊക്കെ?

അതെ, ഗവര്‍ണര്‍ക്ക് ഞങ്ങള്‍ കൊടുക്കുന്ന പരാതിക്ക് പുറമെ വേറെ ആളുകളും നല്‍കുന്ന പരാതികളുണ്ടല്ലോ. പക്ഷെ ഓരോ പരാതികളിലും ആവശ്യത്തിന് നടപടികളെടുക്കാന്‍ സാധിക്കുന്നില്ല. കാരണം സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിക്കുന്നില്ല. സര്‍വകലാശാലയോട് ചോദിച്ചാല്‍ അവര്‍ അഴകൊഴമ്പന്‍ മറുപടി പറയും. അതുകൊണ്ട് ഒരു പരിഹാരം പ്രതീക്ഷിക്കുന്നില്ല. ഇതിങ്ങനെ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.

കാലടി സര്‍വകലാശാലയിലെന്താണ് നടന്നത്. രണ്ട് മാസമാണ് വി.സിയെ തിരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മിറ്റിയുടെ കാലാവധി. രണ്ടുമാസവും അവര്‍ അനങ്ങാതിരുന്നു. കാലാവധി കഴിഞ്ഞാല്‍ സര്‍ക്കാരിന് പേര് നിര്‍ദ്ദേശിക്കാമെന്നാണ് വ്യവസ്ഥ. അത് കാലടിയിലെ മാത്രം വ്യവസ്ഥയാണ്. മറ്റ് സര്‍വകലാശാലകളില്‍ ഇത്തരമൊരു വ്യവസ്ഥയില്ല. സെര്‍ച്ച് കമ്മിറ്റിയുടെ കാലവധി കഴിഞ്ഞതിന് പിന്നാലെ സര്‍ക്കാര്‍ ഒരു പേര് നിര്‍ദ്ദേശിച്ചു. അപ്പോള്‍ ഗവര്‍ണര്‍ ഇടഞ്ഞു. പ്രൊപ്പോസ് ചെയ്യപ്പെട്ട ആളിന് യോഗ്യത ഇല്ല എന്നല്ല പറയുന്നത്. സെര്‍ച്ച് കമ്മിറ്റിയുടെ കാലാവധി കഴിയുന്നതുവരെ കാത്തിരുന്നുവെന്നതാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. മാത്രമല്ല സര്‍ക്കാര്‍ ഒരു പേര് മാത്രം നിര്‍ദ്ദേശിച്ചു. സാധാരണ ഗതിയില്‍ മൂന്ന് പേരുള്ള ഒരു പാനല്‍ കൊടുക്കുകയാണ് കീഴ്‌വഴക്കം. അതുമുണ്ടായില്ല.

കണ്ണൂര്‍ സര്‍വകലാശാ വിസിയുടെ പുനര്‍ നിയമനം ഹൈക്കോടതി ശരിവെച്ചിരിക്കുകയാണ്. ഇനിയുള്ള നീക്കങ്ങള്‍ എങ്ങനെയാണ്?

വിഷയത്തില്‍ സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിട്ടുണ്ട്. കോടതി ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് അയച്ചിട്ടുമുണ്ട്. ഇനിയുള്ള കാര്യങ്ങള്‍ കോടതി നടപടികളെ ആശ്രയിച്ചാണ് മുന്നോട്ടു പോവുക. ഞങ്ങള്‍ക്ക് ഈ പോരാട്ടവുമായി മുന്നോട്ട് പോയേ പറ്റു. ഇപ്പോള്‍ സര്‍വകലാശാലകളില്‍ നടക്കുന്ന ക്രമവിരുദ്ധവും ചട്ടവിരുദ്ധവുമായ നടപടികളെ തടയേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ ജനങ്ങളില്‍ എത്തിക്കുകയാണ് സേവ് യൂണിവേഴ്‌സിറ്റ് കാമ്പയിന്‍ കമ്മറ്റി നടത്തുന്ന പ്രവര്‍ത്തനം.

സര്‍വകലാശാലകള്‍ ഇന്നെത്തിനില്‍ക്കുന്ന സാഹചര്യമെന്താണ്?

വളരെ സങ്കുചിതമായ കക്ഷിരാഷ്ട്രീയവും സാമ്പത്തിക താത്പര്യവും മുൻപന്തിയില്‍ വരുന്നുവെന്നതാണ് പ്രശ്‌നം. ഒരു പാര്‍ട്ടിയുടെ നോമിനികളെ കൊണ്ടുവരുന്ന സമ്പ്രദായം വളരെ കാലമായി നിലനില്‍ക്കുന്നു. ഇപ്പോഴത് വളരെ മോശം അവസ്ഥയിലെത്തി നില്‍ക്കുന്നു. ഇതിലൊരു വ്യത്യാസം വരണം. ആരുവരുത്തും എങ്ങനെ വരുത്തും എന്നുള്ളതാണ് പ്രശ്‌നം.

സര്‍വകലാശാലകള്‍ ഇന്ന് രാഷ്ട്രീയ ദാസ്യത്തിലാണ്. അതില്‍ നിന്ന് അവരെ മോചിപ്പിക്കണം. സര്‍വകലാശാലകളുടെ ഭരണപരവും അക്കാദമികപരവുമായ കാര്യങ്ങളില്‍ സർക്കാർ ഇടപെടാന്‍ പാടില്ല. കുറെയേറെ പാര്‍ട്ടി സെല്ലായി മാറിയിരിക്കുകയാണ് സര്‍വകലാശാലകള്‍. പൂര്‍ണമായും മാറിയെന്ന് പറയാനാകില്ല. പക്ഷെ ആ രൂപത്തിലാണ് കാര്യങ്ങള്‍ പോകുന്നത്. കോണ്‍ഗ്രസ് ഭരിച്ചിരുന്നപ്പോള്‍ ചെയ്തില്ലെ എന്ന് ചോദിക്കാം. ഏത് പാര്‍ട്ടി എന്നുള്ളതല്ല വിഷയം.

സര്‍വകലാശാലകള്‍ക്ക് നിയമനങ്ങളും ദൈനം ദിന പ്രവര്‍ത്തനങ്ങളും നടത്തേണ്ടത് ഇങ്ങനെയല്ല. സര്‍വകലാശാലകളുടെ ദൗത്യം മറ്റൊന്നാണ്. അതിന്റെ ഉന്നതമായ സ്ഥാനവും താത്പര്യങ്ങളും മനസിലാക്കുന്നവര്‍ വേണം അതാത് സ്ഥാനങ്ങളിലേക്ക വരേണ്ടത്. അതുറപ്പാക്കണം. അതിനുള്ള സ്വയം ഭരണാവകാശമുണ്ട് സര്‍വകലാശാലകള്‍ക്ക്. എന്നാല്‍ ഈ ദാസ്യത്തില്‍ കഴിയുന്നതുകൊണ്ടാണ് സര്‍വകലാശാലകള്‍ക്ക് അതിന് സാധിക്കാതെ പോകുന്നത്. ഇപ്പോള്‍ കണ്ണൂര്‍ വി.സിക്ക് പുനര്‍നിയമനം ലഭിക്കുന്നതോടെ അദ്ദേഹത്തിന് പാര്‍ട്ടിയോട് കൂറ് കൂടുകയാണ് ചെയ്യുന്നത്. അങ്ങനെ വരുമ്പോള്‍ പാര്‍ട്ടി നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കണ്ടി വരും.

സ്വീപ്പര്‍ തസ്തിക മുതല്‍ വൈസ് ചാന്‍സലര്‍ തസ്തിക വരെ രാഷ്ട്രീയ നിയമനങ്ങളായി മാറുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത്തരം ദാസ്യത്തില്‍ നിന്ന് സര്‍വകലാശാലകളെ മോചിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.

Content Highlights: Interview with m shajar khan about universities appointment

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023

Most Commented